ന്യൂഡൽഹി: ടി20 ലോകകപ്പിൽ സമ്പൂർണ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ആധിപത്യത്തോടെയാണ് ടീം സൂപ്പർ എട്ടിലേക്ക് കടന്നത്. ബുധനാഴ്ച നടന്ന മത്സരത്തിൽ യുഎഇയെ ആറുവിക്കറ്റിന് പ്രപോട്ടീസ് കീഴടക്കി. യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് മികച്ച തുടക്കമായിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മാർക്രം തകർത്തടിച്ചാണ് തുടങ്ങിയത്. 11 പന്തിൽ നിന്ന് താരം 28 റൺസെടുത്ത് പുറത്തായി. പിന്നാലെ ഡി കോക്ക് 14 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ റയാൻ റിക്കൽട്ടണും ഡെവാൾഡ് ബ്രവിസും ചേർന്ന് പിടിമുറുക്കിയതോടെ യുഎഇ മത്സരം കൈവിട്ടു. 49 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. റിക്കൽട്ടൺ 16 പന്തിൽ നിന്ന് 30 റൺസും ബ്രവിസ് 25 പന്തിൽ നിന്ന് 36 റൺസുമെടുത്ത് പുറത്തായി. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്‌സും ജേസൺ സ്മിത്തും ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചു.
ആദ്യം ബാറ്റുചെയ്ത യുഎഇ ആറുവിക്കറ്റ് നഷ്ടത്തിൽ 122 റൺസാണെടുത്തത്. അലിഷാൻ ഷറഫുവിന്റെ പ്രകടനമാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. താരം 38 പന്തിൽ നിന്ന് 45 റൺസെടുത്തു. മുഹമ്മദ് വസീം(22), ആര്യാൻഷ് ശർമ(13), മുഹമ്മദ് അർഫാൻ(11) എന്നിവരും യുഎഇക്കായി സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.
സൂപ്പർ എട്ടിൽ ഇന്ത്യ, വിൻഡീസ്, സിംബാബ്‌വേ ടീമുകൾക്കൊപ്പമാണ് ദക്ഷിണാഫ്രിക്കയുള്ളത്. കരുത്തർ നേർക്കുർനേർ വരുമ്പോൾ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യയുമായാണ് ആദ്യ സൂപ്പർ എട്ട് മത്സരം.
Content Highlights: south africa beat uae
Published: 18 Feb 2026, 03:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented