
വൻ മുതൽമുടക്കിൽ വരുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ഹോളിവുഡ് ചിത്രങ്ങൾ കണ്ട് കണ്ണുമിഴിച്ചിരുന്നിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. അത്തരം ചിത്രങ്ങൾക്ക് പ്രത്യേക ആരാധകരുമുണ്ട്. ഇന്ത്യൻ ഭാഷയിൽ എന്നെങ്കിലും ഇതുപോലൊന്ന് ആഗ്രഹിച്ചുകൊണ്ടാവും പലരും ആ സിനിമകൾ കണ്ടുതീർക്കുക. ഇതാ നിങ്ങളുടെ ആ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് നാഗ് അശ്വിനും സംഘവും, കൽക്കി 2898 എഡി എന്ന ചിത്രത്തിലൂടെ.
മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിൻ പ്രേക്ഷകർക്കുമുന്നിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. കാശി, ശംഭാല, കോംപ്ലക്സ് എന്നിങ്ങനെ മൂന്നിടത്തായാണ് കഥ നടക്കുന്നത്. ഇന്ത്യയിലെ ആദ്യ നഗരമാണ് കാശി. ആ കാശി ഇന്ന് ഭൂമിയിൽ ഏറ്റവും ഒടുവിൽ നശിച്ച സ്ഥലമായിരിക്കുന്നു. കാശിയിൽ ആകാശംമുട്ടുന്ന സ്തൂപം കണക്കേയുള്ള, വരേണ്യവിഭാഗം മാത്രം താമസിക്കുന്ന രാജ്യമാണ് കോംപ്ലക്സ്. കോംപ്ലക്സിനെതിരെ പോരാടുന്ന റിബലുകളുടെ നാടാണ് ശംഭാല.
കഥ നടക്കുന്ന മൂന്നിടങ്ങൾ മുതൽ തുടങ്ങുന്നു കൽക്കിയുടെ വിസ്മയലോകം. ഭൂമിയിലുണ്ടായിരുന്ന, മനുഷ്യർ ഉപയോഗിച്ചിരുന്ന സകല വിഭവങ്ങളും ഉള്ള കോംപ്ലക്സ് ഒരു സ്വപ്നഭൂമികയായാണ് നാഗ് അശ്വിൻ വിഭാവനം ചെയ്തിരിക്കുന്നത്. നല്ല വെള്ളവും ഭക്ഷണവും സകല സൗകര്യങ്ങളുള്ള ഇവിടെയെത്താനാണ് ഓരോ കാശിക്കാരും ശ്രമിക്കുന്നത്. സാധനസാമഗ്രികളുടെ വിനിമയത്തിന് പണത്തിന് പകരം യൂണിറ്റുകളാണ് കൈമാറേണ്ടത്. അടിമുടി ദുരൂഹത നിറഞ്ഞ യാസ്കിൻ എന്നയാളാണ് ഇതിന്റെയെല്ലാം പരമാധികാരി. അയാളുടെ ലക്ഷ്യത്തിനെതിരെയാണ് ശംഭാലക്കാർ സായുധ വിപ്ലവത്തിനൊരുങ്ങുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ടെക്നിക്കിൽ ബ്രില്ല്യന്റ് എന്നുവിശേഷിപ്പിക്കാൻ പോന്ന സംഗതികൾ ഒരുക്കിവെച്ചിട്ടുണ്ട് നാഗ് അശ്വിനും കൂട്ടരും.
താരപ്രകടനങ്ങളിലേക്കുവന്നാൽ അശ്വത്ഥാമാവായി അമിതാഭ് ബച്ചനെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംവിധായകൻ. ഒരുവേള ചിത്രത്തിലെ നായകൻ ബിഗ് ബിയാണോ എന്ന് ചോദിച്ചാലും തെറ്റുപറയാനാവില്ല. സംഘട്ടനരംഗങ്ങളിലുൾപ്പെടെ ഈ പ്രായത്തിലും അദ്ദേഹം എടുത്തിരിക്കുന്ന റിസ്കിനെ എഴുന്നേറ്റുനിന്ന് കയ്യടിച്ചേ മതിയാവൂ. ഭൈരവ എന്ന കഥാപാത്രമായെത്തിയ പ്രഭാസും പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നുണ്ട്. ഭൈരവയും ബുജിയും ചേർന്നുള്ള രംഗങ്ങൾ ഒരേസമയം രസകരവും ഹോളിവുഡ് നിലവാരം പുലർത്തുന്നവയുമാണ്. യാസ്കിൻ ആയെത്തി ഞെട്ടിക്കുന്നുണ്ട് ഉലകനായകൻ കമൽഹാസൻ. രൂപത്തിൽ മാറ്റം വരുത്തി സ്ക്രീനിലെത്തി കയ്യടിവാങ്ങുന്ന പതിവ് ഇക്കുറിയും കമൽ തെറ്റിച്ചിട്ടില്ല. സുമതി എന്ന നായിക വേഷത്തിലെത്തി ദീപിക പദുക്കോൺ പക്വതയാർന്ന പ്രടനമാണ് കാഴ്ചവെച്ചത്. ശാശ്വത ചാറ്റർജി, ശോഭന, അന്ന ബെൻ, പശുപതി, രാജേന്ദ്ര പ്രസാദ്, ദിഷ പഠാണി എന്നിവരുടെ കഥാപാത്രങ്ങളും സിനിമയിൽ വെറുതെ വന്നുപോകുന്നവരല്ല.
സ്ക്രീനിന് മുന്നിലും പിന്നിലും ചില സർപ്രൈസുകളൊരുക്കി അദ്ഭുതപ്പെടുത്തുന്നുണ്ട് ടീം കൽക്കി. അതിൽ എടുത്തുപറയേണ്ട ഒന്നാണ് സന്തോഷ് നാരായണൻ ഒരുക്കിയ സംഗീതം. പ്രത്യേകിച്ച് പശ്ചാത്തലസംഗീതം. സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തുന്നതാണ് സനായുടെ സംഗീതവിഭാഗം. തമിഴിലെ കട്ട ലോക്കൽ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ്, അല്ലെങ്കിൽ യഥാർത്ഥ മുഖമാണ് കൽക്കിയിൽ കാണാനാവുക. അന്താരാഷ്ട്ര നിലവാരമുള്ളത് എന്നുതന്നെ സന്തോഷ് നാരായണന്റെ സംഗീതവിഭാഗത്തെ പറയാം.
മഹാനടി സംവിധാനം ചെയ്ത നാഗ് അശ്വിൻതന്നെയാണോ ഇതുപോലൊരു ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. കാരണം ഓരോ മേഖലയിലേയും ഏറ്റവും മികച്ച ആളുകളെ അവർക്കുള്ളിലെ ഏറ്റവും മികച്ചതിനെയാണ് കൽക്കിയിലൂടെ നാഗ് അശ്വിൻ പുറത്തെത്തിച്ചിരിക്കുന്നത്. പലപ്പോഴും ചില അന്യഭാഷാ സിനിമകൾ ഇറങ്ങുമ്പോൾ പരസ്യവാചകം പോലെ പറയാറുണ്ട് ഹോളിവുഡ് സ്റ്റൈൽ എന്ന്. സ്റ്റാർ വാർ പോലെ, മാഡ് മാക്സ് പോലെ ഡ്യൂൺ പോലൊരു ചിത്രം നമുക്കുമുണ്ടെന്ന് ഇനി സിനിമാ ലോകത്തോടുതന്നെ നമുക്ക് വിളിച്ചുപറയാം. അതെ, ഇതാ ഒരു പാൻ ഗ്ലോബൽ സിനിമ പിറന്നിരിക്കുന്നു.
Content Highlights: kalki 2898 ad review iffi 2024 indian panorama
Published: 15 Nov 2024, 06:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented