
അഹമ്മദാബാദ്: ഞായറാഴ്ച ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ഗുജറാത്ത് പോലീസ്. ഓസ്ട്രേലിയന്‍ പൗരനായ വാന്‍ ജോണ്സണ് എന്നാണ് ഇയാളുടെ പേരെന്ന് പോലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച അഹമ്മദാബാദ് മോദി സ്റ്റേഡിയത്തില്‍ ഒരുക്കിയ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നായിരുന്നു വാന്‍ ജോണ്സണ് ഗ്രൗണ്ടിലിറങ്ങിയത്. പലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഇയാള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. തന്റെ പേര് ജോണ്‍ എന്നാണെന്നും ഓസ്ട്രേലിയന്‍ പൗരനാണെന്നും പിടികൂടിയതിന് പിന്നാലെ ഇയാള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിരുന്നില്ല.
'ഓസ്ട്രേലിയന്‍ പൗരനാണ് ഇയാള്‍. വാന്‍ ജോണ്സണ് എന്നാണ് പേര്. ഇയാളുടെ അമ്മ ഇന്ഡോനേഷ്യക്കാരിയും പിതാവ് ചൈനക്കാരനുമാണ്. മുമ്പും പലതവണ ഇയാള്‍ വിവിധ മത്സരവേദികളിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ട്. 2020-ല്‍ ഒരു റഗ്ബി മത്സരത്തിലേക്ക് അതിക്രമിച്ചു കയറിയതിന് ഇയാളില്‍ നിന്ന് 200 യുഎസ് ഡോളറിലധികം പിഴ ഈടാക്കിയിട്ടുണ്ട്. 2023-ല്‍ ഒരു വനിതാ മത്സരത്തിനിടെ അതിക്രമിച്ചു കയറിയതിന് 500 യുഎസ് ഡോളറാണ് പിഴ ഈടാക്കിയത്' ഗുജറാത്ത് ജോയന്റ് കമ്മിഷണര്‍ ഓഫ് ക്രൈംബ്രാഞ്ച് (ജെസിപി) നീരജ് കുമാര്‍ ബദ്ഗുജര്‍ പറഞ്ഞു.
പ്രശസ്തനാകാന് വേണ്ടിയാണ് ഇയാള്‍ ഇന്നലെ കളിക്കളത്തിലിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീല ജഴ്സിയണിഞ്ഞ് ഇന്ത്യന്‍ ആരാധകനായിട്ടാണ് ഗേറ്റ് നമ്പര്‍ ഒന്നിലൂടെ വാന്‍ ജോണ്സണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. 6.5 അടി പൊക്കത്തിലുള്ള മുള്ളുവേലി ചാടികടന്നാണ് ഇയാള്‍ ഗ്രൗണ്ടിലെത്തിയതെന്നും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇയാളുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: during the match, a person entered the stadium name Van Johnson- arrested
Published: 20 Nov 2023, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented