ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്താന്‍ മത്സരം ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയും അഫ്ഗാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖും പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഈ മത്സരത്തെ സവിശേഷമാക്കിയത്.
ഐ.പി.എല്ലിനിടെ ഇരുവരും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറുമായും കോലി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇവര്‍ മൂന്നുപേരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഐ.പി.എല്ലിന് ശേഷം നവീനും കോലിയും പരസ്പരം ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം.
എന്നാല്‍ ഗ്രൗണ്ടില്‍ ഇരുവരും സൗഹൃദം സൃഷ്ടിച്ചതോടെ പ്രശ്‌നങ്ങളെല്ലാം അടങ്ങി. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കോലിയും നവീനും പരസ്പരം തമാശപറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിച്ചപ്പോള്‍ ഈ രംഗത്തിന് കമന്ററി പറഞ്ഞത് ഗംഭീറായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗംഭീറിന്റെ വാക്കുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
' കളിക്കളത്തില്‍ പരസ്പരം കൊമ്പുകോര്‍ക്കുവാണ് എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് അതിന്റെ ആവശ്യമില്ല. രാജ്യമേതായാലും എത്ര വലിയ താരമായാലും സ്വന്തം ടീമിനുവേണ്ടി, വിജയത്തിനുവേണ്ടി ഏതൊരു കായികതാരത്തിനും ഗ്രൗണ്ടില്‍ ശബ്ദമുയര്‍ത്താനുള്ള അവകാശമുണ്ട്. വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും പ്രശ്‌നങ്ങള്‍ പരിഹരിച്ചു. അവര്‍ തമ്മിലുള്ള വാക്കേറ്റം ഇതോടെ അവസാനിച്ചു.'- ഗംഭീര്‍ പറഞ്ഞു.
അമിതമായി നവീന്‍ ഉള്‍ ഹഖിനെ കളിയാക്കിയ ആരാധകര്‍ക്കെതിരെയും ഗംഭീര്‍ ശബ്ദമുയര്‍ത്തി. ' താരങ്ങളെ ഗ്രൗണ്ടില്‍വെച്ചോ സമൂഹമാധ്യമങ്ങളിലൂടെയോ കളിയക്കരുത്. ഒരു ടീമിനെ പ്രതിനിധീകരിക്കുമ്പോള്‍ ഓരോ താരവും വളരെ ആവേശത്തോടെയാണ് കളിക്കുന്നത്. അതിനെ ഇല്ലാതാക്കരുത്. അഫ്ഗാന്‍ താരമായ നവീന്‍ ആദ്യമായാണ് ഐ.പി.എല്‍ കളിക്കാനായി എത്തിയത്. അത് ഏവരും ഓര്‍ക്കണം'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരശേഷം കോലിയും നവീനും പരസ്പരം തമാശകള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് അഫ്ഗാനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി.
Content Highlights: Gautam Gambhir Has His Say On Virat Kohli-Naveen-ul-Haq Hug, Slams Crowd For Jeers And Taunts
Published: 12 Oct 2023, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented