മുംബൈ: ഇന്ത്യക്കെതിരായ സെമിയിൽ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടത് വലിയ പിഴവായിരുന്നുവെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്. അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് പറഞ്ഞ ബ്രൂക്ക് സഞ്ജു മികച്ച ഇന്നിങ്‌സ് കളിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരേ സെഞ്ചുറി നേടിയ ജേക്കബ് ബെത്തലിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റൺസ് ജയത്തോടെ ഇന്ത്യ ഫൈനലിലുമെത്തി.

To advertise here,

ഞാൻ സമ്മതിക്കുന്നു, സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു. ഫീൽഡിങ്ങിൽ ഞങ്ങൾ അത്ര മികച്ചതായിരുന്നില്ല. ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. - ബ്രൂക്ക് പറഞ്ഞു.

ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്. നിർഭാഗ്യവശാൽ, അത് എന്റെ കയ്യിൽ നിന്നില്ല. എനിക്ക് അത് പിടിക്കാൻ കഴിഞ്ഞില്ല. അതേസമയം സഞ്ജു വളരെ മികച്ച ഇന്നിങ്സ് കളിച്ചു. ഒരുപക്ഷേ അവർക്ക് കളി നേടിക്കൊടുത്തത് അതാണെന്ന് പറയാം."- ബ്രൂക്ക് പറഞ്ഞു.

മൂന്നാം ഓവറിലാണ് ബ്രൂക്ക് സഞ്ജുവിനെ വിട്ടുകളയുന്നത്. പേസർ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ ഫോറും സിക്സും നേടി സഞ്ജു തകർപ്പൻ തുടക്കമിട്ടതിന് പിന്നാലെയാണ് സംഭവം. ആർച്ചറിന്റെ പന്തിൽ സഞ്ജുവിന്റെ ഷോട്ട് മിഡ് ഓണിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് കൈവിട്ടു. ആ സമയം താരത്തിന്റെ വ്യക്തിഗത സ്കോർ 15-ലെത്തിയിരുന്നതേയുള്ളൂ. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ലിയാം ഡോസനെ സിക്‌സിന് പറത്തി അർധസെഞ്ചുറി ആഘോഷിക്കുമ്പോൾ സഞ്ജു 26 പന്ത് നേരിട്ടിട്ടുണ്ടായിരുന്നുള്ളു.

ഇന്ത്യക്കെതിരേ വിജയിക്കാനായില്ലെങ്കിലും ബെത്തലിന്റേത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്ന് ബ്രൂക്ക് പറഞ്ഞു. ആദ്യ പന്ത് മുതൽ തന്നെ എന്താണ് ചെയ്യാനാവുകയെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. ഞങ്ങൾ ഒരു നല്ല ടൂർണമെന്റ് കളിച്ചു. ഞങ്ങൾ കളിച്ച രീതിയിൽ ഞങ്ങൾഅഭിമാനിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ തോറ്റുപോയി.- " ബ്രൂക്ക് കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ ജേക്കബ് ബെത്തൽ കരകയറ്റിയത്. മുൻ നിര ബാറ്റർമാരെല്ലാം വേഗം കൂടാരം കയറിയതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ അഞ്ചാം വിക്കറ്റിൽ വിൽ ജാക്‌സിനെയും കൂട്ടുപിടിച്ച് ബെത്തൽ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ച ഇരുവരും പതിയെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. ഇന്ത്യയുടെ ജയപ്രതീക്ഷകൾ മങ്ങിത്തുടങ്ങി. 13 ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഏഴോവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 94 റൺസായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ബെത്തലും വിൽ ജാക്‌സും ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഓവറുകളിൽ സമചിത്തതയോടെ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.