സച്ചിൻ തെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചപ്പോൾ ക്രിക്കറ്റ് പണ്ഡിറ്റുകൾ ഉറപ്പിച്ചുപറഞ്ഞ ഒരുകാര്യം അദ്ദേഹം സൃഷ്ടിച്ച ചില റെക്കോഡുകൾ ഒരിക്കലും തകർക്കാനാവില്ലെന്നതായിരുന്നു. പക്ഷേ, സച്ചിൻ കളമൊഴിഞ്ഞ് ഒരു ദശകം തികയുംമുമ്പുതന്നെ ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റെക്കോഡുകളിലൊന്നിന് വിരാട് കോലി അവകാശം ഉന്നയിച്ചുകഴിഞ്ഞു.
കഴിഞ്ഞദിവസം സച്ചിന്റെ സ്വന്തം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ കളിയിൽത്തന്നെ കോലി സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
ഒടുവിൽ ആ ചരിത്രം കുറിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു മഹാരഥിയായ സൗരവ് ഗാംഗുലിയുടെ സ്വന്തം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ. 35-ാം പിറന്നാൾ ദിനത്തിൽ 289-ാം ഏകദിന മത്സരത്തിലാണ് ഈ നേട്ടം. ഇത്രയും മത്സരങ്ങളിൽ 13500-ലേറെ റൺസുണ്ട്.
290 മാച്ചിൽ 31 സെഞ്ചുറിയടക്കം 11169 റൺസായിരുന്നു സച്ചിന്റെ നേട്ടം.
ഇപ്പോഴത്തെ കോലിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടായിരത്തിലേറെ റൺസിന്റെയും 18 സെഞ്ചുറികളുടെയും കുറവ് സച്ചിനുണ്ടായിരുന്നു. വിരമിക്കുമ്പോൾ സച്ചിന്റെ സമ്പാദ്യം 18426 റൺസും 49 സെഞ്ചുറിയുമായിരുന്നു.
ആകെ റൺസിൽ സച്ചിന്റെ റെക്കോഡിനൊപ്പമെത്തണമെങ്കിൽ കോലിക്ക് ഏറെദൂരം പോകേണ്ടതുണ്ട്. എന്നാൽ, നാലുവർഷംകൂടി(39 വയസ്സുവരെ) നിലവിലെ ഫോമിൽ കളിച്ചാൽ അത് അസാധ്യമല്ലതാനും.
ഏകദിന മത്സരങ്ങളിൽ സച്ചിൻ കൂടുതൽക്കാലവും കളിച്ചത് ഓപ്പണറായാണ്. അതുകൊണ്ടുതന്നെ കൂടുതൽ മത്സരങ്ങളിൽ, കൂടുതൽ സമയം ബാറ്റുചെയ്യാൻ സച്ചിന് അവസരം കിട്ടി. ഇപ്പോഴത്തെ നിലയിൽ 350 ഏകദിന മത്സരങ്ങളിൽ കളിക്കാൻ കോലിക്ക് അവസരം ലഭിച്ചാൽ സച്ചിന്റെപേരിലുള്ള സകല റെക്കോഡും തകർക്കപ്പെടുമെന്നുതന്നെ കരുതണം.
സച്ചിൻ തെണ്ടുൽക്കർക്കുശേഷം ലോകക്രിക്കറ്റ് കണ്ട ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്ററാണ് കോലി. പക്ഷേ, ഡിഫൻസിന്റെ കാര്യത്തിൽ സച്ചിനടുത്ത് എത്തില്ല. ടെസ്റ്റ് ക്രിക്കറ്റിൽ കോലി സച്ചിന്റെ റെക്കോഡിനൊപ്പം എത്തുമെന്ന് പ്രതീക്ഷ ജനിപ്പിക്കാത്തതിന് കാരണവും അതുതന്നെ. സച്ചിന്റെ ട്രേഡ്മാർക്ക്, കിറുകൃത്യമായ സ്‌ട്രൈറ്റ് ഡ്രൈവായിരുന്നെങ്കിൽ കവർ ഡ്രൈവുകളുടെ മാസ്റ്ററാണ് കോലി. സച്ചിനുള്ളതുപോലെ ഷോട്ടുകളുടെ വിശാലശേഖരം കോലിക്കില്ല. പക്ഷേ, ക്രോസ് ബാറ്റ് ഷോട്ടുകൾ കളിക്കുന്നതിൽ മുൻതൂക്കമുണ്ട്. ബാറ്റിങ്ങിനോട് കുറെക്കൂടി ക്രിയാത്മകവും ആക്രമണോത്സുകവുമായ സമീപനമാണ് ഇപ്പോഴത്തെ കോലിയുടേത്. മനക്കരുത്തിൽ ഒരുപടിമുന്നിൽ നിൽക്കുന്നതിന്റെ സൂചനയാണത്. ക്രിക്കറ്റിൽ സച്ചിൻ തനിക്ക് ഗുരുതുല്യനാണ് കോലി പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഗുരുവിനെ പിന്തള്ളാൻ മടിയില്ലാത്ത ശിഷ്യനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.
എതിർ ടീമിന്റെ സ്കോർ പിന്തുടരുന്ന സമയത്ത് ഇന്നിങ്സ് പ്ലാൻചെയ്ത് ലക്ഷ്യത്തിലേക്കെത്തുന്ന വിരാടിന്റെ മിടുക്ക് ഒട്ടുമിക്ക സന്ദർഭങ്ങളിലും ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാവുന്നു.
സാധാരണ ബാറ്റർമാരെപ്പോലെ നിലയുറപ്പിക്കാൻ ഏറെ പന്തുകൾ പാഴാക്കാതെ തുടക്കത്തിലേ ഷോട്ടുകൾ കളിക്കാൻ വിരാടിന് കഴിയുന്നു. അവസരത്തിനൊത്ത് സ്കോറിങ്ങിന് വേഗം കൂട്ടിയും കുറച്ചും പ്രതിയോഗികളുടെ ഗെയിം പ്ലാൻ അട്ടിമറിക്കുന്നു. ആക്രമണമാണ് കോലിയുടെ മുഖമുദ്ര. സാഹചര്യത്തിനനുസരിച്ച് പ്രതിരോധത്തിലേക്ക് വലിയുമെന്നു മാത്രം. 2008 ഏപ്രിൽ 18-ന് ധാംബുള്ളയിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനം കളിച്ചുകൊണ്ടായിരുന്നു വിരാടിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം.
Content Highlights: When Kohli touches sachin tendulkar
Published: 06 Nov 2023, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented