ദീര്‍ഘവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പ് കിരീടത്തില്‍ ചുണ്ടുവെച്ച് അയാളും സ്‌നേഹിതനും പടിയിറങ്ങി. ഇനിയൊരു ഐ.സി.സി. ട്രോഫിയില്ലെന്ന നിരാശ രോഹിത് ശര്‍മ എന്ന ക്യാപ്റ്റനു വേണ്ട. ടി20 ലോകകപ്പ് നേടിയില്ലെന്ന നിരാശ വിരാട് കോലിക്കും വേണ്ട. കിരീടം ചൂടിയതിന്റെ നിര്‍വൃതിയിലങ്ങനെയിരിക്കുമ്പോഴാണ് നിരാശ പടര്‍ത്തുന്ന ആ വാര്‍ത്തയുംകൂടി വന്നത്. കോലിയും രോഹിതും അന്താരാഷ്ട്ര ടി20 മതിയാക്കിയെന്ന പ്രഖ്യാപനം. ക്രിക്കറ്റിന്റെ സൗന്ദര്യവര്‍ധകരായ അതികായന്‍മാരെ ഇനി ഷോര്‍ട്ട് ഫോര്‍മാറ്റില്‍ കാണാനാവില്ലെന്നതിന്റെ സങ്കടം ബാക്കിയുണ്ട്. അതോര്‍ത്തിരിക്കേണ്ട സമയമല്ലല്ലോ... ഇപ്പോള്‍ കിരീടനേട്ടം ആഘോഷിക്കാം.

To advertise here,

ഓര്‍മയില്ലേ, അഹമ്മദാബാദില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറ വയ്ക്കേണ്ടിവന്ന ഏകദിന ലോകകപ്പ്. ഒരു ദുസ്സ്വപ്നംപോലെ അത് രോഹിത്തിനെയും കോലിയെയും കാര്‍ന്നുതിന്നുകാണും.  അതില്‍നിന്നുള്ള മോചനത്തിന് രോഹിത്തിനും അയാളുടെ സ്‌നേഹിതന്‍ കോലിക്കും ഒരു കപ്പ് വേണമായിരുന്നു. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍നിന്ന് ഇപ്പോഴും മുക്തരായിട്ടുണ്ടാവില്ല ആ മനുഷ്യര്‍. 

സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഡഗ്ഔട്ടില്‍ ഇരുന്ന് വികാരനിര്‍ഭരനായി കണ്ണീരൊലിപ്പിച്ച രോഹിത്, ഫൈനലിനുശേഷം സന്തോഷാശ്രു പൊഴിക്കുന്നത് കാണാന്‍ എന്തു ചേലായിരുന്നു. അയാളെ മാത്രമല്ല, കോലിയെയും ഹാര്‍ദിക്കിനെയും മറ്റെല്ലാവരെയും ഏറ്റവും ഭംഗിയോടെയാണ് കാണാന്‍  കഴിഞ്ഞത്. ഒരു കളിക്കുമിറങ്ങാത്ത സഞ്ജുവിലും ജയ്‌സ്വാളിലുംവരെയുണ്ടായിരുന്നു ആ ഭംഗി. ഒറ്റ കളിപോലും തോല്‍ക്കാതെ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനല്‍വരെയെത്തിച്ച രോഹിത്തെന്ന കപ്പിത്താന്‍, ടി20 ലോകകപ്പിലും അത് ആവര്‍ത്തിച്ചു. പക്ഷേ, ലോകകപ്പിലേതുപോലെ ഫൈനലില്‍ തോല്‍വി തുടര്‍ക്കഥയായില്ല. നീണ്ട 17 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരിക്കല്‍ക്കൂടി ടി20 ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുന്നു. 

നിര്‍ഭാഗ്യങ്ങള്‍ പലതുകണ്ട രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. ആധികാരികമായിരുന്നു രണ്ട് ടീമുകളുടെയും ഫൈനല്‍ പ്രവേശം. ഒറ്റ കളിയും തോല്‍ക്കാതെ മുന്നേറിയവര്‍. ഇന്ത്യ ലോക റാങ്കിങ്ങില്‍ ഒന്നാമതാണെങ്കില്‍ ദക്ഷിണാഫ്രിക്ക അഞ്ചാമത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് പ്രോട്ടീസിന്റെ വരവെങ്കില്‍, പാകിസ്താന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇതിനകംതന്നെ ശക്തി തെളിയിച്ചതാണ് രണ്ട് ടീമുകളും. 

അപരാജിതരില്‍ ഏതെങ്കിലുമൊരു ടീമിന്റെ കുതിപ്പ് അവസാനിക്കുന്നതോടെയാണല്ലോ കിരീടം എങ്ങോട്ടെന്ന് തീരുമാനിക്കപ്പെടുക. ഏതായാലും ഇന്ത്യ കുതിപ്പ് തുടര്‍ന്നു. കപ്പ് നമ്മുടെ കൈയില്‍ ഭദ്രം. എന്തു മനോഹരമായ ലോകകപ്പായിരുന്നു ഇത്. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം മുതല്‍ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍വരെയുള്ള ആ യാത്ര ഒന്നു കണ്ണിരുത്തി കാണാന്‍ വല്ലാത്ത പൂതി. 

പ്രീമിയം ബൗളറായ ജസ്പ്രീത് ബുംറയുടെ ഐതിഹാസികമായ ഏറുകള്‍, കാറിടിച്ച് മരണാസന്നനായിക്കിടന്ന മനുഷ്യന്റെ വിസ്മയാവഹമായ മടങ്ങിവരവ്, കണ്ണഞ്ചിപ്പിക്കുന്ന ഹിറ്റ്മാന്‍ ബ്രില്യന്‍സ്, അക്ഷറിന്റെ അടിപൊളി ഏറുകള്‍, അതിലുപരി മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയ ആ ക്യാച്ച്, അര്‍ഷ്ദീപും കുല്‍ദീപും പന്തില്‍ കരുതിവെച്ച കെണിവലകള്‍, ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ടിങ്, സൂര്യകുമാറിന്റെ ജ്വലനം... ഒടുവില്‍ കോലിയുടെ ക്ലാസ് പ്രകടനത്തിലൂടെ കൈവന്ന കിരീടംവരെയുള്ള എത്രയെത്ര ചേതോഹരമായ നിമിഷങ്ങള്‍... 

ഒരാള്‍ ഫോംഔട്ടായാല്‍ മറ്റൊരാള്‍ ഫോമാവും. ഇന്ന് നിറംകെടുന്നയാള്‍ നാളെ മിന്നുന്ന കളി കളിക്കും. അതായിരുന്നു സ്ഥിതി. 15 പേരുടെ പൊട്ടന്‍ഷ്യലുള്ള ഇലവനായിരുന്നു ഇന്ത്യയുടേത്. അവരെ എട്ട് ബാറ്റര്‍മാരും ഏഴ് ബൗളര്‍മാരും എന്ന രീതിയില്‍ കണക്കാക്കാം. ഇതുപോലൊരു തന്ത്രജ്ഞത നിറഞ്ഞ ലൈനപ്പ് നാളിതുവരെയുള്ള ഒരു ടൂര്‍ണമെന്റിലും ഇന്ത്യക്കുണ്ടായിട്ടില്ല. ആധികമായിത്തന്നെ ഈ ടീം ഓരോ കടമ്പയും കടന്നു മുന്നേറി. അയര്‍ലന്‍ഡ് മുതല്‍ ദക്ഷിണാഫ്രിക്ക വരെയുള്ള ഇന്ത്യയുടെ ഏറ്റുമുട്ടലുകളെ പരിചയപ്പെടാം. 

അനായാസം

ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ തുടങ്ങി. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയും (37 പന്തില്‍ 52) ഹാര്‍ദിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്. ഐറിഷിനെ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ വിജയിച്ചു. ഋഷഭ് പന്ത് 26 പന്തില്‍ 36 റണ്‍സ് നേടി. ബുംറയ്ക്കും അര്‍ഷ്ദീപിനും രണ്ടുവീതം വിക്കറ്റുകളുണ്ടായിരുന്നു. 

ത്രില്ലിങ് പോരാട്ടം

ലോകകപ്പ് ഫിക്സ്ചര്‍ പുറത്തുവന്ന കാലം മുതല്‍ത്തന്നെ ക്രിക്കറ്റ് ആരാധകര്‍ ഒന്നാകെ കാത്തുനിന്ന പോരാട്ടമായിരുന്നു ഇന്ത്യ - പാക് മത്സരം. ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും അത് കളിയേതരമായ മറ്റ് അനുഭൂതികള്‍ കൂടി പകരുന്ന മത്സരമാണ്. ന്യൂയോര്‍ക്കില്‍ ജൂണ്‍ ഒന്‍പതിന് നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചു. 

ബാറ്റര്‍മാരിലുപരി ബൗളര്‍മാരുടെ ആധിപത്യം കണ്ട മത്സരമായിരുന്നു അത്. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വെറും 119 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയിരുന്നു. നസീം ഷായും ഹാരിസ് റൗഫും മൂന്നുവീതം വിക്കറ്റുകള്‍ നേടി. 31 പന്തില്‍ 42 റണ്‍സെടുത്ത ഋഷഭ് പന്തൊഴിച്ചാല്‍ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല. 

പക്ഷേ, അതിലും ചെറിയ സ്‌കോറിന് പാക് ബാറ്റര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ പിടിച്ചുകെട്ടി എന്നതാണ് യാഥാര്‍ഥ്യം. ബുംറ 14 റണ്‍സ് വിട്ടുനല്‍കി നാലുപേരെയും പാണ്ഡ്യ രണ്ടുപേരെയും മടക്കി. ഇന്ത്യന്‍ സ്‌കോറിന്റെ ആറ് റണ്‍സകലെ പാകിസ്താന്‍ അടിയറവ് പറഞ്ഞു. 

അട്ടിമറിയാവാം, അത് ഇന്ത്യക്ക് മുന്നില്‍ ആവരുത്

യു.എസ്.എ.യ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. ന്യൂയോര്‍ക്ക് തന്നെ വേദി. അര്‍ഷ്ദീപ് സിങ്ങിന്റെ നാലുവിക്കറ്റ് ബലത്തില്‍ യു.എസിനെ നിശ്ചിത ഓവറില്‍ 110 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സൗരഭ് നേത്രവാല്‍ക്കര്‍ ഞെട്ടിച്ചതാണ്. മൂന്നാം ഓവറില്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്താക്കി നേത്രവാല്‍ക്കര്‍ യു.എസിന് ഗംഭീര ബ്രേക്ക്ത്രൂ നല്‍കി. പക്ഷേ, സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയും (49 പന്തില്‍ 50) ശിവം ദുബെയും ഇന്നിങ്സും (35 പന്തില്‍ 31) നീലപ്പടയെ സഹായിച്ചു. പത്ത് പന്ത് ബാക്കിയിരിക്കേ ഇന്ത്യ ജയിച്ചു. തുടര്‍ന്ന് കാനഡയ്ക്കെതിരേ നടക്കേണ്ടിയിരുന്ന കളി മഴയില്‍ കലാശിച്ചു. ഇതോടെ ഏഴ് പോയിന്റ് ബലത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ എട്ടിലേക്ക്. 

അഫ്ഗാനെയും വീഴ്ത്തി

ലോകകപ്പില്‍ ഓസ്ട്രേലിയയെ വരെ തോല്‍പ്പിച്ച് സെമിയില്‍ക്കടന്ന ടീമാണ് അഫ്ഗാനിസ്താന്‍. പക്ഷേ, സൂപ്പര്‍ എട്ടിലെ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വിയായിരുന്നു ഫലം. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 181 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവും (28 പന്തില്‍ 53) ഹാര്‍ദിക് പാണ്ഡ്യയും (24 പന്തില്‍ 32) തകര്‍ത്തടിച്ചതാണ് ഇന്ത്യക്ക് ഗുണമായത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 134 റണ്‍സില്‍ പുറത്തായി. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മൂന്നുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 

ഇതോ കടുവകള്‍

സൂപ്പര്‍ എട്ടില്‍ രണ്ടാംമത്സരം ബംഗ്ലാദേശുമായിട്ടായിരുന്നു. വിരാട് കോലിയും ശിവം ദുബെയും ഫോമായ മത്സരം. 28 പന്തില്‍ 37 റണ്‍സുമായി കോലിയും 24 പന്തില്‍ 36 റണ്‍സോടെ പന്തും 24 പന്തില്‍ 34 റണ്‍സോടെ ശിവം ദുബെയും കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 146 റണ്‍സില്‍ പുറത്തായി. കുല്‍ദീപ് യാദവ് മൂന്നും ബുംറ, അര്‍ഷ്ദീപ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മധുരപ്രതികാരം

ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ശരിയായ ബലപരീക്ഷണം നടത്താന്‍ കിട്ടിയ മത്സരം. ഓസ്ട്രേലിയയായിരുന്നു എതിരാളി. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യയുടെ മനസ്സിലുണ്ട്. അതുംകൂടി കൂട്ടി ഇന്ത്യ തിരിച്ചുകൈാടുത്തു. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 206 റണ്‍സ് നേടി. രോഹിത് ശര്‍മയുടെ മിന്നലാട്ടം കണ്ട മത്സരമായിരുന്നു ഇത്. 41 പന്തില്‍ 92 റണ്‍സുമായി ക്യാപ്റ്റന്‍ മുന്നില്‍നിന്ന് നയിച്ചു. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സുമായി വെടിക്കെട്ട് തീര്‍ത്തു. 

പക്ഷേ, ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വീണ്ടുമൊരു തോല്‍വി മണത്തു. അന്ന് ലോകകപ്പ് ഇന്ത്യയില്‍നിന്ന് തട്ടിപ്പറിച്ച ട്രാവിസ് ഹെഡ് ഇവിടെയും കത്തിക്കയറി. 43 പന്തില്‍ 76 റണ്‍സോടെ നിന്ന ഹെഡിനെ അക്ഷര്‍ പട്ടേല്‍ മനോഹരമായ ഒരു ക്യാച്ചോടെ പുറത്താക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. അര്‍ഷ്ദീപ് സിങ്ങിന്റെ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവിന്റെ രണ്ട് വിക്കറ്റും ഇന്ത്യക്ക് 24 റണ്‍സിന്റെ ജയം സമ്മാനിച്ചു. ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. 

മധുരപ്രതികാരം (2)

സെമി ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. 2022 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്തവര്‍. ആ കണക്കും മനസ്സില്‍വെച്ച് കളിച്ച ഇന്ത്യ ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റും വീഴ്ത്തി മധുരപ്രതികാരം ചെയ്തു. അന്ന് ഇന്ത്യയോട് 16 ഓവറില്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ കെട്ടുകെട്ടിച്ചാണ് ഇന്ത്യ മറുപടി പറഞ്ഞത്. 

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 172 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത്-സൂര്യകുമാര്‍ ദ്വയം താരമായതാണ് ഇന്ത്യക്ക് കരുത്തായത്. 39 പന്തില്‍ 57 റണ്‍സോടെ രോഹിത്തും 36 പന്തില്‍ 47 റണ്‍സോടെ സൂര്യകുമാറും നിലയുറപ്പിച്ചു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കഴിഞ്ഞ ലോകകപ്പിലേതുപോലെ ജോസ് ബട്ലര്‍ പേടിപ്പിച്ചതാണ്. തകര്‍പ്പനടി നടത്തി തുടങ്ങിയെങ്കിലും അക്ഷര്‍ പട്ടേലെത്തി അപകടം ഒഴിവാക്കി. ബാറ്റര്‍മാര്‍ കൂപ്പുകുത്തി വീണതോടെ 16.4 ഓവറില്‍ 103 റണ്‍സിന് ഇംഗ്ലണ്ടിന്റെ കളിയവസാനിച്ചു. കുല്‍ദീപ് യാദവും അക്സറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബുംറ രണ്ടെണ്ണം വീഴ്ത്തി.

തിരിച്ചുവരവ്

അവസാനം ഫൈനലിലേക്ക്. ഇന്ത്യയെപ്പോലെതന്നെ തോല്‍ക്കാതെയെത്തിയ ദക്ഷിണാഫ്രിക്കയുമായാണ് അങ്കം. ജയമകലെ കാത്ത് കിരീടം. ടോസിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചു. ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചെന്നു തോന്നിച്ച നിമിഷങ്ങള്‍. ആദ്യ അഞ്ചോവറിനിടെ മൂന്ന് മുന്‍നിര വിക്കറ്റ് നഷ്ടപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം നിറംമങ്ങിയ കോലി പക്ഷേ, ഫൈനലില്‍ തന്റെ വിശ്വരൂപം പൂണ്ടു. അക്ഷര്‍ പട്ടേലിനൊപ്പം നിലയുറപ്പിച്ച് കളിച്ച് റണ്‍സ് ഉയര്‍ത്തി. 59 പന്തില്‍നിന്ന് 76 റണ്‍സാണ് കോലി നേടിയത്. അക്ഷര്‍ 31 പന്തില്‍നിന്ന് 47 റണ്‍സും നേടി. ശിവം ദുബെയും നേടി 27 റണ്‍സ്. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ ആകെ സ്‌കോര്‍ നിശ്ചിത ഓവറില്‍ 176 റണ്‍സ്. 

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക ഭയപ്പെടുത്തിയതാണ്. ക്വിന്റണ്‍ ഡി കോക്കും ട്രിസ്റ്റന്‍ സ്റ്റബ്‌സും ക്ലാസനും മില്ലറും നിലയുറപ്പിച്ച് തകര്‍ത്തുകളിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. പക്ഷേ, ഹാര്‍ദിക്കും ബുംറയും അര്‍ഷ്ദീപും ചേര്‍ന്ന ബൗളിങ് സഖ്യം ഇന്ത്യയെ കളിയിലേക്ക് തിരികെയെത്തിച്ചു. മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാര്‍ദിക് നേടിയത്. ടൂര്‍ണമെന്റിലെ ഹാര്‍ദിക്കിന്റെ ഏറ്റവും മികച്ച പന്തേറ്. ഫലത്തില്‍ ഇന്ത്യ ജയിക്കുകയും വിശ്വകിരീടം നേടുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് ഏഴുറണ്‍സ് ജയം.