
ഒടുവിലത് സംഭവിച്ചിരിക്കുന്നു. ഒരിക്കലും ആര്‍ക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രം സ്വന്തമാക്കിവെച്ചിരുന്ന ആ സുവര്‍ണറെക്കോഡില്‍ മറ്റൊരു ഇതിഹാസത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കിങ് കോലി എന്ന് ആരാധകര്‍ ആദരപൂര്‍വം വിളിക്കുന്ന വിരാട് കോലി. പിറന്നാള്‍ ദിനത്തില്‍ തന്നെ കരിയറിലെ 49-ാം ഏകദിന സെഞ്ചുറി നേടിയ കോലിയുടെ ഈ നേട്ടത്തിന് മധുരം അല്‍പം കൂടും. രണ്ട് തവണ സെഞ്ചുറിയ്ക്കരികില്‍ വീണുപോയ കോലിയ്ക്ക് പക്ഷേ മൂന്നാം ശ്രമത്തില്‍ പിഴച്ചില്ല. അതീവശ്രദ്ധയോടെ ഓരോ പന്തും നേരിടുമ്പോഴും കോലി മനസ്സില്‍ സെഞ്ചുറിയുടെ മോഹത്തിന് തിരികൊളുത്തിയിരുന്നു. പതിവിന് വിപരീതമായി വളരെ പതിയെ ബാറ്റിങ് തുടര്‍ന്ന കോലി 119 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറികളിലൊന്നാണിത്.
35-ാം പിറന്നാള്‍ ദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ക്രീസിലെത്തിയ കോലിയെ തിങ്ങി നിറഞ്ഞ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലെ ആരാധകര്‍ വമ്പന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. താരം ഓരോ റണ്‍ നേടുമ്പോഴും ഗ്യാലറി ആര്‍ത്തിരമ്പി. അര്‍ധസെഞ്ചുറി നേടിയപ്പോള്‍ തന്നെ പലരും കോലി ഇന്ന് സെഞ്ചുറി നേടുമെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്താന്‍ ആരംഭിച്ചു. ഒടുവില്‍ ആരാധകരുടെ ആ ആഗ്രഹം കോലി സാധിച്ചുകൊടുത്തു. കഗിസോ റബാദയുടെ 49-ാം ഓവറിലെ മൂന്നാം പന്തില്‍ സിംഗിളെടുത്തുകൊണ്ട് കോലി ആ റെക്കോഡിനൊപ്പമെത്തി. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം.
കരിയറില്‍ ഇതിനോടകം സച്ചിന്റെ നിരവധി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ കോലി ഇനിയും ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു സെഞ്ചുറി കൂടി ഏകദിനത്തില്‍ നേടിയാല്‍ കോലി സച്ചിനെ മറികടക്കും. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമായി കോലി മാറും. ഏകദിനത്തില്‍ ഏറ്റുമധികം സെഞ്ചുറി നേടിയ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്നത് കാണുമ്പോള്‍ അഭിമാനിക്കാത്ത ഭാരതീയരുണ്ടോ? പട്ടികയില്‍ രോഹിത് ശര്‍മയാണ് മൂന്നാമത്. വെറും 277 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 49 സെഞ്ചുറികള്‍ തികച്ചത്. സച്ചിന്‍ 452 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇത്രയും ശതകങ്ങള്‍ നേടിയത്. രോഹിത്തിന്റെ അക്കൗണ്ടില്‍ 251 ഇന്നിങ്‌സുകളില്‍ നിന്ന് 31 സെഞ്ചുറികളുണ്ട്.
പിറന്നാള്‍ ദിനത്തില്‍ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന രസകരമായ സവിശേഷതയും കോലിയുടെ ഈ സെഞ്ചുറിയ്ക്കുണ്ട്. ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ന്യൂസീലന്‍ഡിനെതിരായ പോരാട്ടത്തിലും കോലി സെഞ്ചുറിയ്ക്ക് തൊട്ടരികിലെത്തിയതാണ്. ന്യൂസീലന്‍ഡിനെതിരേ 104 പന്തില്‍ 95 റണ്‍സും ശ്രീലങ്കയ്‌ക്കെതിരേ 94 പന്തില്‍ 88 റണ്‍സും കോലി നേടി. എന്നാല്‍ ഈ രണ്ട് അര്‍ധസെഞ്ചുറികളും സെഞ്ചുറിയാക്കി മാറ്റാന്‍ കോലിയ്ക്ക് സാധിച്ചില്ല. സെഞ്ചുറിയ്ക്കരികില്‍ വിറച്ചുവീഴുന്ന സച്ചിനെ ബാധിച്ച ദുര്‍ഭൂതം കോലിയ്ക്കും പിടിപെട്ടെന്ന് പലരും വിധിയെഴുതി. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് കോലി ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചുറി നേടുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. കോലി നേടിയ 49 ഏകദിന സെഞ്ചുറിയില്‍ 10 എണ്ണവും ശ്രീലങ്കയ്‌ക്കെതിരെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒന്‍പത് സെഞ്ചുറിയും ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ട് സെഞ്ചുറിയും താരം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയും കോലി അഞ്ച് വീതം സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ മൂന്ന് വീതം സെഞ്ചുറികള്‍ നേടി. സിംബാബ്‌വെയ്‌ക്കെതിരേ ഒരു സെഞ്ചുറിയും കുറിച്ചു.
നിലവില്‍ കോലി 289 മത്സരങ്ങളിലെ 277 ഇന്നിങ്‌സുകളില്‍ നിന്നായി 13,526 റണ്‍സ് നേടിയിട്ടുണ്ട്. 183 ആണ് ഉയര്‍ന്ന സ്‌കോര്‍. 58.48 ബാറ്റിങ് ശരാശരിയില്‍ 49 സെഞ്ചുറികള്‍ക്ക് പുറമേ 70 അര്‍ധസെഞ്ചുറികളും താരം നേടി. 1276 ഫോറുകളും 149 സിക്‌സുകളും ഇതുവരെ അടിച്ചുകൂട്ടി. ടെസ്റ്റില്‍ കോലിയ്ക്ക് 29 സെഞ്ചുറികളുണ്ട്. ഒരു സെഞ്ചുറി ട്വന്റി 20യിലും. ഇതോടെ ആകെ സെഞ്ചുറികളുടെ എണ്ണം 79 ആയി ഉയര്‍ന്നു. 100 സെഞ്ചുറികളുള്ള സച്ചിന്‍ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. 2023 ലോകകപ്പില്‍ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ ബംഗ്ലാദേശിനെതിരേ താരം ശതകം കുറിച്ചിരുന്നു. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് കോലി 543 റണ്‍സെടുത്തിട്ടുണ്ട്. 108.60 ആണ് താരത്തിന്റെ ശരാശരി. ഇതാദ്യമായാണ് കോലി ഒരു ലോകകപ്പില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് സെഞ്ചുറിയും നാല് അര്‍ധശതകവും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയില്‍ കോലിയുടെ ഏകദിനത്തിലെ റണ്‍നേട്ടം 6000 റണ്‍സിന് മുകളിലായി. സച്ചിന് ശേഷം ഇന്ത്യയില്‍ 6000 ഏകദിന റണ്‍സ് നേടുന്ന ആദ്യ താരമായും കോലി മാറി.
ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചതിനാല്‍ കോലിയ്ക്ക് മുന്നില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അടുത്ത മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി. സെമിഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങള്‍ ലഭിക്കും. ഇതിലൊന്നിലെങ്കിലും സെഞ്ചുറി നേടിയാല്‍ കോലി സച്ചിന്‍ പൊന്നുപോലെ സൂക്ഷിച്ച ആ റെക്കോഡ് തകര്‍ക്കും. ഈ ലോകകപ്പിലൂടെ തന്നെ താരം റെക്കോഡ് മറികടക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം കരുതുന്നത്. അത്രയും മികച്ച ഫോമിലാണ് കോലി കളിക്കുന്നത്. കോലിയുടെ കരുത്തില്‍ ഇന്ത്യ 2011-ന് ശേഷം ലോകകിരീടത്തില്‍ മുത്തമിടുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി കോലി ഏതറ്റം വരെയും പോകും. ഇത്രയും മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ തടയാന്‍ ആര്‍ക്കാണാകുക!
Content Highlights: Virat Kohli scores 49th ODI century, equals Tendulkar’s record
Published: 05 Nov 2023, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented