കാസർകോട്: ടി-20 ലോകകപ്പിൽ വടക്കൻ കേരളത്തിൽനിന്നൊരു താരോദയം. കണ്ണൂർ ജില്ലയിലെ മാടായി വാടിക്കൽ സ്വദേശി ഇരുപത്തിമൂന്നുകാരനായ അലിഷാൻ ഷറഫുദ്ദീൻ യുഎഇ ടീമിനു വേണ്ടി അർധശതകവുമായി ചൊവ്വാഴ്ച തിളങ്ങി. താരമിന്നലെ ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മിഡ്ഓണിനു മുകളിലൂടെ ഗ്യാലറിയിലേക്ക് സിക്‌സർ പറത്തി. അലിഷാന്റെ സ്‌കോർ 45-ലും ടീം ടോട്ടൽ 99-ലും നിൽക്കുമ്പോൾ മാറ്റ് ഹെൻട്രി എറിഞ്ഞ 13-ാം ഓവറിൽ മിഡ്ഓണിന് മുകളിലൂടെ സിക്‌സർ പറത്തിയാണ് അർധശതകം തികച്ചത്. തന്റെ ഇന്നിങ്സിലെ ആദ്യ ബൗണ്ടറിയും അവസാന ബൗണ്ടറിയും ഈ യുവതാരം നേടിയത് ന്യൂസീലൻഡിന്റെ ഓപ്പണിങ് ബൗളറായ മാറ്റ് ഹെൻട്രിക്കെതിരേയാണ്. ഗ്ലാമർ നമ്പറായ ഏഴാം നമ്പർ ജേഴ്സിയിലാണ് യുവതാരം ന്യൂസീലൻഡിനെതിരേ കളിക്കാനിറങ്ങിയത്.

To advertise here,

രണ്ടാം ഓവറിൽ വൺഡൗണായാണ് അലിഷാൻ ടി-20 ലോകകപ്പ് അരങ്ങേറ്റ മത്സരത്തിന് ക്രീസിലേക്കെത്തുന്നത്. ഓൾറൗണ്ടറായ അലിഷാൻ 47 പന്തിൽ 55 റൺസാണ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമടങ്ങുന്ന ഇന്നിങ്സ് അവസാനിച്ചത് സിക്‌സറെന്നുറപ്പിച്ച ഒരു ഷോട്ട് മികച്ച ഫിൽഡീങ്ങിലൂടെ രണ്ടുപേർ ചേർന്ന് നേടിയ ക്യാച്ചിലൂടെയാണ്.

രണ്ടാം വിക്കറ്റിൽ യു.എ.ഇ . ക്യാപ്റ്റൻ മുഹമ്മദ് വസീമുമൊത്ത് (66) 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ടി-20 ലോകകപ്പിൽ യുഎഇയുടെ ഏറ്റവും ഉയർന്ന സ്‌കോർ (173) നേടാനും അലിഷാന്റെ ഇന്നിങ്സ് ടീമിനെ സഹായിച്ചു.

അലിഷാന്റെ ബാറ്റിങ് നേരിട്ട് കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെന്ന് മുൻ വോളിതാരം കൂടിയായ മുത്തച്ഛൻ പി.വി.ഹംസ പറയുന്നു. ''എങ്കിലും കളി തത്സമയം ടി.വി.യിൽ കണ്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. ഫിഫ്റ്റിയടിച്ചപ്പോൾ നല്ല സന്തോഷവും അഭിമാനവും തോന്നി -അദ്ദേഹം പറയുന്നു. യു.എ.ഇ.യുടെ അണ്ടർ-19 ടീം ക്യാപ്റ്റനായിരുന്ന താരത്തിന്റെ സീനീയർ ടീമിലെ ആദ്യ ലോകകപ്പാണിത്.

മൂന്നാം വയസ്സിൽ യു.എ.ഇ.യിലേക്ക്

യു.എ.ഇ.യിൽ ടെലിഫോൺ എൻജിനീയറായ പയ്യന്നൂർ രാമന്തളി സ്വദേശി ശറഫുദ്ദീന്റെയും മാടായിയിലെ സി.എച്ച്.റുഫൈസയുടെയും മകനായി കണ്ണൂരിൽ ജനിച്ച അലിഷാൻ മൂന്നാംവയസ്സിലാണ് യു.എ.ഇ.യിലേക്കെത്തുന്നത്. ബാല്യവും പഠനവുമെല്ലാം യു.എ.ഇ.യിലായിരുന്ന അലിഷാൻ ദുബായിലെ ഡീമോന്റ് ഫോർട്ട് സർവകലാശാലയിലെ സൈബർസുരക്ഷാ വിദ്യാർഥിയായിരിക്കെ അഞ്ചുവർഷം മുൻപാണ് അണ്ടർ 19 ടീം ക്യാപ്റ്റനായത്. ഇവിടെ നടത്തിയ മികച്ച പ്രകടനാണ് കഴിഞ്ഞവർഷം ദുബായിൽ നടത്തിയ ടി-20 ഏഷ്യാകപ്പിനുള്ള ടീമിലേക്കുള്ള വിളിയെത്തുന്നത്.

അന്ന് ഇന്ത്യക്കെതിരേയുള്ള മത്സരത്തിൽ ടീം മൊത്തം നേടിയ 57 റൺസിൽ 22 റൺസും നേടിയത് അലിഷാനായിരുന്നു. 2020-ൽ അണ്ടർ 19 ടീമിലെത്തിയ അലിഷാൻ 2022-ലാണ് ക്യാപ്റ്റനാവുന്നത്. യുഎഇയിൽ നടക്കുന്ന ഇന്റർനാഷണൽ ലീഗ് ടി-20യിൽ അബുദാബി നൈറ്റ് റൈഡേഴ്സ് ടീമിന്റെ പ്രധാന ഓൾറൗണ്ടറായ ഇദ്ദേഹം കഴിഞ്ഞ വർഷത്തെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്.