കൊളംബോ: ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ആദ്യം ലോകകപ്പിൽ നിന്നുതന്നെ പിന്മാറിയേക്കുമെന്നായിരുന്നു പാകിസ്താന്റെ ഭീഷണി. പിന്നാലെ പാക് സർക്കാർ ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായെത്തി. ഇതോടെ, മത്സരം അനിശ്ചിതത്വത്തിലായി. ബംഗ്ലാദേശ് ടൂർണമെന്റിൽനിന്ന് പിൻമാറിയതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പാക് സർക്കാരിന്റെ തീരുമാനം. പിന്നീട് നടന്ന ചർച്ചകളെത്തുടർന്നാണ് പാകിസ്താൻ സർക്കാർ തീരുമാനം മാറ്റിയത്.
ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ എന്നും ആരാധകർക്ക് ആവേശമാണ്. ഇന്ത്യ-പാക് മത്സരങ്ങൾക്ക് എക്കാലത്തും റെക്കോഡ് കാണികളാണ് ഉണ്ടാകാറ്. ഇന്ത്യ-പാക് മത്സരങ്ങൾക്കിടെ പല സംഭവബഹുലമായ മുഹൂർത്തങ്ങളും ഉണ്ടാകാറുണ്ട്.
മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് മൈതാനങ്ങളിലുണ്ടായിരുന്ന ബന്ധം ഇന്നത്തെപ്പോലെ വഷളായിരുന്നില്ല. സോഷ്യൽ മീഡിയ യുദ്ധങ്ങളുടെ കാലവുമായിരുന്നില്ല അത്. ഇന്ന് ഒരു പാകിസ്താൻ ക്യാപ്റ്റൻ മൈതാനത്തോ പുറത്തോ ഔദ്യോഗികമായ എന്തെങ്കിലും കാര്യത്തിന് ഒരു ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി.
2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിച്ച എം.എസ് ധോനിയെ അന്നത്തെ പാക് ക്യാപ്റ്റൻ ഷുഐബ് മാലിക്ക് ഇത്തരത്തിൽ ഒരു മണിക്കൂറോളം കാത്തുനിർത്തിയിട്ടുണ്ടെന്ന കാര്യം എത്ര പേർക്കറിയാം. ഇന്ത്യയും പാകിസ്താനുമായിരുന്നു പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകൾ. ഫൈനലിനു മുമ്പുള്ള ഔദ്യോഗിക ഫോട്ടോഷൂട്ട് നടത്താൻ നിശ്ചയിച്ചിരുന്നത്. ജോഹന്നാസ്ബർഗിലെ സാൻഡ്ടണിലുള്ള നെൽസൺ മണ്ടേല സ്‌ക്വയറിലായിരുന്നു. ധോനി സമയത്ത് അവിടേക്കെത്തി. ഫോട്ടോഗ്രാഫർമാരെല്ലാം തയ്യാറായി. ലോകകപ്പ് ട്രോഫിയും എത്തി. ഉദ്യോഗസ്ഥരടക്കം കൃത്യസമയത്ത് മണ്ടേല സ്‌ക്വയറിലെത്തി. പക്ഷേ ഷുഐക് മാലിക്കിനെ അവിടെയൊന്നും കാണാനില്ലായിരുന്നു.
പണ്ട് സൗരവ് ഗാംഗലി, ഓസ്‌ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോയോട് ചെയ്തതുപോലെ മാലിക് മൈൻഡ് ഗെയിം കളിക്കുകയാണോ എന്ന സംശയം എല്ലാവരിലും ഉയർന്നു. മിനിറ്റുകൾ കഴിഞ്ഞു, കാത്തിരിപ്പ് ഒരു മണിക്കൂറോളമായി. മാലിക്ക് എത്തുന്നില്ല. എന്നാൽ പിൽക്കാലത്ത് ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരു വീണ ധോനി ക്ഷമയോടെ കാത്തിരുന്നു.
ഒടുവിൽ മാലിക്ക് അവിടേക്കെത്തി. മാലിക് മൈൻഡ് ഗെയിം കളിക്കുകയൊന്നും ആയിരുന്നില്ല. ഫൈനലിന്റെ തലേ ദിവസം തങ്ങളുടെ രാജ്യത്തിന്റെ ക്യാപ്റ്റന് ആശംസകൾ അറിയിക്കാൻ പാക് പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഫോൺകോൾ വന്നതോടെ മാലിക്കിന് ഫോട്ടോഷൂട്ടിന് എത്താൻ സാധിച്ചില്ല. എന്നാൽ കോൾ അവസാനിച്ച ശേഷം മാലിക്ക് പെട്ടെന്നു തന്നെ സ്‌ക്വയറിലേക്കെത്തി. വൈകിയെങ്കിലും ഫോട്ടോഷൂട്ടും നടന്നു.
പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് ഗ്രൂപ്പ് മത്സരവും സംഭവബഹുലമായിരുന്നു. ഡർബനിലെ കിംഗ്‌സ്മീഡിൽ നടന്ന മത്സരം ടൈയിൽ കലാശിച്ചതോടെ വിജയികളെ നിശ്ചയിക്കാൻ ബൗൾഔട്ട് വേണ്ടിവന്നു. ഇന്നത്തെ ടൈ ബ്രേക്കറായ സൂപ്പർ ഓവറിനു മുമ്പ് ടൈ ആയ മത്സരത്തിലെ വിജയികളെ നിശ്ചയിക്കാൻ ബൗൾഔട്ടായിരുന്നു നടത്തിയിരുന്നത്. ബൗളർമാർക്ക് പകരം രണ്ട് ബാറ്റർമാരെക്കൊണ്ട് പന്തെറിയിച്ച് ബൗൾഔട്ടിൽ വിജയിച്ച ടീമാണ് ഇന്ത്യ. ഇന്ത്യയ്ക്കായി വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, റോബിൻ ഉത്തപ്പ എന്നിവർ പന്ത് സ്റ്റമ്പിൽ കൊള്ളിച്ചു. എന്നാൽ പാകിസ്താനായി പന്തെറിഞ്ഞ യാസിർ അറഫാത്ത്, ഉമർ ഗുൽ, ഷാഹിദ് അഫ്രീദി എന്നിവർക്ക് ലക്ഷ്യം തെറ്റിയതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ടൂർണമെന്റിന്റെ നിയമാവലികൾ നന്നായി മനസിലാക്കിയതാണ് ഇന്ത്യയ്ക്ക് ബൗൾഔട്ടിൽ നേട്ടമായത്. മത്സം ടൈ ആയാൽ ബൗൾഔട്ട് നടത്തുന്ന വിവരം പാകിസ്താൻ അറിഞ്ഞത് മത്സര ടൈ ആയ ശേഷമാണ്. അവർ നിയമാവലി ശ്രദ്ധിക്കാതെ പോയി. എന്നാൽ ഇന്ത്യൻ സംഘം ഇതിനായി പ്രത്യേകം തയ്യാറെടുപ്പ് നടത്തിയിരുന്നു. അന്നത്തെ ഇന്ത്യയുടെ ബൗളിങ് പരിശീലകനായിരുന്ന വെങ്കടേഷ് പ്രസാദ് ടീം അംഗങ്ങളെ കൊണ്ട് ബൗൾഔട്ട് പരിശീലിപ്പിച്ചിരുന്നു. സെവാഗും ഉത്തപ്പയും പരിശീലനത്തിനിടെ കൃത്യമായി ലക്ഷ്യം കണ്ടതാണ് ഇരുവരെയും തിരഞ്ഞെടുക്കാൻ കാരണമായത്.
Content Highlights: Relive the 2007 T20 World Cup final! Discover why Shoaib Malik kept MS Dhoni waiting and how Sehwag and Uthappa sealed India`s win in a unique bowl-out.
Published: 15 Feb 2026, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented