
തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും, തരുണ്‍ മൂര്‍ത്തി | Photo: Mathrubhumi
പനജി: സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് ഇത് ഐഎഫ്എഫ്‌ഐയിലേക്കുള്ള രണ്ടാമത്തെ വരവാണ്. ആദ്യം 'സൗദി വെള്ളക്ക' എന്ന സിനിമയുമായിട്ടാണ് വന്നതെങ്കില്‍ ഇത്തവണ 'തുടരും' എന്ന ചിത്രവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഐഎഫ്എഫ്‌ഐയുടെ ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിന് തുല്യമാണെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.
'തുടരും' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നടന്‍ മോഹന്‍ലാലുമായി വീണ്ടും ഒന്നിക്കുമെന്ന സൂചനകള്‍ തരുണ്‍ മൂര്‍ത്തി നല്‍കി. മോഹന്‍ലാലുമായിട്ടുള്ള സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
'സിനിമ ചെയ്യാനുള്ള കമ്മിറ്റ്‌മെന്റ് ആയിട്ടുണ്ട്. എന്നാല്‍, മോഹന്‍ലാല്‍ പ്രൊജക്റ്റിന് മുന്‍പ് എനിക്ക് തീര്‍ക്കേണ്ട രണ്ടുചിത്രങ്ങളുണ്ട്. ഒന്ന് ഫഹദുമായിട്ടുള്ള 'ടോര്‍പ്പിഡോ'. മറ്റൊന്ന് പൃഥ്വിരാജുമായി ചെയ്യുന്ന 'ഓപ്പറേഷന്‍ കംബോഡിയ'. ഈ രണ്ടു സിനിമകള്‍ക്ക് ശേഷമായിരിക്കും മോഹന്‍ലാല്‍ സാറുമായുള്ള പ്രൊജക്ടിന്റെ കാര്യങ്ങള്‍ മുന്നോട്ട് പോവുക', തരുണ്‍ മൂര്‍ത്തി പറയുന്നു.
നിലവില്‍ ലാല്‍ സാറുമായുള്ള ചിത്രത്തിന്റെ സബ്‌ജെക്ടിന്റെ ചര്‍ച്ചയും എഴുത്തും നടക്കുന്നുണ്ട്. 'തുടരും' സിനിമയുടെ നിര്‍മാതാവ് എം. രഞ്ജിത്ത് തന്നെ ആണ് നിര്‍മിക്കുക.
'സൗദി വെള്ളക്ക'യ്ക്ക് ലഭിച്ച ആരവം
'സൗദി വെള്ളക്ക'യുടെ സമയത്ത് അനുഭവപ്പെട്ട ആവേശം തരുണ്‍ മൂര്‍ത്തി ഓര്‍ത്തെടുത്തു. അന്ന് തിയേറ്ററില്‍ നിന്ന് ഇറങ്ങാന്‍ പറ്റാത്ത രീതിയിലുള്ള ജനക്കൂട്ടമുണ്ടായിരുന്നു. ആളുകളുടെ സ്റ്റാന്‍ഡിങ് ഓവേഷന്‍സ്, കെട്ടിപ്പിടിത്തങ്ങള്‍, ഉമ്മയുടെ കഥാപാത്രത്തോടുള്ള സ്‌നേഹം, ടീമിനുള്ള അഭിനന്ദനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു സിനിമ കഴിഞ്ഞയുടനെ അടുത്ത ചിത്രവും ഫെസ്റ്റിവലിലേക്ക് എത്തുന്നത് ഫിലിം മേക്കര്‍ എന്ന നിലയില്‍ അഭിമാനമാണ്.
റെഡ് കാര്‍പ്പറ്റ് അനുഭവം
ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം സ്വന്തം സിനിമയുമായി റെഡ് കാര്‍പെറ്റിലൂടെ നടക്കുന്നത് അഭിമാനകരമായ അനുഭവമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇത്തവണ താനും മുഴുവന്‍ ടീമും റെഡ് കാര്‍പെറ്റിലെത്തി. ലാല്‍ സാറും ശോഭന മാമും ഒഴികെ പ്രകാശ് വര്‍മ, ബിനു, രഞ്ജിത്തേട്ടന്‍, സുനില്‍ ചേട്ടന്‍, ഷാജിച്ചേട്ടന്‍, വിഷ്ണു ഗോവിന്ദ്, ജേക്‌സ് ബിജോയ്, ഡയറക്ഷന്‍ ടീം, തന്റെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള വലിയൊരു സംഘവുമായാണ് റെഡ് കാര്‍പ്പെറ്റില്‍ എത്തിയതെന്നുള്ളത് അഭിമാനമായി കാണുന്നു.
ഫെസ്റ്റിവലില്‍ എല്ലാവരെയും കൊണ്ടുപോവണമെന്ന് ഞാന്‍ തന്നെയാണ് നിര്‍ബന്ധിച്ച് പറഞ്ഞത്. 'തുടരും ' ഇന്‍ഡസ്ട്രി ഹിറ്റായി നില്‍ക്കുന്ന സമയമാണിത്. തീയേറ്ററുകളില്‍ മലയാളികളെ ഏറെ ആകര്‍ഷിച്ച സിനിമയാണിത്. ഇന്ത്യന്‍ പനോരമയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളും ഇവിടെ എത്താന്‍ അര്‍ഹതയുള്ളവരാണ്.
സംഘത്തിലെ ഓരോരുത്തരെയും കൈപിടിച്ച് റെഡ് കാര്‍പ്പറ്റിലൂടെ നടന്നു വരുന്നത് ഒരു ഫിലിം മേക്കര്‍, ഭര്‍ത്താവ്, മകന്‍, അല്ലെങ്കില്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്. ഷാജി ചേട്ടന് ഇത്രയും വര്‍ഷത്തെ അനുഭവമുണ്ടായിട്ടും ഫിലിം ഫെസ്റ്റിവലില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ സാന്നിധ്യമാണ്. ജേക്‌സ് ബിജോയ് ചെയ്ത പടങ്ങള്‍ മുന്‍പ് മേളയില്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹം ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. എല്ലാംകൊണ്ടും ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയ പ്രതീതിയാണ് എനിക്കുള്ളത്- തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlights: Director Tharun Moorthy confirms new movie with Mohanlal. Discussions underway for the project, produced by M. Renjith
Published: 25 Nov 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented