ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും സഞ്ജു സാംസണ് സാധിച്ചില്ല. മികച്ച ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സഞ്ജുവിന്റെ ഇന്നിങ്‌സ് പക്ഷേ 15 പന്തുകൾ മാത്രമാണ് നീണ്ടത്. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 24 റൺസെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഇപ്പോഴിതാ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാത്തതിൽ സഞ്ജുവിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ.

To advertise here,

റിങ്കു സിങ്ങിനെ പുറത്തിരുത്തിയാണ് ഇന്ത്യ, സിംബാബ്‌വെയ്‌ക്കെതിരേ സഞ്ജുവിന് അവസരം നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്‌സറടിച്ചായിരുന്നു സഞ്ജുവിന്റെ തുടക്കം. എന്നാൽ നാലാം ഓവറിലെ നാലാം പന്തിൽ സഞ്ജു വീണു. ബ്ലെസ്സിങ് മുസറബാനിയുടെ ഒരു സ്ലോബോൾ തിരിച്ചറിയാൻ താരത്തിന് സാധിച്ചില്ല.

പതിവ് രീതിയിലാണ് സഞ്ജുവിന്റെ പുറത്താകലെന്നായിരുന്നു ഗാവസ്‌ക്കറുടെ വിലയിരുത്തൽ. സഞ്ജുവിനെതിരേ സിംബാബ്‌വെ തയ്യാറാക്കിയ പദ്ധതി എങ്ങനെ പൂർണതയിലെത്തിയെന്നും ഗാവസ്‌ക്കർ കമന്ററിക്കിടെ വ്യക്തമാക്കി. ''അദ്ദേഹത്തിന് (സഞ്ജു) നിരാശയുണ്ടാകും. കാരണം ഇതേ രീതിയിൽ, ഇതേ മേഖലയിൽ അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. സഞ്ജുവിനെതിരേ എതിർ ടീമുകൾക്ക് കൃത്യമായ പദ്ധതിയുണ്ട്. പുറത്താക്കാൻ ഷോർട്ട് ബോൾ എറിഞ്ഞ് ഡീപ്പ് സ്‌ക്വയർ ലെഗിൽ ഫീൽഡറെ നിർത്തിയാൽ മതിയെന്ന് എല്ലാവർക്കും അറിയാം. മുസറബാനിയുടെ ഉയരമാണ് പന്ത് കുറച്ചുകൂടി ബൗൾസ് ചെയ്യാൻ കാരണമായത്. ആ അധിക ബൗൺസ് കാരണം സംഞ്ജുവിന് പന്ത് മിഡിൽ ചെയ്യാനായില്ല.'' - ഗാവസ്‌കർ വ്യക്തമാക്കി.

എങ്കിലും സഞ്ജു ടീമിന് നൽകിയ മികച്ച തുടക്കത്തെ ഗാവസ്‌കർ പ്രശംസിച്ചു. ടോപ്പ് ഓർഡറിൽ സഞ്ജു ഉണ്ടായിരുന്നത് ഏറെ സഹായകമായെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ടീമിന് തകർപ്പൻ തുടക്കം സമ്മാനിക്കാൻ അദ്ദേഹത്തിനായി. ശരിക്കും അതായിരുന്നു വേണ്ടിയിരുന്നത്. മുൻ മത്സരങ്ങളിലെല്ലാം ഓപ്പണർമാരിൽ ആരെങ്കിലും പെട്ടെന്ന് പുറത്തായിരുന്നു. ഇന്നും പവർപ്ലേയിൽ നമുക്ക് ഒരു വിക്കറ്റ് നഷ്ടമായെങ്കിലും തുടക്കം മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.