2000-ല്‍, പോണ്‍ഫെറാഡ സിറ്റി കൗണ്‍സിലിലെ ധനകാര്യ കൗണ്‍സിലറായ 24-കാരിയായ നെവെങ്ക ഫെര്‍ണാണ്ടസ് മേയറില്‍ നിന്ന് വ്യക്തിപരമായും തൊഴില്‍പരമായും നിരന്തരമായ ഉപദ്രവം നേരിട്ടു. വലിയ വില നല്‍കേണ്ടി വരുമെന്ന് അറിഞ്ഞിട്ടും നെവെങ്ക താന്‍ നേരിടുന്ന അനീതിക്കെതിരെ നിലപാട് സ്വീകരിക്കാനും പരാതി നല്‍കാനും തീരുമാനിച്ചു. ചുറ്റുമുള്ളവരില്‍നിന്ന് അവര്‍ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. പോണ്‍ഫെറാഡയിലെ പ്രാദേശിക സമൂഹം അവര്‍ക്കെതിരെ തിരിഞ്ഞു. മാധ്യമങ്ങള്‍ അവരെ പൊതു വിചാരണയ്ക്ക് വിധേയയാക്കി. ഇത്തരത്തിലൊരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രമാണ് ഐ ആം നെവെന്‍ക. സ്പാനിഷ് മീ ടൂ പ്രസ്ഥാനത്തിന്റെ തുടക്കത്തിന്റെ കഥ പറയുന്ന തീവ്രമായ ഡ്രാമയാണ് ഈ ചിത്രം. നെവെന്‍കയായി മികച്ച പ്രകടനമാണ് മിറെയ ഒറിയോള്‍ കാഴ്ചവെച്ചത്. 

To advertise here,

ജോലിസ്ഥലത്ത് നടന്ന മാനസികവും ലൈംഗികവുമായ പീഡനം പുറത്തു പറഞ്ഞതിന് സമൂഹം മുഴുവന്‍ ക്രൂശിച്ചിട്ടും തന്റെ നിലപാടില്‍ അടിയുറച്ച് ധൈര്യത്തോടെ ഉറച്ചുനിന്ന നെവെന്‍ക ഫെര്‍ണാണ്ടസിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ശക്തനും സ്വാധീനവുമുള്ള ഒരു രാഷ്ട്രീയക്കാരനെ കോടതിയില്‍ നേരിടുന്ന സ്ത്രീയുടെ കഥ.

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഐ ആം നെവെന്‍ക സംവിധാനം ചെയ്തിരിക്കുന്നത് ഐസിയാര്‍ ബൊലെയ്ന്‍ ആണ്.  ധൈര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥയാണിത്. ഒരു ഉന്നത രാഷ്ട്രീയക്കാരനെതിരെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിന് കോടതിയില്‍ കേസ് ജയിക്കുന്ന സ്‌പെയിനിലെ ആദ്യ വനിതയായി നെവെന്‍ക മാറിയതെങ്ങനെയെന്ന് ചിത്രം കാണിക്കുന്നു. മുന്‍ കാമുകനും ഉന്നതനുമായ പോണ്‍ഫെറാഡ മേയറായ ഇസ്മയില്‍ അല്‍വാറസിനെതിരെയായിരുന്നു നെവെന്‍കയുടെ പോരാട്ടം. 

സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ന്യായവിധികള്‍ പലപ്പോഴും ഇരകളെ നിശബ്ദരാക്കുന്ന കാലഘട്ടത്തില്‍ ഇത്തരംവ്യവസ്ഥിതിക്കെതിരെ സംസാരിക്കാനുള്ള അവളുടെ ധീരമായ തീരുമാനത്തെ സിനിമ വിവരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓരോ പ്രദര്‍ശനത്തിനും വേദിക്ക് പുറത്തെ നീണ്ട വരികളും പ്രദര്‍നത്തിന് ശേഷമുള്ള നിലയ്ക്കാത്ത കൈയടികളും ഈ സിനിമ എത്രത്തോളം മികച്ചതാണെന്ന് അടിവരയിടുന്നതാണ്.