ചിത്രത്തിന്റെ സ്ക്രീനിങ് കാണാൻ മോഹൻലാൽ എത്തിയേക്കും

4കെ റെസ്റ്റോറേഷൻ ചെയ്ത കിരീടത്തിന്റെ പതിപ്പിൽ നിന്ന്
പനജി: എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലൊന്നായ 'കിരീടം' 4കെ ദൃശ്യ നിലവാരത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സിനിമകളുടെ സംരക്ഷണം, റെസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎഫ്ഡിസി) മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദമാണ് ഇക്കാര്യം അറിയിച്ചത്.
മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'ഭരതം' ഉൾപ്പെടെയുള്ള ക്ലാസിക് ചിത്രങ്ങളുടെ ഫിലിം റെസ്റ്റോറേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കിരീടം, ഭരതം എന്നിവ മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഐക്കോണിക് സിനിമകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'കിരീട'ത്തിന്റെ റെസ്റ്റോറേഷൻ പൂർത്തിയായിട്ടുണ്ട്. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നവംബർ 26-ന് സ്പെഷ്യൽ സ്ക്രീനിങ്ങായാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തെ ചലച്ചിത്രമേളയിലെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ മോഹൻലാലിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് മഗ്ദം പറഞ്ഞു.
'ഭരത’ത്തിന്റെ എന്ന സിനിമയുടെ ഫിലിം റെസ്റ്റോറേഷൻ അവസാനഘട്ടത്തിലാണ്. ഉടനെ ഇതും പൂർത്തിയാക്കാനാകും. മേൽനോട്ടം വഹിക്കുന്നതിനായി സിനിമയുടെ നിർമ്മാതാവുമായും സംവിധായകൻ സിബി മലയിലുമായും എൻഎഫ്ഡിസി നിരന്തരം സഹകരിക്കുന്നുണ്ടെന്നും പ്രകാശ് മഗ്ദം അറിയിച്ചു.
'ഇന്ത്യൻ സിനിമയുടെ ചരിത്രത്തെ വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിൽ എൻഎഫ്ഡിസിയും നാഷണൽ ഫിലിം ആർക്കൈവും വലിയ പങ്ക് വഹിക്കുന്നുണ്ട്. പഴയ കാലത്തെ സാഹചര്യങ്ങളും സംസ്കാരവും യുവതലമുറയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ, റീസ്റ്റോർ ചെയ്ത ചിത്രങ്ങൾ 4കെ അല്ലെങ്കിൽ 8കെ ദൃശ്യനിലവാരത്തിൽ ലഭ്യമാക്കുക എന്നതാണ് എൻഎഫ്ഡിസിയുടെ ലക്ഷ്യം'-അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രം വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും നാഷണൽ ഫിലിം ആർക്കെവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭാരത സർക്കാരിന്റെ നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ (എൻഎഫ്എച്ച്എം) പദ്ധതിയുടെ കീഴിൽ മലയാളം, ഹിന്ദി, തമിഴ് ഉൾപ്പെടെ എല്ലാ ഭാഷകളിലുമുള്ള 5,000-ലധികം ഫീച്ചർ, നോൺ-ഫീച്ചർ സിനിമകൾ റെസ്റ്റോറേഷൻ ചെയ്യുന്നുണ്ട്.
ഫിലിം റെസ്റ്റോറേഷൻ എന്നാൽ സിനിമയെ അതിന്റെ യഥാർത്ഥ രൂപത്തോട് ഏറ്റവും അടുത്ത് കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, 'കിരീടം' 1989-ൽ പുറത്തിറങ്ങിയപ്പോൾ എങ്ങനെയായിരുന്നുവോ, അതുപോലെയാക്കുകയാണ് ലക്ഷ്യം. കാലപ്പഴക്കം കാരണം ചിത്രത്തിലും ശബ്ദത്തിലും മറ്റും ഉണ്ടാകുന്ന കേടുപാടുകൾ, നിറം മങ്ങൽ എന്നിവ നീക്കം ചെയ്യും. എന്നാൽ യഥാർത്ഥ സിനിമയിൽ മാറ്റങ്ങൾ വരുത്തുന്നില്ല.
ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫിയെയും (ഛായാഗ്രാഹകൻ) സംവിധായകനെയും സഹകരിപ്പിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്. സിനിമയെ അതിന്റെ യഥാർത്ഥ അവസ്ഥയിൽ നിലനിർത്തുകയാണ് ലക്ഷ്യമെന്നതിനാൽ ശബ്ദം പുനഃസ്ഥാപിക്കുമ്പോൾ ഡോൾബി അറ്റ്മോസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റീമിക്സ് ചെയ്യാറില്ല.
ദേശീയ അവാർഡ് നേടിയ, നിരൂപക പ്രശംസ നേടിയ, അന്തർദേശീയ പ്രശംസ നേടിയ സിനിമകൾക്കാണ് നിലവിൽ എൻഎഫ്ഡിസി റെസ്റ്റോറേഷൻ ചെയ്യാൻ മുൻഗണന നൽകുന്നതെന്നും മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദം വ്യക്തമാക്കി.
Content Highlights: Mohanlal's 'Kireedam' to Screen in Stunning 4K Quality at IFFI; NFDC MD Reveals Restoration of Classics including 'Bharatham' on the Way
Published: 23 Nov 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented