ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിരാശനായ പാക് യുവതാരം നസീംഷായെ സാന്ത്വനിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം പരാജയപ്പെട്ടതിനു പിന്നാലെ കരച്ചിലടക്കാനാവാതെ ഗ്രൗണ്ട് വിടുകയായിരുന്ന നസീംഷായെ രോഹിത് അടുത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

To advertise here,

മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് 113 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യ ആറ് റണ്‍സിന്റെ ജയംകുറിച്ചു. മത്സരത്തില്‍ പാകിസ്താനുവേണ്ടി മികച്ച പ്രകടനമാണ് നസീംഷാ പുറത്തെടുത്തത്. നാലോവറില്‍ 21 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ 21-കാരനായ നസീം ഷായ്ക്ക് സാധിച്ചു. കൂടാതെ നാല് പന്തില്‍ പുറത്താവാതെ 10 റണ്‍സ് നേടാനും കഴിഞ്ഞു. പക്ഷേ, ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല.

സാധ്യമായത് എല്ലാം നല്‍കിയിട്ടും ടീം വിജയിച്ചില്ലെന്നത് നസീമിനെ അതീവ നിരാശനാക്കി. കണ്ണീരടക്കാനാവാതെ താരം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഇതുകണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നസീമിന്റെ പിറകില്‍ തട്ടി സമാശ്വസിപ്പിച്ചു. തോറ്റുമടങ്ങുമ്പോള്‍ നസീമിനൊപ്പം ക്രീസിലുണ്ടായിരുന്ന ഷഹീന്‍ അഫ്രീദിയും സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഫലവത്തായില്ല. കരച്ചിലോടെയാണ് നസീം ഗ്രൗണ്ട് വിട്ടത്.