ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തുമെന്ന് പ്രവചിച്ച് ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. ടൂര്‍ണമെന്റില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

To advertise here,

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് മുരളീധരന്‍ ഇക്കാര്യമറിയിച്ചത്. ' ഇത്തവണ കിരീടം ഉയര്‍ത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ടീം ഇന്ത്യയാണ്. ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ അവര്‍ക്ക് ഇവിടത്തെ കാര്യങ്ങള്‍ മറ്റുള്ള ടീമുകളേക്കാളും നന്നായി അറിയാം. മികച്ച ടീമാണ് ഇന്ത്യയുടേത്‌. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കും. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും പാകിസ്താനും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകും'- മുരളീധരന്‍ പറഞ്ഞു.

ഇത്തവണ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം ടീമുകള്‍ക്ക് നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈര്‍പ്പത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ പേസ് ബൗളര്‍മാര്‍ക്കും തിളങ്ങാനാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതം സിനിമയാകുന്നതുമായി ബന്ധപ്പെട്ടാണ് മുരളീധരന്‍ ഇന്ത്യയിലെത്തിയത്. ഏകദിനത്തില്‍ 534 വിക്കറ്റുകളുള്ള മുരളീധരന്‍ ലോകത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ താരമാണ്. 800 ടെസ്റ്റ്‌ വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.