പനജി: 'ലഗേ രഹോ മുന്നാഭായ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ രൂപപ്പെടുത്തിയതിന് പിന്നില്‍ തന്റെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നെന്ന് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. 'എഴുത്തും എഡിറ്റിങ്ങും' എന്ന വിഷയത്തെക്കുറിച്ച് മാസ്റ്റര്‍ക്ലാസ് വിഭാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ അക്കാദമിയിലെ വേദിയില്‍ നിറഞ്ഞ സദസ്സിലാണ് പരിപാടി നടന്നത്.

To advertise here,

തന്റെ സിനിമയിലെ പല സംഭവങ്ങളും യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ട്. 'ലഗേ രഹോ മുന്നാഭായ്' എന്ന ചിത്രത്തിലെ മര്യാദയില്ലാത്ത മനുഷ്യന്‍ അയല്‍ക്കാരന്റെ വാതിലിനു പുറത്ത് തുപ്പുന്നതും അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന രംഗത്തിന് പ്രചോദനമായത് യഥാര്‍ഥത്തില്‍ തന്റെ ഭാര്യാമാതാവിന്റെ അനുഭവമാണെന്ന് രാജ്കുമാര്‍ ഹിരാനി വെളിപ്പെടുത്തി.

അവരുടെ വീടിനു മുന്നിലായി ചെറിയപൂന്തോട്ടമുണ്ടായിരുന്നു. ഇവിടേക്ക് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ഒരു സ്ത്രീ അടുക്കള മാലിന്യങ്ങള്‍ പതിവായി വലിച്ചെറിയുമായിരുന്നു. മുട്ടത്തോടുകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, മറ്റു ചപ്പുചവറുകള്‍ എന്നിവയായിരുന്നു ഇങ്ങനെ താഴേക്ക് പതിച്ചിരുന്നത്. ഇത് ദിവസേന സംഭവിച്ചുകൊണ്ടിരുന്നു. ഈ സ്ത്രീയുടെ പ്രവൃത്തിയില്‍ ഭാര്യാമാതാവിന്റെ വീട്ടുജോലിക്കാരി ദിവസവും അവരോട് ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തിട്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല.

തുടര്‍ന്ന് ഒരു ദിവസം ഭാര്യാമാതാവ് തന്റെ പൂന്തോട്ടത്തില്‍നിന്ന് മാലിന്യങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ചു. മുകളിലത്തെ നിലയില്‍ പോയി ബെല്ലടിച്ചു, വാതില്‍ തുറന്ന വീട്ടുടമസ്ഥയ്ക്ക് മാലിന്യം തിരികെ നല്‍കിയിട്ട് 'നിങ്ങളുടെ കുറച്ച് സാധനങ്ങള്‍ എന്റെ മുറ്റത്ത് വീണുപോയിരുന്നു. പേടിക്കണ്ട എല്ലാം ഭദ്രമായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്' എന്ന് സൗമ്യമായി പറഞ്ഞതിന് ശേഷം തിരിച്ചുവന്നു. തൊട്ടടുത്ത ദിവസം മുതല്‍ മാലിന്യം വലിച്ചെറിയുന്നത് നിലച്ചുവെന്ന് ഹിരാനി പറഞ്ഞു. വേദിയിലുണ്ടായിരുന്നവര്‍ കൈയ്യടിയോടെയാണ് പ്രതികരിച്ചത്.

ദേഷ്യപ്പെട്ടപ്പോള്‍ അവര്‍ മാറാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ നന്മയിലൂടെ അത് അവസാനിച്ചു. ഈ സംഭവമാണ് തന്റെ സിനിമയിലെ തുപ്പുന്ന രംഗമായി മാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. ജീവിതത്തില്‍ നിന്നുള്ള ഇത്തരം സംഭവങ്ങളാണ് ചില രംഗങ്ങള്‍ എഴുതാനും അവയെ സിനിമയിലേക്ക് കൊണ്ടുവരാനും സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയുടെ അദൃശ്യ സാന്നിധ്യം

സിനിമയുടെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് രസകരമായ മറ്റൊരു കാര്യവും ഹിരാനി വെളിപ്പെടുത്തി. 'ലഗേ രഹോ മുന്നാഭായ്'യുടെ ആദ്യ എഡിറ്റിങ് പൂര്‍ത്തിയാക്കി പലരെയും കാണിച്ചപ്പോള്‍ തുടര്‍ച്ചയായി ലഭിച്ച ഒരു പ്രതികരണം, 'രണ്ടാം പകുതിയില്‍ ഗാന്ധിജിയെ കാണുന്നില്ല' എന്നതായിരുന്നു. 'ഇതൊരു ഗാന്ധിജിയെക്കുറിച്ചുള്ള സിനിമയാണ്, പക്ഷേ, രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ല' എന്ന പരാതി വ്യാപകമായി ഉയര്‍ന്നു.

ഈ ഘട്ടത്തില്‍ ഗാന്ധിജിയുടെ കഥാപാത്രത്തെ വച്ച് വീണ്ടും ഷൂട്ടിങ് നടത്തുക എന്നത് അസംഭവ്യമായിരുന്നു. അതുകൊണ്ട് തന്നെ എഡിറ്റിങ്ങില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ ഞങ്ങളുടെ ടീം തീരുമാനിച്ചു. അവര്‍ 'ബന്ദേ മേന്‍ ഥാ ദം' (bande mein tha dum) എന്ന ഗാനം കൊണ്ടുവന്നു. ഓരോ നല്ല പ്രവര്‍ത്തി നടക്കുമ്പോഴെല്ലാം ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്തു. സ്വാനന്ദ് കിര്‍കിരെയും വിധു വിനോദ് ചോപ്രയും ആയിരുന്നു ഗാനത്തിന് വരികള്‍ എഴുതിയത്.

എഡിറ്റിങ് ഘട്ടത്തിലെ തീരുമാനത്തിലൂടെ, ഗാന്ധിജിയുടെ അഭാവത്തെ കുറിച്ച് പിന്നീട് ആരും പരാതിപ്പെട്ടില്ല. ഇതൊരു തിരക്കഥാപരമായ തീരുമാനമായിരുന്നില്ലെന്നും എഡിറ്റിങ് സമയത്ത് എടുത്ത തീരുമാനമായിരുന്നെന്നും ഹിരാനി വ്യക്തമാക്കി. എഡിറ്റിങ് ടേബിളിലാണ് ഒരു സിനിമയ്ക്ക് അതിന്റെ യഥാര്‍ഥ അര്‍ഥം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.