
കൊളംബോ: ഇന്ന് കൊളംബോയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം പാകിസ്താൻ താരങ്ങൾക്ക് കൈ കൊടുത്തേക്കില്ല. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടോസ് സമയത്തും പാക് ക്യാപ്റ്റൻ സൽമാൻ ആഗയ്ക്ക് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് കൈ നൽകിയേക്കില്ല. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യൻ ടീം പാകിസ്താനുമായി കൈകോർത്തിട്ടില്ല. ഇത് ക്രിക്കറ്റ് ബന്ധങ്ങളേയും ബാധിച്ചിരുന്നു.
ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിൻവലിഞ്ഞതിന് പിന്നാലെ പാകിസ്താൻ ആദ്യം ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച പിന്മാറിയിരുന്നു.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇരു ടീം ക്യാപ്റ്റൻമാർ നടത്തിയ വാർത്താസമ്മേളനത്തിൽ കൈ കൊടുക്കുന്നത് സംബന്ധിച്ച് ചോദ്യമുയർന്നിരുന്നു. കാത്തിരുന്ന് കാണാം, 24 മണിക്കൂർ കാത്തിരിക്കൂ എന്നായിരുന്നു ശനിയാഴ്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.
അതേസമയം കൈ കൊടുക്കാൻ തങ്ങൾ സന്നദ്ധമാണെന്ന നിലപാടാണ് പാക് ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. 'ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കാര്യമില്ല. പക്ഷേ ക്രിക്കറ്റ് എപ്പോഴും അത് കളിക്കുന്ന രീതിയിൽ തന്നെയാകണം. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്' ആഗ പറഞ്ഞു.
രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ട്വന്റി-2 ക്രിക്കറ്റിൽ അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചുള്ള മാറ്റം ഇന്ത്യൻ ടീമിലുണ്ടാകും. നിലവിൽ ടീമിലുള്ള വരുൺ ചക്രവർത്തിക്കും അക്‌സർ പട്ടേലിനും പുറമെ, ഒന്നോ രണ്ടോ സ്പിന്നർമാരെക്കൂടി ടീമിലെടുക്കാൻ സാധ്യതയുണ്ട്. പേസർ അർഷ്ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും റിങ്കു സിങ്ങിനുപകരം സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയും കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാല് സ്പിന്നർമാരെ ഇന്ത്യക്ക് ലഭിക്കും. നാലുവീതം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വരുണും അക്സറും മികച്ച ഫോമിലാണ്.
അസുഖം മാറിയ അഭിഷേക് ശർമ ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തും. അങ്ങനെയെങ്കിൽ മലയാളിതാരം സഞ്ജു സാംസൺ പുറത്താകും. ബാറ്റിങ് ലൈനപ്പിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. സ്പിന്നർമാർക്കെതിരേ മികച്ച ട്രാക്ക് റെക്കോഡുള്ള അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവരുടെ പ്രകടനം നിർണായകമാകും. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്കുയർന്നതും ഇന്ത്യൻ ആത്മവിശ്വാസം നൽകുന്നതാണ്.
പാകിസ്താൻ യു.എസിനെതിരേ കളിച്ച ടീമിനെ ഇറക്കാനാണ് സാധ്യത. അഞ്ച് സ്പിന്നർമാർ ടീമിലുള്ളത് കരുത്തുകൂട്ടും. യു.എസിനെതിരേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖ് അപകടകാരിയാണ്. ലെഗ് സ്പിന്നർമാരായ അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, ഇടംകൈയൻ സ്പിന്നർ മുഹമ്മദ് നവാസ് എന്നിവർക്കൊപ്പം പാർട്ട്ടൈം സ്പിന്നറായ സയിം അയൂബുംകൂടി ചേരുമ്പോൾ സ്പിൻവിഭാഗത്തിന് വൈവിധ്യമേറും. ബാറ്റിങ്ങിൽ സാഹിബ്സദ ഫർഹാൻ, ബാബർ അസം, ക്യാപ്റ്റൻ സൽമാൻ ആഗ എന്നിവരിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. മുഹമ്മദ് നവാസും ഷദാബ് ഖാനും ബാറ്റിങ്ങിൽ വിശ്വസിക്കാവുന്ന താരങ്ങളാണ്.
Content Highlights: India vs Pakistan T20 World Cup match today. Indian team may not shake hands with Pakistan players after recent diplomatic tensions.
Published: 15 Feb 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented