അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിൽ എത്തിയിരിക്കുന്ന ഇന്ത്യൻ ടീം മത്സരത്തിന് മുന്നോടിയായി താമസസൗകര്യങ്ങളിലും മറ്റ് ക്രമീകരണങ്ങളിലും ചില പ്രധാന മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ട്. ക്രിക്കറ്റ് ജേർണലിസ്റ്റും യൂട്യൂബറുമായ വിമൽ കുമാറാണ് ന്യൂസ് 18-ന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലിനു മുമ്പ് താമസിച്ചിരുന്ന ഹോട്ടലിൽ ഇത്തവണ താമസിക്കേണ്ടെന്നാണ് ഇന്ത്യൻ ടീം തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനൽ സമയത്ത് ഇന്ത്യൻ ടീം അഹമ്മദാബാദിലെ ഐടിസി നർമ്മദയിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇത്തവണ ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിനായി എത്തിയ ടീം താജ് സ്‌കൈലൈനിലാണ് താമസം ശരിയാക്കിയിരിക്കുന്നത്.
2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇവിടെ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. അതിനാൽ ഇത് ഭാഗ്യദോഷം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഐസിസി മാനദണ്ഡ പ്രകാരമാണ് ഈ മാറ്റങ്ങളെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച്, ഫൈനലിലേക്ക് ആദ്യം യോഗ്യത നേടിയ ടീമിന് (ന്യൂസിലൻഡ്) ഐടിസി നർമ്മദയും, രണ്ടാമത് യോഗ്യത നേടിയ ടീമിന് (ഇന്ത്യ) താജ് സ്‌കൈലൈനുമാണ് അനുവദിച്ചിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഡ്രസ്സിങ് റൂം ഉപയോഗത്തിന്റെ കാര്യത്തിലും മാറ്റമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ടീം സ്‌റ്റേഡിയത്തിലെ ഹോം ടീമിന്റെ ഡ്രസ്സിങ് റൂമിന് പകരം സന്ദർശക ടീമിന്റെ ഡ്രസ്സിങ് റൂം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ കടുത്ത പരാജയത്തെത്തുടർന്ന് അഹമ്മദാബാദ് സ്റ്റേഡിയം ഇന്ത്യക്ക് അശുഭകരമാണെന്ന ആരാധകരുടെ ആശങ്കകൾക്കിടയിലാണ് ഈ മാറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സമീപകാലത്ത് അത്ര രാശിയുള്ള ഇടമല്ല. തുടർ ജയങ്ങളുമായെത്തി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ ദയനീയമായി തോറ്റത് ഇവിടെയായിരുന്നു. ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് സൂപ്പർ എട്ട് മത്സരം തോറ്റതും ഇതേ ഗ്രൗണ്ടിലാണ്. 2023-ലെ ടൂർണമെന്റിൽ ഇന്ത്യയുടെ ഏക തോൽവിയായിരുന്നു ഇവിടെ നേരിട്ടത്. ഇത്തവണ ഇതുവരെ ഇന്ത്യ തോറ്റ ഏക മത്സരവും മോദി സ്‌റ്റേഡിയത്തിലേതു തന്നെ.
നിലവിലെ ടീം മാനേജ്‌മെന്റ് ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതായും റിപ്പോർട്ടുണ്ട്. മാനസിക ഉത്തേജനം നേടുന്നതിനായി ടീം ക്ഷേത്ര സന്ദർശനങ്ങൾ നടത്തുന്നത് പതിവാണ്. ചന്ദ്ര ഗ്രഹണ ദിവസം ടീം പരിശീലനം വൈകിപ്പിച്ചതും ഇതിനോട് ചേർത്ത് വായിക്കാം.
ഡ്രസ്സിങ് റൂമുമായി ബന്ധപ്പെട്ട് ടീമിന് എന്തെങ്കിലും ഭാഗ്യക്കേടുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റൂം മാറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. മുൻപത്തെ തോൽവികളുടെ പശ്ചാത്തലത്തിലുള്ള നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
Content Highlights: Team India switches from ITC Narmada to Taj Skyline for the T20 final., Reported shift from home to visitor dressing room at Narendra Modi Stadium., Changes follow past defeats at the venue, including the 2023 ODI World Cup final., Official sources cite ICC protocols, while fans speculate on avoiding 'bad luck'., Team management focusing on mental preparation and positive environment.
Published: 06 Mar 2026, 10:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented