എഴുത്തുകാരനും സംവിധായകനുമായ ഒഡേ റഷീദിന്റെ മൂന്നാമത്തെ ചിത്രമാണ് സോങ്സ് ഓഫ് ആദം. ഇറാഖ്, നെതര്‍ലാന്‍ഡ്സ്, സൗദി അറേബ്യ, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത നിര്‍മ്മാണമായ ഈ ചിത്രം റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെസൊപ്പൊട്ടേമിയയിലാണ് കഥ നടക്കുന്നത്. 1946 കാലഘട്ടത്തിലാണ് കഥ ആരംഭിക്കുന്നത്. 12 വയസ്സുള്ള ആദമാണ് (അസ്സാം അഹമ്മദ് അലി) കേന്ദ്ര കഥാപാത്രം.
തന്റെ മുത്തച്ഛന്റെ മൃതദേഹം കുളിപ്പിക്കുന്ന ചടങ്ങ് കാണുന്നത് ആദമിന്റെ മനസ്സിനെ ആഴത്തില്‍ ബാധിക്കുന്നുണ്ട്. പെണ്‍കുട്ടിയായതിനാല്‍ ആദമിന്റെ കസിന്‍ ഇമാനെ ഈ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തനിക്ക് ഇനി വളരേണ്ട, പ്രായം കൂടേണ്ട എന്ന് അവന്‍ പ്രതിജ്ഞ എടുക്കുന്നതോടെ നിഗൂഢമായി അവന്റെ പ്രായം കൂടുന്നത് നില്‍ക്കുന്നു. ആദമിന്റെ പ്രായം ആ നിമിഷം മുതല്‍ നിലയ്ക്കുന്നു.
അതേസമയം ആദമിന്റെ ചുറ്റുമുള്ള ആളുകള്‍ കാലത്തിന് കീഴടങ്ങുമ്പോള്‍ അവന്‍ മാത്രം പ്രായം കൂടാതെ നിലകൊള്ളുന്നു. അവന്റെ സഹോദരന്‍ അലി, അച്ഛന്‍, സ്ഥിരം കളിക്കൂട്ടുകാരിയായ ഇമാന്‍ എല്ലാവരും തന്നെ വിട്ടുപിരിയുന്നത് ആദമിന് കാണേണ്ടി വരുന്നു.
ഏഴ് പതിറ്റാണ്ടുകളിലായാണ് ചിത്രത്തിന്റെ കഥ വ്യാപിച്ചു കിടക്കുന്നത്. പല ഗ്രാമവാസികളും ആദം ശപിക്കപ്പെട്ടവനാണെന്നും അവനെ അകറ്റി നിര്‍ത്തണമെന്ന് വാദിക്കുന്നവരുമാണ്. എന്നാലും ഉറ്റ സുഹൃത്തായ അങ്കി എന്ന ഇടയനും ഇമാനും മാത്രം അവന്റെ അവസ്ഥയെ, ഒരു അനുഗ്രഹമായാണ് കാണുന്നത്. ഒരു കുട്ടിയുടെ നിഷ്‌കളങ്കത ആദം നിലനിര്‍ത്തുന്നു. പക്ഷേ പക്വത നേടുന്നതില്‍ അവന്‍ പരാജയമാകുന്നു.
ഇറാഖിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര കൂടിയാണ് സോങ്സ് ഓഫ് ആദം. 1952-ലെ ഇന്‍തിഫാദ, 1963-ലെ അട്ടിമറി (ബാത്ത് പാര്‍ട്ടി ഭരണം തുടങ്ങിയത്), 2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ ഇറാഖി ചരിത്രത്തിലെ നിര്‍ണായക കാലഘട്ടത്തിലൂടെയാണ് ചിത്രം ആദത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
ആദമിന്റെ പ്രായം നിശ്ചലമായതും രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇത് പ്രേക്ഷകര്‍ക്ക് സഹായകരമാണ്. ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനുമിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു രാജ്യമായാണ് ഇറാഖിനെ ചിത്രീകരിച്ചിരിക്കുന്നത്.
ആദമായി നിറഞ്ഞാടിയ അസ്സാം അഹമ്മദ് അലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ, ഇമാനായി അഭിനയിച്ച അലാ നജ്മിന്റെ പ്രകടനം സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. ചിത്രത്തില്‍ മാജിക്കല്‍ റിയലിസം സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന രീതി അതിഗംഭീരമാണ്.
എല്ലാ മേഖലയില്‍ നിന്ന് നോക്കിയാലും സോങ്സ് ഓഫ് ആദം ഒരു മികച്ച ചിത്രമാണ്. പ്രേക്ഷകരുമായി ഇമോഷണല്‍ കണക്ഷനുണ്ടാക്കാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിയുന്നുണ്ട് എന്നുള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
മെല്ലെയുള്ള കഥപറച്ചില്‍ രീതി പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുമെങ്കിലും ഈ ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. സുവര്‍ണമയൂരത്തിനുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ തന്നെ സോങ്‌സ് ഓഫ് ആദം കാണുമെന്ന കാര്യത്തില്‍ സംശയമില്ല.
Content Highlights: Explore `Songs of Adam,` an Iraqi film blending magical realism with historical shifts. Follow Adam`s timeless journey through a nation`s turbulent past.
Published: 24 Nov 2025, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented