
വേദിയിലിരിക്കുന്ന ഋഷഭ് ഷെട്ടി/ കാന്താരയിലെ രംഗം അവതരിപ്പിക്കുന്ന രണ്വീര് സിങ്ങ് | Photo:X
ഗോവ ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിലെ വികലമായ അനുകരണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം രൺവീർ സിങ്ങിന് താത്കാലികാശ്വാസം. താരത്തിനെതിരേ കടുത്ത നടപടികളൊന്നും സ്വീകരിക്കരുതെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. രൺവീർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർദേശം. കേസ് വീണ്ടും മാർച്ച് മൂന്നിന് പരിഗണിക്കും.
അതേസമയം, രൺവീറിനെതിരേ കടുത്ത പരാമർശങ്ങളാണ് ചൊവ്വാഴ്ച കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. 'നിങ്ങൾ രൺവീർ സിങ്ങോ മാറ്റാരെങ്കിലുമോ ആവാം. പക്ഷേ, ഉത്തരവാദിത്തമില്ലാതെ സംസാരിക്കാൻ പറ്റില്ല. അനുകരണത്തിൽ ദുരുദ്ദേശമുണ്ടായിരുന്നോയെന്ന് പരിശോധിക്കും. നടനെന്ന നിലയിൽ താങ്കൾക്ക് ആളുകളിൽ സ്വാധീനംചെലുത്താൻ കഴിയും. ഉത്തരവാദിത്തം കാണിക്കണം. ഒരുദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രേതമെന്ന് വിളിക്കാൻ പാടില്ല. ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താൻ അവകാശമില്ല. താങ്കൾ ക്ഷമാപണം നടത്തി. എന്നാൽ, ക്ഷമാപണംകൊണ്ട് പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ പറ്റുമോ. നടന്മാർ വേദിയിൽ കയറി ഇതൊക്കെ ചെയ്യുമ്പോൾ സംയമനം പാലിക്കണം. അറിവില്ലാതെ ഒന്നും പറയാൻ പാടില്ല. ഇത്ര നിസാരമായി കാര്യങ്ങളെ സമീപിക്കരുത്. സൂപ്പർസ്റ്റാർ നിയമത്തിന് അതീതനല്ല', എന്നായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്നയുടെ പരാമർശം.
തന്റെ വാക്കുകൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനംചെയ്തതാണെന്നായിരുന്നു രൺവീർ സിങ്ങിന്റെ വാദം. ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ വേദനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ച രൺവീർ താൻ സാമൂഹികമാധ്യമങ്ങളിൽ മാപ്പുപറഞ്ഞിരുന്നതായും കൂട്ടിച്ചേർത്തു. 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുകമാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് രൺവീറിന്റെ വാദം.
അതേസമയം, തന്റെ കക്ഷിക്ക് തെറ്റുപറ്റിയെന്ന് രൺവീറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയിൽ ഏറ്റുപറഞ്ഞു. എന്നാൽ, ആരേയും വേദനിപ്പിക്കണമെന്ന ഉദ്ദേശമില്ലെന്നിരിക്കെ നടൻ ക്രിമിനൽ നടപടികൾ നേരിടേണ്ടതുണ്ടോയെന്ന് അഭിഭാഷകൻ ചോദിച്ചു. നടനെന്ന നിലയിൽ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള താരം ദൈവങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രാഥമികമായ അറിവെങ്കിലുമുണ്ടായിരിക്കണമെന്ന് കോടതി മറുപടി നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സിങ്ങാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇതോടെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. വേദിയിൽ രൺവീർ സിങ് പഞ്ചുരുളി ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ച് അവഹേളിച്ചുവെന്നാണ് പരാതി. 'കാന്താര'യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ടി ദൈവത്തെ 'പെൺപ്രേതം' എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Content Highlights: Ranveer Singh gets interim relief from Karnataka High Court in a case related to his controversial mimicry act at the Goa Film Festival. Court to hear again
Published: 24 Feb 2026, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented