ധരംശാല: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറിയുമായി ന്യൂസീലന്‍ഡിനെ മുന്നില്‍നിന്ന് നയിച്ചത് ഡാരില്‍ മിച്ചെലായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 19 റണ്‍സെന്ന നിലയിലേക്ക് വീണ കിവീസിനെ 273 എന്ന, പൊരുതാവുന്ന സ്‌കോറലെത്തിച്ചത് അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ്. 127 പന്തില്‍നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 130 റണ്‍സെടുത്ത മിച്ചെല്‍ ഒടുവില്‍ അവസാന ഓവറിലാണ് പുറത്താകുന്നത്.

To advertise here,

ഇതിനിടെ കിവീസിനായി ഒരു അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. 48 വര്‍ഷത്തിനു ശേഷം ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന ന്യൂസീലന്‍ഡ് താരമായിരിക്കുകയാണ് മിച്ചെല്‍. 1975-ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയ ഗ്ലെന്‍ ടര്‍ണര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം കിവീസ് താരവും മിച്ചെലാണ്.

മാഞ്ചെസ്റ്ററില്‍ ഇന്ത്യയ്‌ക്കെതിരേ 114 റണ്‍സായിരുന്നു ഗ്ലെന്‍ ടര്‍ണര്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു കിവീസ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും മിച്ചെലിന്റെ സ്വന്തമായി. ലോകകപ്പില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ഏകദിനത്തില്‍ അഞ്ചാമത്തേതും.