ആന്റിഗ്വ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ നിലംപരിശാക്കി ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്കുള്ള വഴി കൂടുതല്‍ ദൃഢമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരത്തില്‍ 41 റണ്‍സിന് നമീബിയയെ പരാജയപ്പെടുത്തി.  ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇനി ഇംഗ്ലണ്ടിന്റെ ഭാവി. ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് നമീബിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 

To advertise here,

മഴ ദീര്‍ഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവില്‍ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ നമീബിയയ്ക്ക് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്ക് ആയുള്ളൂ.

നേരത്തെ ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ 
ജോണി ബെയര്‍സ്റ്റോയും ഹാരി ബ്രൂക്കുമാണ് കരകയറ്റിയത്. ഹാരി ബ്രൂക്ക് 20 പന്തില്‍നിന്ന് 47 റണ്‍സടിച്ചപ്പോള്‍ ബെയര്‍സ്റ്റോ 18 പന്തില്‍ നിന്ന് 31 എടുത്തു. രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലീഷ് സ്‌കോര്‍ രണ്ടില്‍നില്‍ക്കെ ബട്ട്‌ലറെ (0)നഷ്ടപ്പെട്ടു. മൂന്നാം ഓവറില്‍ ഫില്‍ സാല്‍ട്ടും (11) മടങ്ങി. പിന്നീടാണ് ബെയര്‍സ്റ്റോയും ഹാരി ബ്രൂക്കും താണ്ഡവമാടിയത്. ബെയര്‍സ്റ്റോ മടങ്ങിയതിന് പിന്നാലെ എത്തിയ മൊയീന്‍ അലിയും ലിയാം ലിവിങ്‌സ്‌റ്റോണും മോശമാക്കിയില്ല. മൊയീന്‍ അലി ആറ് പന്തില്‍ നിന്ന് 16 അടിച്ചു. നാല് പന്തില്‍നിന്ന് 13 റണ്‍സായിരുന്നു ലിയാമിന്റെ സംഭാവന. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 അടിച്ചത്.

മറുപടി ബാറ്റിങില്‍ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിന്‍ഗന്‍ നമീബിയയ്ക്കായി 29 പന്തില്‍നിന്ന് 33 റണ്‍സെടുത്തു. 12 പന്തില്‍ നിന്ന് ഡേവിഡ് വീസ് 12 പന്തില്‍ നിന്ന് 27 ഉം സ്‌കോര്‍ ചെയ്തു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സില്‍ അവരുടെ ഇന്നിങ്‌സ് അവസാനിച്ചു.

ഗ്രൂപ്പ് ബിയില്‍ സ്‌കോട്ട്ലന്‍ഡുമായുള്ള മത്സരം മഴകാരണം ഉപേക്ഷിക്കുകയും ഓസ്ട്രേലിയയോട് തോല്‍ക്കുകയുംചെയ്തതോടെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പ്രതിസന്ധിയിലായത്. എന്നാല്‍ പിന്നീട് നടന്ന ഒമാനെതിരായ മത്സരത്തില്‍ തര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ചേസിങ്ങില്‍ ഒമാനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ്‌ ഇംഗ്ലണ്ട് സൂപ്പര്‍ എട്ട് സാധ്യത സജീവമാക്കിയത്. നമീബിയയ്‌ക്കെതിരെ ഇന്നത്തെ ജയത്തോടെ അഞ്ചു പോയിന്റുള്ള ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനൊപ്പമാണ് പട്ടികയില്‍. ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമേ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സൂപ്പര്‍ എട്ടിലേക്ക് കടക്കാനാകൂ. കളിച്ച മൂന്ന് കളികളിലും ജയിച്ച ഓസ്‌ട്രേലിയ ഇതിനോടകം അടുത്ത ഘട്ടത്തിലേക്ക് യോഗ്യതനേടിയിട്ടുണ്ട്. നമീബിയയും ഒമാനും പുറത്താകുകയും ചെയ്തു.

ഓസ്‌ട്രേലിയ-സ്‌കോട്ട്‌ലന്‍ഡ് മത്സരം മഴമൂലം പോയിന്റ് വീതിച്ചാലും ഇംഗ്ലണ്ടിന് തിരിച്ചടിയാകും.