പനജി: സിനിമാ ആസ്വാദകർക്ക് കൗതുകമുണർത്തി ഐ.എഫ്.എഫ്.ഐ പരേഡ്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. വെെകുന്നേരം 5 മണി മുതൽ ചലച്ചിത്രമേളയുടെ കേന്ദ്രമായ എന്റർടെെൻമെന്റ് സൊസെെറ്റി ഓഫ് ഗോവ ആസ്ഥാനം മുതൽ കലാ അക്കാദമി വരെയായിരുന്നു ഘോഷയാത്ര. സിനിമയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ പ്ലോട്ടുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. കാന്താരയും ആദിപുരുഷും മുതൽ ഗബ്ബർ സിങ് വരെ പ്ലോട്ടുകളിൽ ഇടം പിടിച്ചു.

To advertise here,

ഇതുകൂടാതെ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന സ്കെെ ലാന്റേൺ മത്സരത്തിനെത്തിയ പല തരത്തിലുള്ള വിളക്കുകളും കൗതുകമായി. ഗോവയിലെ തെരുവുകളിലും വീടുകളിലും സാധാരണയായി കാണാൻ കഴിയുന്ന വിളക്കുകളാണ് ആകാശ് കാന്റിൽ അഥവാ സ്കെെ ലാന്റേൺ. ഗോവയുടെ പല താലൂക്കുകളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. 100 ശതമാനം പരിസ്ഥിതി സൗഹാർദമായുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സോഫി ഡെറാസ്പെ സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ഷെപ്പേഡ്സ്, ലോഫ്തി അച്ചേർ സംവിധാനം ചെയ്ത അറബിക് ചിത്രം റെഡ് പാത്ത് എന്നിവയാണ് കഴി‍ഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്.

അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ്സ് ഇന്ത്യൻ പനോരമയിൽ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയിൽ ലഭിച്ചത്. അഭിനേതാക്കളായ ആസിഫ് അലി, അമല പോൾ, സംവിധായകൻ അർഫാസ് അയൂബ് എന്നിവർ റെഡ് കാർപെറ്റിലെത്തി. ആദ്യമായാണ് താൻ ഒരു ചലച്ചിത്രമേളയിൽ എത്തുന്നതെന്നും ലെവൽ ക്രോസ്സ് പോലെ നല്ലൊരു സിനിമയുമായി എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആസിഫ് അലി മാതൃഭൂമിയോട് പറഞ്ഞു. മലയാളികൾ അല്ലാത്തവർ വരെ സിനിമയെപ്പറ്റി നല്ല വാക്കുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഇനിയുള്ള ചലച്ചിത്രമേളകളിൽ മുടങ്ങാതെ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് ആസിഫ് അലി പറഞ്ഞു. ഇൻ കോൺവർസേഷൻ വിഭാഗത്തിൽ നടന്ന ചർച്ചയിൽ നാഗാർജുനയും ഖുശ്ബുവും പങ്കെടുത്തു.

മേളയിൽ ശനിയാഴ്ച അന്താരാഷ്ട മത്സരവിഭാഗത്തിൽ ടർക്കിഷ് സിനിമയായ ഗുലിസാർ പ്രദർശിപ്പിച്ചു. ബെൽകിസ് ബെയ്റാക് ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരുപാട് പ്രതീക്ഷകളുമായി വിവാഹത്തിലേക്ക് കടക്കാനിരിക്കുന്ന പെൺകുട്ടി നേരിടുന്ന ക്രൂരമായ അതിക്രമവും അതിന് ശേഷമുള്ള അവരുടെ മാനസികാവസ്ഥയുടെയും കഥപറയുന്ന ചിത്രമാണ് ഇത്. ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ചെറിയ സ്ക്രീനിൽ നിന്ന് വലിയ സ്വപ്നത്തിലേക്ക് എന്നുള്ള വിഷയത്തിൽ ശിവകാർത്തികേയൻ സംസാരിച്ചു.