
സിബി മലയില്‍, 'കിരീട'ത്തില്‍നിന്ന് | ഫോട്ടോ: മാതൃഭൂമി
പനജി: സംവിധായകന്‍ സിബി മലയിലിന്റെ 1989-ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കിരീടം' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 'റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. റീമാസ്റ്ററിംഗ് പ്രക്രിയയെക്കുറിച്ചും സിനിമകളുടെ സംരക്ഷണത്തെക്കുറിച്ചുമെല്ലാം പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സിബി മലയില്‍ പങ്കുവെച്ചു.
റീമാസ്റ്ററിങ് പ്രക്രിയ
സിനിമയുടെ യഥാര്‍ഥ ക്വാളിറ്റി (ഒറിജിനല്‍ ക്വാളിറ്റി) നിലനിര്‍ത്താന്‍ വേണ്ടിയുള്ള പ്രോസസ് ആണ് റീമാസ്റ്ററിങ്. റിലീസ് സമയത്ത് കണ്ടിരുന്ന അതേ വിഷ്വല്‍സും സൗണ്ടും അങ്ങനെ തന്നെ പ്രിസര്‍വ് ചെയ്യാനാണ് ശ്രമിക്കുന്നത്.
സാധാരണ റീ റിലീസുകളില്‍ തിയേറ്ററുകളില്‍ കാണുന്ന പോലെ ഒരു എന്‍ഹാന്‍സ്ഡ് വേര്‍ഷന്‍ അല്ല റീമാസ്റ്ററിങ്. മറിച്ച് യഥാര്‍ഥ വേര്‍ഷന്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സംരക്ഷണ പ്രക്രിയയാണത്. അന്ന് തിയേറ്ററില്‍ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് അതേ എക്‌സ്പീരിയന്‍സ് കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്.
ഈ പ്രക്രിയയില്‍ എന്‍എഫ്ഡിസിയുടെ ഭാഗത്തുനിന്ന് ഛായാഗ്രാഹകന്‍ ഉണ്ടെങ്കില്‍, അദ്ദേഹത്തെ ഉള്‍പ്പെടുത്തിയായിരിക്കും ഫൈനല്‍ ഔട്ട് എടുക്കുന്നത്. ഡിഒപി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്റെ അംഗീകാരത്തിനായി അയക്കും. പ്രോസസ്സ് കഴിഞ്ഞ ശേഷം സംവിധായകന്‍ അത് കാണുകയും എന്തെങ്കിലും കറക്ഷന്‍സ് ആവശ്യമുണ്ടെങ്കില്‍ അതുംകൂടി ചെയ്ത ശേഷമാണ് ഫൈനല്‍ ഔട്ട് എടുക്കുക.
റീമാസ്റ്ററിങ് സമയമെടുക്കുന്നതും കഠിനവുമായ പ്രക്രിയയാണ്. സാങ്കേതിക വിദഗ്ധരാണ് അത് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും എക്യുപ്‌മെന്റ്സും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നത്. അതിനുശേഷം ഛായാഗ്രാഹകനെക്കൂടി ഉള്‍പ്പെടുത്തി കളര്‍ കറക്ഷന്‍ നടത്തുന്നു.
ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ഒറിജിനല്‍ കളറിലേക്ക് കൊണ്ടുവരാനാണ് സാധാരണ ശ്രമിക്കാറ്. പുതിയ കളര്‍ പാറ്റേണ്‍ കൊടുക്കുന്നത് സിനിമയുടെ ഒറിജിനാലിറ്റിയെ ബാധിക്കും.
ശബ്ദത്തിലെ വെല്ലുവിളികള്‍
സൗണ്ടാണ് റീമാസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രധാനമായും വര്‍ക്ക് ചെയ്യേണ്ടി വരുന്ന ഒരു ഘടകം. പഴയ സിനിമകള്‍ മോണോ സൗണ്ട് ആയിരുന്നതിനാല്‍, ഇന്നത്തെ സറൗണ്ട് സൗണ്ട് സംവിധാനങ്ങള്‍ക്ക് അനുസൃതമായി അതിനെ മാറ്റേണ്ടതുണ്ട്. പുതിയ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കാണുന്ന ഇപ്പോഴത്തെ ജനറേഷനും കൂടി ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ള എന്‍ഹാന്‍സ്‌മെന്റ് കൊമേഴ്ഷ്യല്‍ തിയേറ്റര്‍ റിലീസിന് ഗുണം ചെയ്യും. ചിലപ്പോള്‍ സംഗീതം ഒരിക്കല്‍ക്കൂടെ ചെയ്യേണ്ടി വരും. ചിലപ്പോഴൊക്കെ എഫക്ടുകള്‍ എല്ലാം പുതിയതായി എടുക്കാറുണ്ട്.
മോണോ പ്രിന്റില്‍ സൗണ്ടും മ്യൂസിക്കും എല്ലാം ബ്ലെന്‍ഡ് ചെയ്ത് കിടക്കുന്നതിനാല്‍, സെപ്പറേറ്റ് ചെയ്യാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതുപോലെ വീണ്ടും ഡബ്ബ് ചെയ്താല്‍ യഥാര്‍ഥ ക്വാളിറ്റി നഷ്ടപ്പെടാനും ആര്‍ട്ടിസ്റ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒറിജിനാലിറ്റി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
വീണ്ടും ആ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍
36 വര്‍ഷത്തിനുശേഷം 'കിരീടം' പോലുള്ള സിനിമകള്‍ വലിയ സ്‌ക്രീനില്‍ വീണ്ടും കാണുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ചില പോരായ്മകള്‍ തോന്നിയിട്ടുണ്ട്. 'ആ ഷോട്ട് അങ്ങനെ വേണ്ടായിരുന്നു' എന്നൊക്കെ ചിന്തിക്കാറുണ്ട്. എന്നാല്‍ സാധാരണ ഓഡിയന്‍സിനെ സംബന്ധിച്ചിടത്തോളം ആ സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ കാണാന്‍ സാധിക്കുന്നു എന്നുള്ളതാണ് പ്രധാനം.
നിലവില്‍ 'കിരീടം' പോലെ 'ഭരതം' എന്ന സിനിമയുടെ റീമാസ്റ്ററിംഗ് പ്രോസസുകള്‍ നടന്നു വരികയാണ്. ഞാന്‍ 'ഭരത'ത്തിന്റെ കണ്‍ഫര്‍മേഷന്‍ നല്‍കാനായി അവര്‍ കാത്തിരിക്കുകയാണ്.
അതുപോലെ, 'സമ്മര്‍ ഇന്‍ ബത്ലഹേം' റീ റിലീസിനായി ഒരുക്കിയപ്പോള്‍, ചെറിയ രീതിയില്‍ ലാഗ് തോന്നാതിരിക്കാന്‍ വേണ്ടി രണ്ടോ മൂന്നോ മിനിറ്റിന്റെ കണ്ടെന്റ് മാത്രമാണ് കറക്ഷന്‍ ചെയ്തത്. ഇത്, സിനിമ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചര്‍ച്ചകള്‍ കേട്ടശേഷമാണ് തീരുമാനിച്ചത്.
റീമാസ്റ്ററിങ് vs റീമേക്ക്
ഇന്നത്തെ പുതിയ ജനറേഷന്‍ നമ്മള്‍ ചെയ്ത സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. പഴയ സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് അതൊരു സന്തോഷമാണ്.
പഴയ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. കാരണം, അന്നത്തെ ഒറിജിനല്‍ ആക്ടേഴ്‌സിന്റെ പ്രകടനവും കാര്യങ്ങളുമെല്ലാം അതുപോലെ നിലനിര്‍ത്താന്‍ റീമാസ്റ്ററിങ്ങിലൂടെ സാധിക്കും. ഒരാള്‍ ചെയ്തുവെച്ച കാര്യം പകര്‍ത്തുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അതുതന്നെ നല്ല രീതിയില്‍ വീണ്ടും കാണിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് ഇത്തരം റിമാസ്റ്ററുകള്‍ വളരെ നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
Content Highlights: Director Sibi Malayil discusses the remastering process of `Kireedam`, emphasizing its importance in preserving cinematic quality over remakes and finding minor flaws
Published: 27 Nov 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented