55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തത് മ്യൂസിക്കൽ ബയോപിക്കായ ഇം​ഗ്ലീഷ് ചിത്രം 'ബെറ്റർ മാൻ' ആണ്. പ്രേക്ഷകർക്ക് ഒരു പുതിയ ചലച്ചിത്ര അനുഭവം സമ്മാനിക്കുന്നതായിരുന്നു മൈക്കൽ ഗ്രേയ്സി സംവിധാനം ചെയ്ത ഈ ചിത്രം. ബ്രിട്ടീഷ് പോപ്പ് സൂപ്പർസ്റ്റാറായ റോബി വില്യംസിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബെറ്റർ മാൻ. കലയ്ക്കു മുകളിൽ പ്രശസ്തി മാത്രം കൊതിച്ചിരുന്ന കലാകാരനായിരുന്ന റോബി വില്യംസിൻ്റെ ജീവിതത്തെ അതുപോലെ തന്നെ സ്ക്രീനിൽ സത്യസന്ധമായി വരച്ചുകാട്ടുന്നു എന്നുള്ളതാണ് ഈ സിനിമയെ വേറിട്ടു നിർത്തുന്നത്. 

To advertise here,

ബെറ്റർ മാൻ എന്ന ചിത്രത്തിലെ പ്രത്യേകത അതിൻ്റെ കഥപറച്ചിലിൽ മാത്രമല്ല, ചിത്രീകരണത്തിലുമുണ്ട്. ഒരു ചിമ്പാൻസിയായാണ് വില്യംസിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. റോബി വില്യം മുൻപ് അദ്ദേഹത്തെ പറ്റി പറഞ്ഞത് താൻ ഒരു 'പെർഫോമിങ് മങ്കി' ആണെന്നാണ്. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റോബിയെ ഒരു ചിമ്പാൻസിയായി ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ ആദ്യകാല വിജയങ്ങൾക്കിടയിലും അരക്ഷിതത്വത്തിൻ്റെയും മാനസികമായ ഉയർച്ചതാഴ്ചകളെ സിനിമ ആഴത്തിൽ പകർത്തിയിട്ടുണ്ട്. ടേക്ക് ദാറ്റിലൂടെ ഒരു കൗമാരക്കാരന്റെ ഉയർച്ച മുതൽ ഒരു സോളോ ആർട്ടിസ്റ്റെന്ന നിലയിൽ വളരാനുള്ള ആ​ഗ്രഹവും അതിനായുള്ള പ്രയത്നവും പോരാട്ടങ്ങളും വരെ പച്ചയായി ബെറ്റർമാനിൽ  സംവിധായകൻ വളരെ വിശദമായി പകർത്തിയിട്ടുണ്ട്.

വില്യംസിൻ്റെ വ്യക്തിത്വത്തിലെ ഷോമാൻ വശം ഈ സിനിമ ഭം​ഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. കലയിൽ മാത്രം ഒതുങ്ങാതെ പ്രേക്ഷകരെ രസിപ്പിക്കാനും അവരുമായി നിരന്തരം ബന്ധപ്പെടാനുമുള്ള റോബിയുടെ കഴിവ് ഇതിൽ കാണാം. 

എന്നിരുന്നാലും, സ്ഥിരം ബയോപിക് സിനിമകളിലെ ക്ലീഷേകൾ ബെറ്റർ മാനിലും ഉണ്ട്. മയക്കുമരുന്നുകളോടും ബന്ധങ്ങളോടുമുള്ള വില്യംസിൻ്റെ പോരാട്ടങ്ങളൊക്കെ അദ്ദേഹത്തിൻ്റെ കഥയ്ക്ക് അനിവാര്യമാണെങ്കിലും സിനിമയിലെ അവതരണം വില്യംസിന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന രീതിയിലല്ല ചിത്രീകരിച്ചിരിക്കുന്നത്.

ആത്യന്തികമായി റോബി വില്യംസിനുള്ള ട്രിബ്യൂട്ടാണ് ബെറ്റർ മാൻ. നർമ്മവും വെെകാരികതയുമൊക്കെ ബാലൻസ് ചെയ്ത് റോബി വില്യംസിന്റെ ജീവിതം വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ മെെക്കിൽ​ ​ഗ്രയ്സി.