ന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സൗളി ബിവൈറ്റയുടെ 'ടോക്‌സിക്' ലിത്വാനിയന്‍ പട്ടണത്തിലെ കൗമാര ജീവിതത്തിന്റെ ഭീകരമായ യാഥാര്‍ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സിനിമയാണ്. സൗളിയുടെ അരങ്ങേറ്റ ചിത്രമാണെങ്കില്‍കൂടിയും വളരെ വ്യത്യസ്തമായ കഥപറച്ചില്‍ രീതിയാണ് ഈ സിനിമയ്ക്കായി അവര്‍ തിരഞ്ഞെടുത്തത്. പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന നിരവധി രംഗങ്ങളുണ്ട് ടോക്‌സിക്കില്‍. എങ്കിലും സിനിമയില്‍ പറയുന്ന കഥയില്‍ ഇത്തരം രംഗങ്ങളുടെ ആവശ്യകതയുണ്ട് എന്നതാണ് സത്യം.

To advertise here,

ഗ്ലാമറിന്റെ പൊള്ളയായ വാഗ്ദാനങ്ങളാല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പ്രാദേശിക മോഡലിംഗ് അക്കാദമിയുടെ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്. അപ്രാപ്യമെന്ന് തോന്നിക്കുന്ന സൗന്ദര്യനിലവാരത്തിന്റെയും സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ടോക്‌സിക് ആയുള്ള സൗന്ദര്യസങ്കല്‍പ്പ ലോകത്തെയും ഈ സിനിമ ഒട്ടും മടിക്കാതെ തുറന്നു കാട്ടുന്നു.

ശാരീരിക വൈകല്യമുള്ള 13 വയസ്സുള്ള മരിജയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അതിജീവനത്തിന്റെയും സ്വയം നശീകരണത്തിന്റെയും വളരെ ഗൗരവകരമായ കഥ ചെറിയ നര്‍മത്തിലൂടെയാണ് സൗളി പറഞ്ഞുവെക്കുന്നത്. വൈറ്റൗട്ടാസ് കട്കസിന്റെ ഛായാഗ്രഹണം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വളരെ മികച്ച രീതിയില്‍ ഓരോ കഥാപാത്രങ്ങളുടെ വികാരങ്ങളും ഭാവമാറ്റങ്ങളും അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്.

മരിജയും ക്രിസ്റ്റീനയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ടോക്സിക്. അമ്മ ഉപേക്ഷിച്ചുപോയ പതിമൂന്നുകാരിയായ മരിജ മുത്തശ്ശിയോടൊപ്പം ഒരു വ്യാവസായിക നഗരത്തിലാണ് താമസം. അവിടത്തെ ജീവിത രീതികളുമായി അവള്‍ക്ക് ഒരു തരത്തിലും പൊരുത്തപ്പെടാനാകുമായിരുന്നില്ല. സമപ്രായക്കാരിയായ ക്രിസ്റ്റീനയുമായി അവള്‍ സൗഹൃദത്തിലാകുന്നു. ഇരുവരും ഒരു പ്രാദേശിക മോഡലിംഗ് സ്‌കൂളില്‍ ചേരുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ നടക്കുന്ന അത്ര സുഖകരമല്ലാത്ത മോഡലിങ്ങിന്റെ ഇരുണ്ട വശത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗോള്‍ഡന്‍ ലെപ്പേര്‍ഡ്, സ്വാച്ച് ഫസ്റ്റ് ഫീച്ചര്‍ അവാര്‍ഡ്, എക്യുമെനിക്കല്‍ ജൂറി പ്രൈസ്, ലൊകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2024 എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രത്തെ സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.