കൊളംബോ: പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും മത്സരശേഷം സ്പിന്നർ കുൽദീപ് യാദവിനെ ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. ഹാർദിക് എറിഞ്ഞ 18-ാം ഓവറിൽ കുൽദീപ് ക്യാച്ച് പാഴാക്കിയിരുന്നു. ഇതാണ് സൂര്യയേയും ഹാർദിക്കിനെയും പ്രകോപിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ പാകിസ്താൻ 114 റൺസിന് കൂടാരം കയറിയിരുന്നു. 61 റൺസ് ജയവുമായി ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. മത്സരശേഷം ഇന്ത്യൻ താരങ്ങളെല്ലാം വിജയാഘോഷങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ പരസ്പരം ഹസ്തദാനം ചെയ്ത് താരങ്ങൾ മടങ്ങുന്നതിനിടെ കുൽദീപിനോട് സൂര്യയും ഹാർദിക്കും രോഷത്തോടെയാണ് സംസാരിച്ചത്. ഹാർദിക് കുൽദീപിനെ മൈതാനത്തുവെച്ച് ചോദ്യംചെയ്തുകൊണ്ടിരുന്നു. പിന്നാലെ റിങ്കു സിങ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൈകൊടുക്കുന്നതിനിടെ ക്യാപ്റ്റനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ ഷഹീൻ അഫ്രീദിയെ പുറത്താക്കാനുള്ള അവസരം കുൽദീപ് നഷ്ടപ്പെടുത്തിയിരുന്നു. ബൗണ്ടറിക്ക് സമീപംവെച്ച് ക്യാച്ച് പാഴാക്കുകയും സിക്‌സറിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാൽ, ഓവറിലെ അവസാനപന്തിൽ ഉസ്മാൻ താരിഖിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ജയം സമ്മാനിച്ചു.
മത്സരത്തിൽ ഹാർദിക് രണ്ട് വിക്കറ്റും കുൽദീപ് ഒരു വിക്കറ്റുമെടുത്തു. മൂന്നോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്താണ് ഹാർദിക് രണ്ട് വിക്കറ്റെടുത്തത്. എന്നാൽ, കുൽദീപ് മൂന്നോവറിൽ 14 റൺസാണ് വിട്ടുകൊടുത്തത്.
Content Highlights: Heated post-match scenes between Suryakumar Yadav, Hardik Pandya, Kuldeep Yadav
Published: 16 Feb 2026, 03:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented