പല്ലേക്കല്ലെ: സിംബാബ്‌വെയ്ക്കു പിന്നാലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്കയും. എട്ടു വിക്കറ്റിനാണ് ലങ്ക മുൻ ചാമ്പ്യൻമാരെ കെട്ടുകെട്ടിച്ചത്. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഓസീസ് സ്‌കോർ 181-ൽ ഒതുക്കിയ ലങ്ക 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് കളികളിൽ മൂന്നും ജയിച്ച് ആറ് പോയന്റുമായി ശ്രീലങ്ക സൂപ്പർ എട്ടിലെത്തി. രണ്ടാം തോൽവിയോടെ ഓസീസിന്റെ സൂപ്പർ എട്ട് സാധ്യത മങ്ങി. നാളെ നടക്കുന്ന മത്സരത്തിൽ സിംബാബ്‌വെ, അയർലൻഡിനെ തോൽപ്പിച്ചാൽ ഓസീസ് ഔദ്യോഗികമായി ലോകകപ്പിൽ നിന്ന് പുറത്താകും. മൂന്ന് കളികളിൽ നിന്നായി ഒരു ജയത്തോടെ രണ്ടു പോയന്റുള്ള ഓസീസ് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ്. ജയിച്ചാൽ ഗ്രൂപ്പിൽ നിന്ന് ലങ്കയ്ക്കു പിന്നാലെ സിംബാബ്‌വെ സൂപ്പർ എട്ടിലെത്തും.
പതും നിസ്സങ്കയുടെ തകർപ്പൻ സെഞ്ചുറിയും കുശാൽ മെൻഡിസിന്റെ അർധ സെഞ്ചുറി പ്രകടനവുമാണ് ലങ്കയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 52 പന്തിൽ നിന്ന് അഞ്ചു സിക്‌സും 10 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്ന നിസ്സങ്കയാണ് കളിയിലെ താരം. ഇത്തവണത്തെ ലോകകപ്പിൽ പിറക്കുന്ന ആദ്യ സെഞ്ചുറിയാണിത്. 15 പന്തിൽ നിന്ന് 28 റൺസോടെ പുറത്താകാതെ നിന്ന പവൻ രത്‌നനായകെ, വിജയം വരെ നിസ്സങ്കയ്ക്ക് ഉറച്ച പിന്തുണ നൽകി.
രണ്ടാം ഓവറിൽ തന്നെ കുശാൻ പെരേരയെ (1) നഷ്ടമായ ശേഷമായിരുന്നു ലങ്കയുടെ തിരിച്ചുവരവ്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച നിസ്സങ്ക - കുശാൽ മെൻഡിസ് സഖ്യം 66 പന്തിൽ നിന്ന് 97 റൺസെടുത്ത് വിജയത്തിന് അടിത്തറയിട്ടു. 38 പന്തിൽ നിന്ന് 51 റൺസെടുത്ത മെൻഡിസ് മടങ്ങിയെങ്കിലും രത്‌നനായകെയെ കൂട്ടുപിടിച്ച് നിസ്സങ്ക ലങ്കയെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34 പന്തിൽ നിന്ന് 79 റൺസടിച്ചു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 181 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ശേഷം 200-ന് അപ്പുറമുള്ള സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു ഓസീസിനെ ശ്രീലങ്കൻ ബൗളർമാർ 181-ൽ ഒതുക്കുകയായിരുന്നു. അർധ സെഞ്ചുറികളുമായി തിളങ്ങിയ ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 51 പന്തിൽ നിന്ന് 104 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഒടുവിൽ ഒമ്പതാം ഓവറിൽ ഹെഡിനെ മടക്കി ദുഷാൻ ഹേമാന്തയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വെറും 29 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 56 റൺസെടുത്തായിരുന്നു ഹെഡിന്റെ മടക്കം. അതോടെ ഓസീസിന്റെ തകർച്ചയും തുടങ്ങി.
തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീൻ (3) പുറത്ത്. പിന്നാലെ മാർഷിനെയും ഓസീസിന് നഷ്ടമായി. 27 പന്തിൽ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 54 റൺസായിരുന്നു മാർഷിന്റെ സമ്പാദ്യം. ടിം ഡേവിഡും (6), മാർക്കസ് സ്റ്റോയ്‌നിസും (4) നിരാശപ്പെടുത്തിയപ്പോൾ 27 റൺസെടുത്ത ജോഷ് ഇംഗ്ലിസും 22 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലുമാണ് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷാൻ ഹേമാന്തയാണ് ലങ്കയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്.
Content Highlights: Sri Lanka stuns Australia by 8 wickets in T20 World Cup thanks to Nipun Senanayake`s maiden century. Aussies` Super 8 hopes fade.
Published: 16 Feb 2026, 10:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented