പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് (നവംബര്‍ 20) വൈകീട്ട് തുടക്കമാവും. 28 വരെയാണ് മേള. ഉദ്ഘാടന ചടങ്ങുകള്‍ വൈകീട്ട് പനജിയില്‍ നടക്കും. ഇത്തവണ ഔപചാരിക ചടങ്ങുകള്‍ക്ക് പകരം 3.30-ന് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് ഗംഭീരമായ പരേഡോടുകൂടിയാണ് മേളയ്ക്ക് കൊടിയേറുന്നത്. പ്രൊഡക്ഷന്‍ ഹൗസുകളുടെയും വിവിധ സംസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘങ്ങളുടെയും ഫ്‌ളോട്ടുകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും.

To advertise here,

ബ്രസീലിയന്‍ ചിത്രമായ 'ദ ബ്ലൂ ട്രെയില്‍' ആണ് ഉദ്ഘാടന ചിത്രം. ഗബ്രിയേല്‍ മസ്‌കാരോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെടുന്നു. 50-ല്‍ അധികം സിനിമകള്‍ വനിതാസംവിധായകരുടേതായിരിക്കും. കൂടാതെ, 21 ഓസ്‌കാര്‍ എന്‍ട്രികളും 50-ല്‍ അധികം പുതുമുഖസംവിധായകരുടെ സൃഷ്ടികളും 56-ാമത് ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് ചിത്രങ്ങളാണ് മത്സരവിഭാഗത്തലുള്ളത്. ആസിഫ് അലി നായകനായി താമര്‍ കെ.വി. സംവിധാനംചെയ്ത 'സര്‍ക്കീട്ട്', ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ രാജ്കുമാര്‍ പെരിയസാമി സംവിധാനംചെയ്ത തമിഴ് ചിത്രം 'അമരന്‍', സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം 'ഗൊണ്ടാല്‍' എന്നിവയാണ് മത്സരവിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍.

നടന്‍ കൃഷ്ണ ഹെബ്ബാലെയാണ് ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാന്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. 'അമരന്‍' ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദി ചിത്രമായ 'കകോരി' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടനചിത്രം.

'സര്‍ക്കീട്ട്', തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'തുടരും', ജിതിന്‍ ലാലിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആര്‍എം) എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ വിജയികളെ മേളയില്‍ പ്രഖ്യപിക്കും. 799 എന്‍ട്രികളില്‍നിന്ന് 124 പേരെയാണ് തിരഞ്ഞെടുത്തത്.

മാസ്റ്റര്‍ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. അമീര്‍ ഖാന്‍, മുസ്സാഫര്‍ അലി, വിധു വിനോദ് ചോപ്ര, സുഹാസിനി മണിരത്‌നം, ഖുഷ്ബു, വിശാല്‍ ഭരദ്വാജ്, ശേഖര്‍ കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. ജാപ്പനീസ് ചിത്രം 'എ യൂസ്ഫുള്‍ ഗോസ്റ്റ്' ആണ് സമാപന ചിത്രം.

മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായിക/ സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരമുണ്ട്. മലയാളത്തില്‍ നിന്ന് 'സര്‍ക്കീട്ട്' സുവര്‍ണമയൂരത്തിനായി മത്സരിക്കും. മികച്ച നവാഗതര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍നിന്ന് ജിതിന്‍ ലാല്‍ (എആര്‍എം) മത്സരിക്കുന്നുണ്ട്.