ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ച് അക്ഷര്‍ പട്ടേല്‍. ആദ്യ അഞ്ചോവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യക്ക് തുടര്‍ന്ന് കരുത്തായത് വിരാട് കോലിയുടെയും അക്ഷര്‍ പട്ടേലിന്റെയും കൂട്ടുകെട്ടാണ്. 31 പന്തില്‍ 47 റണ്‍സാണ് അക്ഷര്‍ നേടിയത്. ഇതില് നാല് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു. 

To advertise here,

ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരങ്ങളിലൊരാളാവാനും അക്ഷറിന് കഴിഞ്ഞു. നേരത്തേ മിസ്ബാഹുല്‍ ഹഖ്, വിരാട് കോലി, ബ്രെയ്ത്‌വെയ്റ്റ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ലോകകപ്പ് ഫൈനലില്‍ നാല് സിക്‌സുകള്‍ നേടിയിരുന്നു. 2012 ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ആറ് സിക്‌സുകള്‍ നേടിയ മര്‍ലോണ്‍ സാമുവല്‍സാണ് ഒന്നാമത്. 

14-ാം ഓവറില്‍ കഗിസോ റബാദയുടെ ഓവറില്‍ റണ്ണൗട്ടായാണ് അക്ഷര്‍ മടങ്ങിയത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന അക്ഷര്‍, സിംഗിളിനായി ശ്രമിച്ച് വീണ്ടും ക്രീസിലേക്ക് മടങ്ങി. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടു. ക്വിന്റണ്‍ ഡി കോക്ക് റണ്ണൗട്ടാക്കുകയായിരുന്നു. തകര്‍ന്ന ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന മത്സരമാണ് അക്ഷര്‍ കാഴ്ചവെച്ചത്. നാലാം വിക്കറ്റില്‍ കോലിയും അക്ഷറും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ വഴിത്തിരിവായത്.