
ആദ്യം കേൾക്കുകയായിരുന്നു ആ പാട്ട്. അനുപദം ജോൺസൺ സ്പർശം നിറഞ്ഞുനിന്ന ഗ്രാമ്യഭംഗിയാർന്ന പ്രണയഗാനം.
"മേടപ്പൊന്നോടം കയ്യെത്തുന്നേടം
കന്നിക്കൈനീട്ടം പോലെ
കുളിരോലും കിനാവിലേതോ
ഗാനഗന്ധർവൻ തേടും
പൊൻകിരീടം പോൽ..."
തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലെ മുറിയിലിരുന്ന് പാട്ടിന്റെ പല്ലവി പാടിക്കേൾപ്പിച്ച ശേഷം ജോൺസൺ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: "ഭാഗ്യമില്ലാതെ പോയി ഈ പാട്ടിന്. ശ്രദ്ധിക്കപ്പെടേണ്ട ഒന്നായിരുന്നു. എന്തുചെയ്യാം? സിനിമയിൽനിന്ന് അവസാനനിമിഷം ഒഴിവാക്കപ്പെട്ടു അത്."
സിനിമ ഏതെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി: ‘കിരീടം.’ സൂപ്പർ ഹിറ്റായി മാറിയ കൈതപ്രം- ജോൺസൺ ടീമിന്റെ "കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി"ക്കും മുൻപേ മറ്റൊരു ഗാനം അതേ പടത്തിന് വേണ്ടി റെക്കോർഡ് ചെയ്തുവെന്നത് പുതിയ അറിവായിരുന്നു അന്ന്. "റെക്കോർഡ് ചെയ്യുക മാത്രമല്ല, ഷൂട്ട് ചെയ്യുകയും ചെയ്തതാണ്. മോഹൻലാലും പാർവതിയും തമ്മിലുള്ള പ്രണയം എസ്റ്റാബ്ലിഷ് ചെയ്യുന്ന പാട്ട്. ലോഹിയുടെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന സിറ്റുവേഷനാണ്." - ജോൺസൺ.
ഗായകന്റെ പേരറിഞ്ഞപ്പോൾ വീണ്ടും അത്ഭുതം: ബാലഗോപാലൻ തമ്പി. പഠിക്കുന്ന കാലം മുതലേ ഗാനമേളവേദികളിലും ആകാശവാണിയിലും കേട്ട് മനസ്സിൽ പതിഞ്ഞ ശബ്ദത്തിന്റെ ഉടമ. എന്നാൽ, സമകാലീനരായ പല പാട്ടുകാരും പ്രശസ്തിയുടെ പടവുകൾ കയറിപ്പോയപ്പോൾ സിനിമയുടെ പുറമ്പോക്കിൽ ഒതുങ്ങിപ്പോയി തമ്പി. കഴിവ് മാത്രമല്ല ഭാഗ്യം കൂടി വേണമല്ലോ സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ. തമ്പിയുടെ ജീവിതത്തിലെ നിർഭാഗ്യങ്ങളുടെ ഘോഷയാത്രയിൽ ‘കിരീട’ത്തിലെ ഈ നഷ്ടഗാനവുമുണ്ട്. കയ്യെത്തും ദൂരെ വന്നെത്തി മോഹിപ്പിച്ചു ‘കടന്നുകളഞ്ഞ’ പാട്ട്.
ബാല്യകാല സുഹൃത്തും ഉദ്യോഗമണ്ഡൽ സ്‌കൂളിൽ സഹപാഠിയുമായിരുന്ന ദിനേശ് പണിക്കർ വഴി കൈവന്നതാണ് ‘കിരീട’ത്തിൽ പാടാനുള്ള അവസരം. പടത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു പണിക്കർ. ബാലഗോപാലൻ തമ്പിയെക്കൊണ്ട് പാടിക്കാൻ ജോൺസൺ മാസ്റ്റർക്കും സന്തോഷം. വർഷങ്ങളായുള്ള അടുപ്പമാണ് തമ്പിയുമായി. സംഗീതജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ തൃശൂരിലെ ഗാനമേള സംഘത്തിൽ ജോൺസണുമായി ഒരുമിച്ചു പ്രവർത്തിച്ച ചരിത്രമുണ്ട് തമ്പിക്ക്. ഗാനമേളാവേദിയിലെ ജനപ്രിയ ശബ്ദമായിരുന്നു അക്കാലത്ത് തമ്പി.
ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ‘കിരീട’ത്തിലെ പാട്ടിന്റെ റെക്കോർഡിംഗ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന മോഹൻലാൽ പടത്തിൽ കൈതപ്രം- ജോൺസൺ ടീമിന് വേണ്ടി പാടുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. "വലിയ പ്രതീക്ഷയോടെയാണ് പാട്ട് പാടി നാട്ടിലേക്ക് തിരിച്ചുപോന്നത്. പക്ഷേ, സിനിമ വന്നപ്പോൾ എന്റെ പാട്ട് അതിലുണ്ടായിരുന്നില്ല. വലിയ സങ്കടം തോന്നി."-പാട്ട് സിനിമയിൽ വന്നിരുന്നെങ്കിൽ തന്റെ തലക്കുറി തന്നെ മാറിപ്പോയേനേ എന്ന് വിശ്വസിക്കുന്നു തമ്പി.
സിനിമയുടെ ദൈർഘ്യം കൂടിപ്പോയതാണ് അവസാനനിമിഷം പാട്ട് ഒഴിവാക്കാനുള്ള കാരണങ്ങളിൽ ഒന്നെന്ന് സിബി വിശദീകരിച്ചു കേട്ടത് അടുത്തിടെയാണ്. പ്രായശ്ചിത്തമെന്നോണം അടുത്ത ചിത്രമായ ‘മാലയോഗ’ത്തിൽ തമ്പിക്ക് വീണ്ടും പാടാൻ അവസരം നൽകി സിബി. കൈതപ്രവും മോഹൻ സിതാരയും ചേർന്നൊരുക്കിയ ‘പൂത്തുമ്പി പൂങ്കഴുത്തിൽ’ ഇറങ്ങിയ കാലത്ത് ഹിറ്റായ പാട്ടായിരുന്നു. പിന്നേയും കുറച്ചു പടങ്ങളിൽ കൂടി പാടി തമ്പി. ചില പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘നെറ്റിപ്പട്ട"ത്തിലെ ചോതിക്കൊഴുന്നേ, ഹരിയും ശ്രീയും (ബിച്ചു തിരുമല -- ജോൺസൺ), പപ്പൻ പ്രിയപ്പെട്ട പപ്പനിലെ ‘കാലനില്ലാ കാലത്തൊരു" (ആർ.കെ. ദാമോദരൻ- ആലപ്പി രംഗനാഥ്) എന്നിവ ഉദാഹരണം. രാധിക തിലക്കിന്റെ ആദ്യകാല ഗാനങ്ങളിൽ ഒന്നായ ‘ചെപ്പുകിലുക്കണ ചങ്ങാതി’യിലെ ചന്ദനം പെയ്തു (ബിച്ചു- ജോൺസൺ) ആണ് മറ്റൊരു നല്ല ഓർമ്മ.
1970-കളുടെ ഒടുവിൽ പിന്നണി ഗായകനായി അരങ്ങേറിയതാണ് ബാലഗോപാലൻ തമ്പി. ആദ്യം പാടിയത് പാതിരാപ്പക്ഷി (1979) എന്ന ചിത്രത്തിൽ. രവീന്ദ്രൻ മാസ്റ്ററായിരുന്നു സംഗീത സംവിധായകൻ. ‘ചൂള’യ്ക്ക് ശേഷം രവീന്ദ്ര ഗാനങ്ങളുമായി പുറത്തുവരേണ്ടിയിരുന്നതായിരുന്നു തൃക്കുന്നപ്പുഴ വിജയകുമാറിന്റെ 'പാതിരാപ്പക്ഷി’. നിർഭാഗ്യവശാൽ പടം വെളിച്ചം കണ്ടില്ല. ആ സിനിമക്ക് വേണ്ടി റെക്കോർഡ് ചെയ്ത ‘കവിതകൾ വിളയും കാവുകൾ’ എന്ന തമ്പിയുടെ ഗാനം ഏഴു വർഷം കഴിഞ്ഞു പുറത്തുവന്ന വിജയകുമാറിന്റെ തന്നെ ‘പൗർണ്ണമിരാത്രിയിൽ’ എന്ന പടത്തിലാണ് പിൽക്കാലത്ത് മലയാളികൾ കേട്ടത്.
മുപ്പത്തേഴ് വർഷത്തെ ഇടവേളക്ക് ശേഷം പുതിയ കാലത്തിന്റെ സാങ്കേതികത്തികവുമായി ‘കിരീടം’ വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ കൈവിട്ട ഭാഗ്യത്തിന്റെ കഥ ബാലഗോപാലൻ തമ്പി ഓർത്തുപോകുന്നത് സ്വാഭാവികം. "കാലത്തിന് പോലും മായ്ച്ചുകളയാൻ പറ്റാത്ത ചില വേദനകൾ ഉണ്ടാകുമല്ലോ ജീവിതത്തിൽ. അത്തരമൊരു ഓർമ്മയാണ് എനിക്കാ ഗാനം." -- തമ്പിയുടെ വാക്കുകൾ.
Content Highlights: As the iconic Malayalam movie Kireedam gears up for a theatrical re-release after 37 years, veteran playback singer Balagopalan Thampi reminisces about the heartbreak of losing a beautifully recorded and shot romantic song composed by Johnson Master, which was cut from the final film due to length constraints.
Published: 07 Jul 2026, 10:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented