ചോറും രസവും പരിപ്പുകറിയും കിട്ടിയാൽ മറ്റെല്ലാം മറക്കുന്ന തണുപ്പനായ പച്ചമനുഷ്യൻ... മനസ്സിലുള്ളതെല്ലാം ഒരു മറയുമില്ലാതെ അയാളുടെ മുഖത്തും വാക്കുകളിലും വായിച്ചെടുക്കാം... ഒറ്റമുറി വീട്ടിൽനിന്ന് കയറിവന്ന അയാൾ, ക്രിക്കറ്റിന്റെ പൂമുഖത്ത് ചാരുകസേരയിട്ടിരിക്കുമ്പോഴും തനി നാടനാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല നേട്ടങ്ങൾ രോഹിത് ശർമയെന്ന നായകന്റേതുകൂടിയാണ്. അരികിലെത്തിയിട്ടും തൊടാനാകാതെ അകന്നുപോയ കിരീടനഷ്ടങ്ങളിൽ അയാൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്...

To advertise here,

ഇതുപോലൊരു ഇന്ത്യൻ ടീം ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല. വെറും എട്ടുമാസം മുമ്പാണ് തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച ടീമിന് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയത്. അന്ന് മുഖം കുനിച്ച് വിതുമ്പിയ അതേ നായകനു കീഴിലാണ് ടി-20 ലോകകപ്പിനെ നേരിട്ടത്. രണ്ടു ലോകകപ്പുകളും ആ നായകൻ അർഹിച്ചിരുന്നു. ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ കൂടുതൽ റൺസ്, ഉയർന്ന സ്കോർ, അർധസെഞ്ചുറി, സിക്സ്, ഫോർ എല്ലാം രോഹിത്തിന്റെ പേരിലാണ്.

നാഗ്പുരിലെ ഗോഡൗൺ സൂക്ഷിപ്പുകാരനായ അച്ഛന്, നല്ല ആഹാരം വാങ്ങികൊടുക്കാൻ പറ്റാതായതോടെ, മൂത്തവനായ രോഹിത്തിനെ മുംബൈ ധോംബിവ്‌ലിയിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അമ്മാവൻമാരുടെയും അടുത്തേക്ക് എത്തിച്ചു. ഒരു മുറിയിൽ അഞ്ചും ആറും ആളുകൾ കിടന്നിരുന്ന ആ കൂട്ടുകുടംബത്തിൽനിന്നാണ് ഇന്നത്തെ ഇന്ത്യൻ നായകൻ വളർന്നത്. ദിനേശ് ലാദ് എന്ന കോച്ചിനുകീഴിൽ അയാൾ മികച്ച ക്രിക്കറ്ററായി.

ആദ്യ ടി-20 ലോകകപ്പിൽ, യുവരാജ് സിങ് ഒരു ഓവറിൽ ആറു സിക്സറുകളടിച്ച മത്സരത്തിലായിരുന്നു രോഹിത്തിന്റെ ടി-20 അരങ്ങേറ്റം. അന്ന് ഏഴാമനായിരുന്ന പയ്യൻസിന് ബാറ്റുചെയ്യാൻ അവസരം കിട്ടിയില്ല. ഇരുപതുകാരന്റെ അരങ്ങേറ്റം ആരും ഓർക്കാതെ പോയി. പക്ഷേ, ദക്ഷിണാഫ്രിക്കയുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ മൂന്നിന് 33 എന്ന തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത് രോഹിത്തിന്റെ 40 പന്തിലെ അർധസെഞ്ചുറിയായിരുന്നു. ഇന്ത്യ കിരീടം നേടിയ പാകിസ്താനെതിരായ ഫൈനലിലും രോഹിത്തിന്റെ ബാറ്റിങ് നിർണായകമായി 30 (16). അതൊരു താരോദയമായിരുന്നു...

2011 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം. 15 അംഗ ടീമിലെ 14 പേരും ആരൊക്കെയെന്ന് ഉറപ്പായിരുന്നു. ആ പതിന്നാലിൽ രോഹിത്തുണ്ടായിരുന്നു. ആർ. അശ്വിനും പിയൂഷ് ചൗളയും പ്രഗ്യാൻ ഓജയുമായിരുന്നു 15-ാമനാകാൻ മത്സരിച്ചത്. അശ്വിൻ എന്ന സ്പിന്നറെ വിട്ടുകളയാൻ മാനേജ്‌മെന്റിന് മടിയായിരുന്നു അയാൾ ടീമിൽ കയറി. പിന്നെ സ്പിന്നർകൂടി വേണമായിരുന്നു. പിയൂഷ് ചൗള ടീമിലെത്തി, രോഹിത് പുറത്തേക്കും. ഉറപ്പിച്ചിരുന്ന സ്ഥാനം പോയത് രോഹിത്തിനെ തകർത്തു കളഞ്ഞു. അയാൾ വീണ്ടും ‘ഒറ്റമുറി’യിൽ ഒതുങ്ങി. യുവരാജ് സിങ്ങും അഭിഷേക് നായരുമാണ് രോഹിത്തിനെ വീണ്ടും ട്രാക്കിലേക്കെത്തിച്ചത്. ആ തിരിച്ചുവരവ് അയാളെ ഇന്ത്യൻ നായകനോളം വളർത്തി.

സഹകളിക്കാരെ ഉപദേശിച്ച് വശംകെടുത്താതിരിക്കുകയായിരുന്നു ധോനിയുടെ ടീം മാനേജ്‌മെന്റ്. അവർ സ്വയം അറിഞ്ഞ് എല്ലാം ചെയ്യണമെന്നായിരുന്നു നിലപാട്. ഓരോരുത്തരെയും എങ്ങനെ ഉപയോഗിക്കണമെന്ന് ധോനിക്കറിയാമായിരുന്നു. നായകനായി വന്ന വിരാട് സ്വന്തം പ്രകടനത്തിലൂടെ ബാക്കിയുള്ളവരെ ഉത്തേജിപ്പിക്കുകയായിരുന്നു. ഒപ്പം എല്ലാവരിലും ഒരു അരക്ഷിതത്വം നിറച്ചു... ആരും ടീമിൽ സ്ഥിരമല്ലെന്നത്. അത് ടീമിന്റെ ഇന്ധനമായി മാറുമെന്ന് കോലി വിശ്വസിച്ചു.

പക്ഷേ, രോഹിത് എന്ന നായകൻ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. ‘ബോയ്‌സ്’ എന്നും വിളിച്ച് കളിയുടെ സൂക്ഷ്മതലങ്ങൾവരെ അവരുമായി പങ്കുവെച്ചു. എല്ലാം തുറന്നുപറഞ്ഞു. ഒരാളെ ടീമിൽനിന്ന് മാറ്റിനിർത്തുന്ന ‘ബാഡ് ന്യൂസ്’ കോച്ച് പറയട്ടെ എന്നാണ് സാധാരണയായി ക്യാപ്റ്റന്മാർ വിചാരിക്കുക. പക്ഷേ, ദ്രാവിഡ് എത്തുന്നതിന് മുമ്പുതന്നെ രോഹിത് അവരുമായി അതു പങ്കുവെച്ചിട്ടുണ്ടാകും. ‘‘നിന്റെ പെർഫോമൻസ് പോരാ, പുറത്തിരിക്ക്.’’ എന്ന് മുഖത്തുനോക്കി പറയും. കേട്ടാൽ ചെവിപൊത്തി പ്പോകുന്നതരം ചീത്ത വിളിക്കും. തൊട്ടടുത്ത നിമിഷം ചീത്തകേട്ടവരുടെ തോളിൽ കൈയിട്ടു നടക്കുകയും ചെയ്യും. ഈ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മിച്ചൽ മാർഷിന്റെ ക്യാച്ച് എടുക്കാതിരുന്ന ഋഷഭ് പന്തിനോട് ക്ഷോഭിക്കുന്നതു കണ്ടു. തൊട്ടുപിന്നാലെ നടന്ന സെമിയിൽ ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ അപ്രതീക്ഷിതമായി സ്റ്റമ്പുചെയ്ത ഋഷഭിനെ ലാളിക്കുന്ന രോഹിതിനെയും കണ്ടു. പുതിയകാല ക്രിക്കറ്റ് വ്യക്തിഗത നേട്ടങ്ങളുടേതല്ല, ടീം പെർഫോമൻസിന്റേതാണെന്ന തത്ത്വശാസ്ത്രം രോഹിത് നടപ്പാക്കി. സെഞ്ചുറിയും അർധസെഞ്ചുറിയും അയാളെ മോഹിപ്പിച്ചില്ല. മോഹിപ്പിച്ചത് ലോകകപ്പ് മാത്രമായിരുന്നു. ആ സ്വപ്നം ശനിയാഴ്ച പൂർത്തിയായി.