പനാജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവം വീണ്ടും യുണിസെഫുമായി കൈകോർക്കുകയാണ്. 2022-ൽ ആരംഭിച്ച യുണിസെഫ്ഐ.എഫ്.എഫ്.ഐ സഹകരണം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കുട്ടികളുടെ ലോകത്തെ ചെറിയ അത്ഭുതങ്ങളും അവരുടെ പോരാട്ടങ്ങളും അതിജീവനവുമെക്കെ ജനങ്ങളിലേക്ക് കൂടുതലെത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയായ യുണിസെഫും ചലച്ചിത്രമേളയും ഒരുമിച്ച് പ്രവർത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള കുട്ടികൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുകയും അവരെ ആഘോഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് 56-ാമത് ചലച്ചിത്രമേളയിലെ ഈ പ്രത്യേക വിഭാഗത്തിനായി തിരഞ്ഞെടുത്തത്. കൊസോവോ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് മികച്ച ചിത്രങ്ങളാണ് ഈ വർഷത്തെ ലൈനപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1. ഹാപ്പി ബർത്ത്ഡേ (ഈജിപ്ഷ്യൻ-അറബിക്)
ട്രൈബെക്ക ഫിലിം ഫെസ്റ്റിവൽ 2025-ൽ പ്രദർശിപ്പിക്കുകയും ഈജിപ്തിൽ നിന്നുള്ള ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി തിരഞ്ഞെടുക്കുകയും ചെയ്ത ചിത്രമാണ് ഈജിപ്ഷ്യൻ സംവിധായിക സാറ ഗോഹെറിന്റെ ആദ്യ ചിത്രമായ 'ഹാപ്പി ബർത്ത്ഡേ'. കെയ്‌റോയുടെ പശ്ചാത്തലത്തിൽ, എട്ട് വയസ്സുകാരിയായ വീട്ടുജോലിക്കാരി തോഹ തന്റെ ഉറ്റ സുഹൃത്ത് നെല്ലിക്ക് വേണ്ടി ഒരു മികച്ച ബർത്ത്ഡേ പാർട്ടി നടത്താൻ ശ്രമിക്കുന്നതാണ് കഥ. എവിടെ ജനിച്ചാലും എല്ലാ കുട്ടികൾക്കും അന്തസ്സ്, സമത്വം, അവസരം എന്നിവയോടുള്ള യുണിസെഫിന്റെ മുദ്രാവാക്യത്തോട് നീതി പുലർത്തുന്ന ചിത്രമാണ് ഹാപ്പി ബർത്ത്ഡേ
2. കടൽ കണ്ണി (തമിഴ്)
തമിഴ് സംവിധായകൻ ദിനേശ് സെൽവരാജിന്റെ ചിത്രമാണ് 'കടൽ കണ്ണി'. അനാഥരായ കുട്ടികൾക്ക് സംരക്ഷണവും ആശ്വാസവുമൊക്കെ നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന മാലാഖമാരെയും മത്സ്യകന്യകകളെയുമൊക്കെ വരച്ചുകാട്ടുന്ന ഒരു ലോകമാണ് ദിനേശ് കടൽ കണ്ണിയിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുക. കഷ്ടപ്പാടുകളിലും കുട്ടികളെ മുന്നോട്ട് നയിക്കുന്ന ഭാവനയെ ഈ ചിത്രം വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ഓരോ കുട്ടിക്കും സ്വപ്നം കാണാനും സ്നേഹിക്കപ്പെടാനും ഉള്ള അവകാശത്തെയാണ് ഈ സിനിമയിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
3. പുതുൽ (ഹിന്ദി)
മാതാപിതാക്കളുടെ വിവാഹമോചനത്തിനിടയിൽ അകപ്പെടുന്ന ഏഴ് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രമാണ് രാധേശ്യാം പിപൽവയുടെ 'പുതുൽ'. മനസ്സിൽ ആഴത്തിൽ മുറിവേറ്റ കുട്ടി ഡാമേജ്ഡ് ഗാംഗ് എന്ന് വിളിക്കുന്ന സുഹൃത്തുക്കളിലും പ്രിയപ്പെട്ട മുത്തശ്ശിയിലും ആശ്വാസം കണ്ടെത്തുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിനും സ്നേഹത്തിലും സുരക്ഷിതത്വത്തിലും വളരാനുള്ള അവരുടെ അവകാശങ്ങൾക്കും വില കൽപ്പിക്കണമെന്ന യൂണിസെഫിന്റെ വാദത്തിനോട് ചേർന്ന് നിൽക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
4. ദി ബീറ്റിൽ പ്രോജക്റ്റ് (കൊറിയ)
ചിക്കാഗോയിലെ ഏഷ്യൻ പോപ്പ് അപ്പിൽ പ്രദർശിപ്പിച്ച ജിൻ ക്വാങ്-ക്യോയുടെ ചിത്രമാണ് ദി ബീറ്റിൽ പ്രോജക്റ്റ്. ഉത്തരകൊറിയയിൽ നിന്നുള്ള ഒരു വണ്ട് പ്ലാസ്റ്റിക് ബാഗിൽ അകപ്പെട്ട് ദക്ഷിണ കൊറിയയിലെ ഒരു പെൺകുട്ടിയുടെ കയ്യിലെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കൊറിയൻ അതിർത്തിയുടെ ഇരുവശത്തുമുള്ള കുട്ടികൾക്കിടയിൽ ഈ വണ്ട് കൗതുകവും ആത്മബന്ധവും ഉണ്ടാക്കുന്നു. അനുരഞ്ജനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നൽകുന്ന, സമാധാനത്തിന്റെ മൂല്യം ഉയർത്തിക്കാട്ടുന്നതാണ് ഈ ചിത്രം.
5. ദി ഒഡീസി ഓഫ് ജോയ് (ഫ്രാൻസ്, കൊസോവോ)
കൊസോവൻ സംവിധായകൻ സ്ഗ്ജിം ടെർസിക്കിയുടെ ആദ്യ ചിത്രമായ 'ഒഡീസി ഓഫ് ജോയ്' കെയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2025-ലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. യുദ്ധത്തിൽ പിതാവിനെ കാണാതായ 11 വയസ്സുകാരൻ ലിസിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധാനന്തര കൊസോവോയിലൂടെ സഞ്ചരിച്ച് കുട്ടികളെ രസിപ്പിക്കുന്ന ഒരു ഫ്രഞ്ച് കോമാളി സംഘത്തിൽ ലിസ് ചേരുന്നതോടെ നഷ്ടപ്പെട്ട പ്രതീക്ഷ വീണ്ടെടുക്കാനുള്ള അവന്റെ യാത്ര ആരംഭിക്കുകയാണ്. സംഘർഷങ്ങൾക്കിടയിലും കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദി ഒഡീസി ഓഫ് ജോയ്.
Content Highlights: IFFI 2025 & UNICEF present films on children`s dreams, struggles, and survival. Explore stories from Egypt, India, South Korea & more. Discover resilience & hope.
Published: 19 Nov 2025, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented