56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്നു ഗബ്രിയേൽ മസ്കാരോ സംവിധാനം ചെയ്ത 'ദി ബ്ലൂ ട്രെയിൽ' (The Blue Trail അഥവാ O Último Azul). ബ്രസീലിയൻ-മെക്സിക്കൻ-ചിലി-ഡച്ച് സംയുക്ത നിർമ്മാണമായ ഈ ചിത്രം സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ ജോണറിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ബ്രസീലിയൻ സംവിധായകൻ ഗബ്രിയേൽ മസ്കാരോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

To advertise here,

സാങ്കല്പികമായ സമീപ ഭാവിയിലുള്ള ബ്രസീലിൽ സാമ്പത്തിക ഉൽപ്പാദനക്ഷമത കൂട്ടാൻ 75 വയസ്സിനു മുകളിലുള്ള മനുഷ്യരെ സർക്കാർ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറാൻ നിർബന്ധിക്കുന്നു. അനുസരിക്കാൻ വിസമ്മതിക്കുന്ന 77 വയസ്സുള്ള തെരേസയുടെ കഥയും വിമാനത്തിൽ പറക്കണമെന്നുള്ള ആഗ്രഹം സാക്ഷാത്കരിക്കാനുള്ള അവരുടെ യാത്രയുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഈ ഡിസ്‌റ്റോപ്പിയൻ കാഴ്ചപ്പാടിനിടയിലും ശുഭാപ്തിവിശ്വാസത്തിന്റെ അണയാത്ത വെളിച്ചത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.

വീട്ടുകാരിൽ നിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് അഥവാ വൃദ്ധർക്ക് ഉള്ള കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറാനുള്ള പ്രായപരിധി 80-ൽ നിന്ന് 75 വയസ്സായി കുറക്കുന്ന സ്വേച്ഛാധിപത്യപരമായ ഭരണകൂട തീരമാനത്തിലൂടെയാണ് ചിത്രമാരംഭിക്കുന്നത്. ഈ പ്രായപരിധിയിലുള്ള എല്ലാവരെയും മക്കൾക്ക് ഭാരമായിട്ടും അവരുടെ സാമ്പത്തിക വിജയത്തിന് തടസമായിട്ടുമാണ് അധികാരികൾ കണക്കാക്കുന്നത്.

അതുകൊണ്ടുതന്നെ അധികാരികൾ പ്രായമായവരെ 'സംരക്ഷിക്കണം' എന്ന വ്യാജപ്രചാരണത്തിലൂടെ, അവരെ ഒരു പ്രത്യേക 'കോളനി'യിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. ഈ കോളനിയിലേക്ക് മാറ്റുന്ന ആരെയും പിന്നെ പുറം ലോകത്തുള്ളവർ കാണുന്നില്ല എന്നുള്ളാണ് വസ്തുത.

ആമസോണിലെ ഒരു മുതലയിറച്ചി സംസ്കരണശാലയിൽ ജോലി ചെയ്യുന്ന തെരേസ (ഡെനിസ് വെയ്ൻബെർഗ്) ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അവർ ആരോഗ്യവതിയാണ്, സ്വതന്ത്രയുമാണ്. എങ്കിലും പെട്ടെന്ന് ഈ പ്രോഗ്രാമിൽ അവരും ഭാഗമാകുന്നു. തെരേസ തന്റെ വിധിക്ക് വഴങ്ങാതെ ഒരു വിമാനത്തിൽ പറക്കുക എന്ന തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിക്കാൻ തീരുമാനിക്കുന്നിടത്താണ് കഥ കൂടുതൽ ഉദ്വേഗഭരിതമാകുന്നത്.

തെരേസയുടെ യാത്ര ഒരു 'റോഡ് ട്രിപ്പ്' പോലെയാണ് വികസിക്കുന്നത്. പ്രധാനമായും ആമസോൺ നദികളിലൂടെയും കൈവഴികളിലൂടെയുമുള്ള ജലമാർഗമുള്ള യാത്രയാണ്. അതുവരെ വിമാനയാത്രയ്ക്കായി ഒരായുസ്സ് മുഴുവൻ സമ്പാദിച്ച തുകയുമായി പറക്കാൻ ഇറങ്ങിപുറപ്പെട്ടെങ്കിലും ഈ പുതിയ നിയമം കാരണം അത് നടക്കുന്നില്ല. അങ്ങനെ അവർ അനധികൃതമായി കാഡു (റോഡ്രിഗോ സാന്റോറോ) എന്ന പരുക്കനായ ക്യാപ്റ്റനൊപ്പം ഒരു പഴകിയ ബോട്ടിൽ യാത്ര തിരിക്കുന്നതും അതിനെതുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ഈ യാത്രയിൽ പലപ്പോഴും മാജിക്കൽ റിയലിസത്തിന്റെ അംശങ്ങൾ കടന്നു വരുന്നുണ്ട്. സമൂഹം തള്ളിപ്പറയാൻ തയ്യാറായ പ്രായത്തിൽ എങ്ങനെ ജീവിക്കണമെന്ന് തെരേസയെ പഠിപ്പിക്കുന്ന നിരവധി വ്യക്തികളുമായി അവർ യാത്രയിൽ കണ്ടുമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം. തെരേസയായി വേഷമിട്ട നടി ഡെനെെസ് വെയ്ൻബെർഗിന്റെ പ്രകടനം മികച്ചതായിരുന്നു. ‍

സംവിധായകൻ ഗബ്രിയേൽ മസ്കാരോ തന്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ദൃശ്യങ്ങൾക്ക് മുൻതുക്കം നൽകിയാണ് ബ്ലൂ ടെയിൽസും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ ഗില്ലെർമോ ഗാർസ, ആമസോൺ നദിയുടെ ഗംഭീരമായ ദൃശ്യങ്ങൾ അതിഗംഭീരമായി തന്നെ പകർത്തിയിട്ടുണ്ട്.

ഇതിനുമുൻപ് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബിയർ ഗ്രാൻഡ് ജൂറി സമ്മാനവും ദി ബ്ലൂ ട്രെയിൽ നേടിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 56-ാം പതിപ്പിന് കൊടിയോറുമ്പോൾ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായിരുന്നു ചിത്രം അവസാനിക്കുമ്പോൾ തീയേറ്ററുകളിലെ നിർത്താതെയുള്ള കരഘോഷം.