അഹമ്മദാബാദ്: മുൻനിരബാറ്റർമാരുടെ മികവിൽ കൂറ്റൻ സ്‌കോറുയർത്തി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരം ആഘോഷജയമാക്കി ദക്ഷിണാഫ്രിക്ക. കാനഡക്കെതിരായ മത്സരത്തിൽ 57 റൺസിനാണ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റിന് 213 റൺസെടുത്തു. എതിരാളിയുടെ വമ്പൻ സ്‌കോറിന് മുന്നിൽ പതറാതെ കളിച്ച കാനഡ 20 ഓവറിൽ എട്ട് വിക്കറ്റിന് 156 റൺസെടുത്തു. നാലിന് 45 എന്ന നിലയിൽ തുടക്കത്തിൽ തകർന്നിട്ടും 156 റൺസ് അടിച്ചെടുക്കാൻ കഴിഞ്ഞത് കാനഡക്ക് തോൽവിയിലും തലയുയർത്താൻ കഴിയുന്നതായി. 49 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 64 റൺസടിച്ച നവ്‌നീത് ദാലിവാളാണ് കാനഡയുടെ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത്. ഹർഷ് താക്കർ 33 റൺസെടുത്തു. ക്യാപ്റ്റൻ ദിൽപ്രീത് ബജ് വ (പൂജ്യം), യുവരാജ് സിങ് സമ്ര (12), നിക്കോളാസ് കിർട്ടൺ (നാല്), ശ്രേയസ് മോവ്വ (ഒൻപത്) എന്നിവർ പെട്ടെന്ന് പുറത്തായതാണ് കാനഡക്ക് തിരിച്ചടിയായത്. 31 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിഡിയാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്.

To advertise here,

മാർക്രം ഷോ

32 പന്തിൽ 59 റൺസെടുത്ത എയ്ഡൻ മാർക്രമാണ് ടോപ് സ്കോറർ. ഡേവിഡ് മില്ലർ (23 പന്തിൽ 39), ട്രിസ്റ്റ്യൻ സ്റ്റബ്‌സ് (29 പന്തിൽ 34), റയാൻ റിക്കെൾട്ടൻ (21 പന്തിൽ 33) ക്വിന്റൺ ഡികോക്ക് (22 പന്തിൽ 25) എന്നിവരും തിളങ്ങി.

ടോസ് നേടിയ കാനഡ ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത് മാർക്രവും ഡി കോക്കും മികച്ച അടിത്തറയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. ഡി കോക്കിനെ പുറത്താക്കി ദിൽപ്രീത് ബജ്‌വയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ റിക്കെൾട്ടനെ കൂട്ടുപിടിച്ച് മാർക്രം ഇന്നിങ്‌സ് മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോയി. 56 റൺസാണ് ഈ വിക്കറ്റിൽ വന്നത്. 28 പന്തിൽ മാർക്രത്തിന്റെ അർധസെഞ്ചുറി വന്നു. എന്നാൽ, അർധസെഞ്ചുറിക്കുശേഷം അധികനേരം തുടരാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായില്ല. അൻഷ് പട്ടേലാണ് മാർക്രത്തെ വീഴ്ത്തിയത്. പത്ത് ഫോറും സിക്സും അടങ്ങിയതാണ് ഇന്നിങ്‌സ്. തുടർന്ന് റിക്കെൾട്ടനും യുവതാരം ഡെവാൾ ബ്രെവിസും (ആറ്) തുടരെ പുറത്തായതോടെ നാലിന് 138 എന്ന നിലയിലായിരുന്നു ടീം. അഞ്ചാം വിക്കറ്റിൽ മില്ലറും സ്റ്റബ്‌സും അടിച്ചുതകർത്തതോടെ സ്കോർ കുതിച്ചുയർന്നു. 39 പന്തിൽ 75 റൺസാണ് പിരിയാത്ത കൂട്ടുകെട്ടിൽ വന്നത്. മില്ലർ മൂന്ന് സിക്സും ഒരു ഫോറും നേടിയപ്പോൾ സ്റ്റബ്‌സ് രണ്ട് വീതം സിക്സും ഫോറും കണ്ടെത്തി. നാല് ഓവറിൽ 31 റൺസിന് മൂന്ന് വിക്കറ്റ് നേടിയ അൻഷ് പട്ടേലാണ് കാനഡ ബൗളിങ്ങിൽ തിളങ്ങിയത്.