പ്രിയനന്ദനൻ ഒരുക്കിയ ധാബാരി ക്യുരുവി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തി.  സ്വന്തം ശരീരത്തിലും തീരുമാനങ്ങളിലുമുള്ള അവകാശം പോരാടി നേടുന്ന പാപ്പാത്തി എന്ന ആദിവാസി പെൺകുട്ടിയാണ് ധബാരി ക്യുരുവിയിലെ നായിക. അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കൗമാര കാലത്തെ ഗര്‍ഭധാരണം. അതാണ് ഈ സിനിമ അഭിസംബോധന ചെയ്യുന്ന വിഷയമെന്ന് തിരക്കഥാകൃത്തുക്കളായ സ്മിത ശൈലേഷ്, കെ.ബി ഹരി എന്നിവര്‍ പറയുന്നു. 

To advertise here,

ഒരുപാട് പേരുടെ കഠിനപ്രയത്‌നമാണ് ധബാരി ക്യുരുവി എന്ന സിനിമ. ഞങ്ങള്‍ ഇരുവരെയും കൂടാതെ പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതന്‍, ലിജോ പാനാഡന്‍ തുടങ്ങി അഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തില്‍ എഴുതിയ തിരക്കഥ ഇരുള ഭാഷയിലേക്ക് മാറ്റുകയായിരുന്നു. കുപ്പുസ്വാമി ഫോക് ലോറില്‍ ഗവേഷണം ചെയ്യുന്ന വ്യക്തിയാണ്. ഗോത്രവിഭാഗത്തിലെ ആചാരങ്ങളെക്കുറിച്ചെല്ലാം നന്നായി അറിയുന്ന ആളാണ്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് പലതും പരിചയപ്പെടുത്തിയത്. അവരുടെ കലകള്‍, ആഘോഷങ്ങള്‍ എല്ലാം ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.- കെ.ബി ഹരി പറയുന്നു. 

കെ.ബി ഹരിയും ഞാനും ചേര്‍ന്നാണ് ഫൈനല്‍ ഡ്രാഫ്റ്റ് ചെയ്തത്. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ തന്നെ വലിയ ആവേശം തോന്നി. അട്ടപ്പാടിയില്‍ നിലവില്‍ 16-18 പ്രായത്തിലുള്ള അവിവാഹിതമാരുടെ എണ്ണം രണ്ടായിരത്തിലേറെയാണ് എന്ന് പറയുന്നു. അവരില്‍ പലരോടും നേരില്‍ സംസാരിച്ചതിന് ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. അട്ടപ്പാടിയില്‍ രണ്ടു മാസത്തോളം സമയം ചെലവിടുകയും ചെയ്തു.

അട്ടപ്പാടിയില്‍ ഒരു പെണ്‍കുട്ടി താല്‍പര്യമില്ലാതെ ഗര്‍ഭണിയാകുമ്പോള്‍ പ്രസവിക്കുക എന്നല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയില്ല. കൗമാര കാലത്ത് ഗര്‍ഭധാരണമുണ്ടാകുമ്പോള്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ഒട്ടേറെ അനുഭവിക്കേണ്ടി വരും.  എന്നിരുന്നാലും ഗര്‍ഭച്ഛിദ്ദം ചെയ്യില്ല. അതിനെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് പാപ്പാത്തി നടത്തുന്നത്- സ്മിത ശൈലേഷ് പറഞ്ഞു.