
അന്ന് ലോർഡ്‌സിൽ നമ്മളെങ്ങനെ തോറ്റു...? ഇംഗ്ലണ്ടിന് ഇപ്പോഴും ഉത്തരംകിട്ടാത്ത സമസ്യയാണ് 2009-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നെതർലൻഡ്‌സിനോടേറ്റ തോൽവി. ലോകകപ്പിൽ നെതർലൻഡ്‌സിന്റെ അരങ്ങേറ്റമായിരുന്നു അത്. ആ നാലുവിക്കറ്റ് ജയം ടി20 ലോകകപ്പിലെ വലിയ അട്ടിമറിയായി. അതേ നെതർലൻഡ്‌സിനുമുന്നിൽ കഴിഞ്ഞദിവസം ശ്രീലങ്കയും വീണു.
ലോകകപ്പ് സന്നാഹമത്സരമായിരുന്നെങ്കിലും വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ 20 റൺസിനാണ് നെതർലൻഡ്‌സ് ശ്രീലങ്കയെ തോൽപ്പിച്ചത്. വരാനിരിക്കുന്ന ചില ഞെട്ടിക്കലുകളുടെ സൂചനയാണത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന അമേരിക്കയും വളർന്നുവരുന്ന നമീബിയയും ചെറിയചെറിയ ഭൂകമ്പം സൃഷ്ടിക്കാൻപോന്ന ടീമുകളാണ്.
അമേരിക്ക
ലോകകായികഭൂപടത്തിലെ പവർഹൗസാണ് അമേരിക്ക. അടുത്ത ഒളിമ്പിക്സിൽ മത്സരയിനമായ ക്രിക്കറ്റിലും പതിയെ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണവർ. 2028-ഓടെ അമേരിക്കയിൽ 10 ലക്ഷം കുട്ടികൾ കളിക്കുന്ന സ്‌പോർട്‌സ് ആക്കി ക്രിക്കറ്റിനെ മാറ്റാനാണ് ലക്ഷ്യം. അതിന്റെ അടിത്തറയാണ് ടി20 ലോകകപ്പ്. ന്യൂസീലൻഡ് മുൻതാരമായ ഇടംകൈയൻ ബാറ്റിങ് ഓൾറൗണ്ടർ കൊറി ആൻഡേഴ്‌സണാണ് അവരുടെ പ്രധാനതാരം. എ.ബി. ഡിവിലിയേഴ്‌സിനുമുമ്പ് ഏകദിനത്തിലെ അതിവേഗസെഞ്ചുറി (36 പന്തിൽ 131) ആൻഡേഴ്‌സന്റെ പേരിലായിരുന്നു. 2015-ലെ ഏകദിന ലോകകപ്പും 2014, 2016 വർഷങ്ങളിലെ ടി20 ലോകകപ്പും കളിച്ച ആൻഡേഴ്‌സണെ രണ്ടുമാസംമുമ്പാണ് അമേരിക്കൻ ടീമിലെത്തിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യൻവംശജരോ ആണ് ടീമിലെ പ്രധാനതാരങ്ങൾ. ഗുജാറത്തിലെ ആനന്ദിൽ ജനിച്ച വിക്കറ്റ് കീപ്പർ ബാറ്റർ മൊണാങ്ക് പട്ടേലാണ് നായകൻ. ഗുജറാത്ത് അണ്ടർ 16, 19 ടീമുകളിൽ കളിച്ചിട്ടുണ്ട്. ഡൽഹി രഞ്ജി ടീമിലെ പ്രധാനതാരമായിരുന്ന മിലിന്ദ് കുമാർ ബാറ്റിങ് നിരയിലെ നെടുംതൂണായേക്കും. രഞ്ജിയിൽ 2018-19 സീസണിൽ 1331 റൺസ് നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു. ഡൽഹി ഡെയർഡെവിൾസിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും നിരയിലുണ്ടായിരുന്നെങ്കിലും ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല.
മുംബൈയിൽ ജനിച്ച് ഇന്ത്യൻ അണ്ടർ 19 ലോകകപ്പിൽ കളിച്ച ഹർമീത് സിങ് എന്ന ഇടംകൈയൻ സ്പിന്നറും ടീമിലുണ്ട്. കഴിഞ്ഞമാസം ഹർമീത് കാനഡയ്ക്കെതിരേ 17 പന്തിൽ 34 റൺസും 18 റൺസിന് നാലുവിക്കറ്റും നേടിയിരുന്നു.
ജെസ്സി സിങ്, നിസർഗ് പട്ടേൽ, കാനഡയുടെ ക്യാപ്റ്റനായിരുന്ന നിതീഷ് കുമാർ, സൗരഭ് നേത്രവത്കർ തുടങ്ങി ‘ഇന്ത്യൻ കണക്ഷൻ’ ഏറെയുണ്ട്. പാകിസ്താനിലെ പഞ്ചാബിൽ ജനിച്ച മുഹമ്മദ് അഹ്‌സാൻ അലി ഖാൻ എന്ന ഫാസ്റ്റ് ബൗളർ അമേരിക്കയുടെ പേസ് കരുത്താണ്. അതിവേഗ യോർക്കറാണ് പ്രധാന ആയുധം. ‘യോർക്കർ മെഷീൻ’ എന്നറിയപ്പെടുന്നു. ഈയിടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അമേരിക്ക 2-1-ന് ജയിച്ചിരുന്നു. അതിനുമുമ്പ് കാനഡയെ 4-0ത്തിന് തോൽപ്പിച്ചു. ഇന്ത്യയും പാകിസ്താനമുൾപ്പെടുന്ന എ ഗ്രൂപ്പിലാണ് അമേരിക്ക.
നമീബിയ
നമീബിയ വരവറിയിച്ചത് 2022 ടി20 ലോകകപ്പിലായിരുന്നു. ഇന്ത്യ, പാകിസ്താൻ ടീമുകളെ തോൽപ്പിച്ച് ഏഷ്യ കപ്പും നേടി ലോകകപ്പ് ലക്ഷ്യമിട്ടെത്തിയ ശ്രീലങ്കയെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെത്തന്നെ നമീബിയ അന്ന് ഞെട്ടിച്ചിരുന്നു. ശ്രീലങ്കയെ ആദ്യറൗണ്ടിൽ 55 റൺസിനാണവർ തോൽപ്പിച്ചത്. ഇത്തവണ ടി20 ലോകകപ്പിലെ ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ അപരാജിതരായിരുന്നു നമീബിയ. സന്നാഹമത്സരത്തിൽ ഓസ്‌ട്രേലിയയോട് ഏഴുവിക്കറ്റിന് തോറ്റെങ്കിലും 20 ഓവറിൽ 119 റൺസടിച്ചത് ചെറിയകാര്യമല്ല.
നേപ്പാളിനെതിരേ 33 പന്തിൽ സെഞ്ചുറിനേടിയ നമീബിയൻ നായകൻ ലോഫ്റ്റി ഏറ്റൺ അച്ചടക്കനടപടിയുടെ ഭാഗമായി ടീമിൽനിന്ന് പുറത്തായത് വലിയ നഷ്ടമാകും. ഓൾറൗണ്ടർ ജെറാർഡ് ഇറാസ്മസാണ് ഇപ്പോഴത്തെ നായകനും മധ്യനിരബാറ്റിങ്ങിന്റെ നെടുംതൂണും. ജെറാർഡിന്റെ ഓഫ് സ്പിന്നും കരുത്താണ്. മുൻ ദക്ഷിണാഫ്രിക്കൻ താരമായ മീഡിയം പേസർ ഡേവിഡ് വീസ് ബൗളിങ്ങിന്റെ ചുക്കാൻപിടിക്കുന്നു. മികച്ച മധ്യനിരബാറ്ററുമാണ് വീസ്. ഈ വർഷമാദ്യം അണ്ടർ 19 ലോകകപ്പ് കളിച്ച ഡെയ്‌ലൻ ലീച്ചെർ, ഇടംകൈയൻ പേസർ റുബെൻ ട്രംപെൽമാൻ, മീഡിയം പേസർ ജാക്ക് ബ്രസ്സെൽ എന്നീ പേസർമാർ ടീമിലുണ്ട്. ഓഫ് സ്പിന്നർ ബെർണാട് സ്‌കോൾസ് മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ പ്രാപ്തനാണ്.
Content Highlights: icc t20 world cup 2024 namibia and usa
Published: 31 May 2024, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented