
ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിടുക എന്നത് ഏതൊരു ടീമിന്റേയും സ്വപ്നമാണ്. ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ച് ടീമുകള്‍ക്ക് മാത്രമാണ് ലോകകിരീടത്തില്‍ മുത്തമിടാനായിട്ടുള്ളത്. അതില്‍തന്നെ ഒരു മത്സരം പോലും തോല്‍ക്കാതെ ലോകകിരീടം സ്വന്തമാക്കുന്നത് സ്വപ്നസമാനമായ നേട്ടവും. ഒരു മത്സരവും തോല്‍ക്കാതെ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ മൂന്ന് ടീമുകള്‍ മാത്രമേയുള്ളൂ, വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും ഓസ്ട്രേലിയയും. 1975-ലെ പ്രഥമ ലോകകപ്പില്‍ എല്ലാ മത്സരവും വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍, 1979-ലെ രണ്ടാം ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അവര്‍ കിരീടം നിലനിര്‍ത്തിയത്. 1996-ലെ ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ശ്രീലങ്ക കിരീടം ചൂടിയത്. 2003ലും 2007ലും ഓസ്ട്രേലിയ ലോകകീരിടം ചൂടിയത് സമ്പൂര്‍ണ വിജയത്തോടെയായിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് എതിരാളികളേ ഉണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് അവര്‍ കിരീടം ചൂടിയത്. 1979-ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ആധിപത്യം തുടര്‍ന്നെങ്കിലും അന്ന് ഒരു മത്സരത്തില്‍ അവര്‍ ജയിച്ചിരുന്നില്ല. കാരണം ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു.
ശ്രീലങ്ക, ന്യൂസിലന്‍ഡ്, പാകിസ്താന്‍ എന്നിവരേയും ഓസ്‌ട്രേലിയയെ രണ്ടു തവണയും തോല്‍പിച്ചാണ് അന്നവര്‍ കിരീടം ചൂടിയത്. 1996-ലെ ആറാം ലോകകപ്പില്‍ അപരാജിതരായി ശ്രീലങ്ക കിരീടം ചൂടിയെങ്കിലും രണ്ട് മത്സരങ്ങള്‍ കളിക്കാതെ തന്നെ ജയിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയും കളിക്കാന്‍ വിസമ്മതിച്ചതോടെ ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലുള്‍പ്പടെ കളിച്ച 11 മത്സരങ്ങളും വിജയിച്ചാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്. 2007-ലും ഈ നേട്ടം ഓസ്ട്രേലിയ ആവര്‍ത്തിച്ചു. കരീബിയന്‍ ദ്വീപുകളില്‍ നടന്ന ആ ലോകകപ്പിലും 11 മത്സരങ്ങളും വിജയിച്ചാണ് അവര്‍ കിരീടം ചൂടിയത്.
ഈ നേട്ടത്തിലേക്കാണ് ഇന്ത്യ ഇന്ന് നടന്നുകയറിയത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടു തവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും അപരാജിതരായി ആ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇന്ത്യ ആ നേട്ടം സ്വന്തമാക്കുമെന്ന് സ്വപ്നം കാണുകയാണ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പതില്‍ ഒന്‍പത് കളിയും വിജയിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളേയും പരാജയപ്പെടുത്തിക്കഴിഞ്ഞു. ഈ ലോകകപ്പില്‍ ഇതുവരെ പരാജയമറിയാത്ത ഓരേയൊരു ടീമും ഇന്ത്യയാണ്. സെമിഫൈനല്‍-ഫൈനല്‍ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. രണ്ട് മത്സരങ്ങള്‍ക്കപ്പുറം ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പൂര്‍ണവിജയത്തോടെയുള്ള കിരീടനേട്ടമാണ്. ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയ്ക്കും സംഘത്തിനും സെമിയും ഫൈനലും വിജയിച്ച് ആ നേട്ടം സ്വന്തമാക്കാമെന്ന് തന്നെയാണ് ആരാധകര്‍ സ്വപ്നം കാണുന്നത്.
ഇന്ത്യയുടെ അവിസ്മരണീയ കുതിപ്പ്
ലോകകപ്പില്‍ ഇതുവരെയുള്ള ഇന്ത്യയുടെ കുതിപ്പിനെ അവിശ്വസനീയം എന്ന് വേണം വിശേഷിപ്പിക്കാന്‍. പ്രാഥമിക ഘട്ടത്തിലെ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളിലും വിജയം. സെമിഫൈനല്‍ ഉറപ്പാക്കിയ ആദ്യത്തെ ടീം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമായിന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള യാത്ര. ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം. ഓസ്ട്രേലിയ ഉയര്‍ത്തിയ 199 എന്ന ലക്ഷ്യത്തിനെതിരേ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ രണ്ട് റണ്‍സ് മാത്രം. വിരാട് കോലിയും കെ.എല്‍.രാഹുലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതോടെ, ഇന്ത്യന്‍ ഇന്നിങ്സ് കരകയറി. 215 പന്തില്‍ 165 റണ്‍സാണ് സഖ്യം പടുത്തുയര്‍ത്തിയത്. കോലി 85 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍, രാഹുല്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. 41.2 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യംകണ്ടതോടെ ലോകകപ്പിലെ ആദ്യ ജയം ഇന്ത്യയ്ക്ക് സ്വന്തം. സെഞ്ചുറിയുമായി രോഹിത് ശര്‍മ തിളങ്ങിയ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു അഫ്ഗാനിസ്താനെതിരായ ഇന്ത്യന്‍ വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് ഒരുഘട്ടത്തിലും വെല്ലുവിളിയായില്ല.
ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ മൂന്നാം മത്സരത്തില്‍ പാകിസ്താനെതിരെ ആധികാരികമായിരുന്നു ഇന്ത്യന്‍ വിജയം. ജസ്പ്രീത് ബുംമ്രയും രവീന്ദ്ര ജഡേജയും ഒന്നിനൊന്ന് മികച്ചുനിന്നപ്പോള്‍ ഒരുഘട്ടത്തിലും റണ്‍റേറ്റ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന് കഴിഞ്ഞില്ല. 42.5 ഓവറില്‍ 191-ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കോലി തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റന്‍ രോഹിതും ശ്രേയസ് അയ്യരും ചേര്‍ന്ന് 21.3 ഓവറില്‍ സ്‌കോര്‍ 156-ല്‍ എത്തിച്ചു. രോഹിതിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എല്‍.രാഹുലിനൊപ്പം ഏഴ് വിക്കറ്റ് ശേഷിക്കെ ശ്രേയസ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോലി സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച അടുത്ത മത്സരത്തിലും ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷം 41.3 ഓവറില്‍ ഇന്ത്യ മറികടന്നു. മത്സരത്തിനിടെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായി. പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെ ആറ് വര്‍ഷത്തിന് ശേഷം കോലി പന്തെറിയാന്‍ എത്തിയതും ഈ മത്സരത്തിലായിരുന്നു.
അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മുഹമ്മദ് ഷമിയും അര്‍ധസെഞ്ചുറിയുമായി വിരാട് കോലിയും കളംനിറഞ്ഞുകളിച്ച മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തറപറ്റിച്ചത്. ന്യൂസിലന്‍ഡിനെ 273 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, 48 ഓവറില്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഈ ലോകകപ്പില്‍ ആദ്യമായി ബാറ്റിങ് നിര പരീക്ഷിക്കപ്പെട്ട മത്സരമായിരുന്നു ഇത്. ഈ ലോകകപ്പില്‍ കളിക്കാന്‍ അവസരംകിട്ടിയ ആദ്യമത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി തന്നെയായിരുന്നു കളിയിലെ താരം. ആറാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്നു എതിരാളികള്‍. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ മുന്നില്‍ നിന്ന് പൊരുതിയ മത്സരത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 229 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും ബോളര്‍മാരുടെ കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ചെറിയ ലക്ഷ്യം എളുപ്പത്തില്‍ മറികടക്കാമെന്ന വിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129-ന് പുറത്തായി. ഷമി നാല് വിക്കറ്റുമായി തിളങ്ങി.
ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് എതിരേ ഇന്ത്യ കുറിച്ചത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. 50 ഓവറില്‍ എട്ടുവിക്കറ്റിന് 357 റണ്‍സ് അടിച്ചെടുത്ത ടീം ഇന്ത്യ, ശ്രീലങ്കയെ 19.4 ഓവറില്‍ 55-ന് ചുരുട്ടിക്കെട്ടി. രോഹിതിനെ തുടക്കത്തിലേ നഷ്ടപ്പെട്ടുവെങ്കിലും ഗില്ലും കോലിയും ചേര്‍ന്നാണ് സ്‌കോര്‍ മുന്നോട്ട് നയിച്ചത്. ഗില്‍ 92-ലും കോലി 88-ലും പുറത്തായപ്പോള്‍ നാലാം നമ്പറില്‍ ശ്രേയസും ഫോമിലേക്ക് ഉയര്‍ന്നതായിരുന്നു മത്സരത്തിന്റെ മറ്റൊരു സവിശേഷത. അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി കളം നിറഞ്ഞു കളിച്ച മത്സരത്തില്‍ 302 റണ്‍സ് വിജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ളത്. 49-ാം ഏകദിന സെഞ്ചുറിയുമായി വിരാട് കോലിയും അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളംനിറഞ്ഞു കളിച്ച കളിയില്‍ 243 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 83-ന് റണ്‍സിന് ഓള്‍ ഔട്ടായി. കോലിക്ക് പുറമേ ശ്രേയസും രോഹിതും തിളങ്ങിയ മത്സരത്തില്‍ ഷമിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയ്ക്ക് പിന്തുണ നല്‍കി. ഒടുവില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ വമ്പന്‍ സ്‌കോര്‍ ആദ്യം നേടിയശേഷം നെതര്‍ലന്‍ഡ്‌സിനെ എറിഞ്ഞിട്ട് 160 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
പവര്‍ രോഹിത്, കിങ് കോലി
പ്രാഥമിക റൗണ്ടില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്ത്യ അജയ്യരായി മുന്നേറുമ്പോള്‍ മുന്നില്‍നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിന്റെ നട്ടെല്ലായി മാറുന്നത് വിരാട് കോലിയുമാണ്. രോഹിത് ശര്‍മ ഓപ്പണിങ് വിക്കറ്റില്‍ നല്‍കുന്ന അതിവേഗതുടക്കമാണ് പലപ്പോഴും ഇന്ത്യന്‍ ഇന്നിങ്സിന്റെ അടിത്തറയായിമാറിയത്. ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരേയുള്ള മത്സരത്തിലൊഴികെ മറ്റെല്ലാ മത്സരത്തിലും രോഹിത് പ്രതീക്ഷകാത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിലും അതുകണ്ടു. സ്ലോ പിച്ചില്‍ കരുതലോടെയായിരുന്നു രോഹിത്തിന്റെ ബാറ്റിങ്. 24 പന്തുകളില്‍നേടിയ 40 റണ്‍സായിരുന്നു. പിന്നീടുവന്ന വിരാടിനും ശ്രേയസ്സിനും ബാറ്റിങ് അടിത്തറയിട്ടത്. ഈ ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ മാത്രമേ സെഞ്ചുറി നേടാന്‍ സാധിച്ചുള്ളൂ എങ്കിലും ഒന്‍പത് ഇന്നിങ്സുകളിലായി രോഹിത് ഇതുവരെ നേടിയത് 503 റണ്‍സാണ്. ആദ്യ രണ്ട് മത്സരങ്ങളിലിറങ്ങിയ ഇഷാന്‍ കിഷനും തുടര്‍ന്നുവന്ന ശുഭ്മാന്‍ ഗില്ലും പിന്തുണ നല്‍കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ 47 റണ്‍സുമായി രോഹിതിന് മികച്ച പിന്തുണ നല്‍കി. ഗില്ലാവട്ടെ ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.
ആദ്യമത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയാണ് കോലി ഈ ലോകകപ്പില്‍ റണ്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ചെപ്പോക്കില്‍ വെറും രണ്ടുറണ്‍സിന് മൂന്നുവിക്കറ്റ് വീണിട്ടും ജയത്തിലേക്കെത്താനായതിന്റെ ക്രഡിറ്റും കോലിക്കും കെ.എല്‍. രാഹുലിനുമാണ്. രണ്ട് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞു കളിക്കുന്ന കോലി ഈലോകകപ്പില്‍ മാത്രം 80 പിന്നിട്ട ശേഷം മൂന്ന് വട്ടമാണ് പുറത്തായത്. പാകിസ്താനെതിരേയും ഇംഗ്ലണ്ടിനെതിരേയും മാത്രമാണ് കോലി നേരത്തെ കൂടാരം കേറിയത്. ക്യാപ്റ്റന്‍ രോഹിത് നിറംമങ്ങിപ്പോയ മത്സരത്തിലെല്ലാം കോലി ടീമിനെ ചുമലിലേറ്റി. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും കോലിയാണ്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 594 റണ്‍സാണ് താരം അടിച്ചെടുത്തത്. മറുവശത്ത് കോലി വേഗത്തില്‍ മടങ്ങിയ മത്സരങ്ങളില്‍ രോഹിത് കളംനിറഞ്ഞു കളിച്ചു. ഒപ്പം ശ്രേയസ് ആയ്യരും കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയുമുള്‍പ്പെടെയുള്ള മധ്യനിരകൂടി അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഓരോമത്സരത്തിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. രോഹിത്തിനേയും കോലിയേയും പോലെ, ശ്രേയസ് കളിച്ചില്ലെങ്കില്‍ രാഹുലും രാഹുല്‍ നിറം മങ്ങിയാല്‍ ശ്രേയസും ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ടീം ഇന്ത്യയുടെ വാലറ്റം ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.
ബുമ്ര, സിറാജ്, ഷമി ത്രയം
ലോകകപ്പിനിറങ്ങുമ്പോള്‍ ബാറ്റിങ് തകര്‍ച്ചയായിരുന്നു ഇന്ത്യ ഭയപ്പെട്ടത്. ഇതോടെയാണ് ഓള്‍റൗണ്ടര്‍ എന്നപേരില്‍ ശാര്‍ദൂല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷേ, നാല് മത്സലരങ്ങള്‍ക്ക് ശേഷം ഹാര്‍ദ് പാണ്ഡ്യ പരിക്കേറ്റ് പുറത്ത് പോയതോടെയാണ് ഇന്ത്യന്‍ ടീം യഥാര്‍ഥ ശക്തിയിലേക്കുയര്‍ന്നത്. പാണ്ഡ്യ പുറത്തായതോടെ ടീം ഘടനയില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായി. ബോളിങ് നിരയിലേക്ക് മുഹമ്മദ് ഷമികൂടി എത്തിയതോടെ ഇന്ത്യയുടെ ബൗളിങ് ആക്രമണം മാരകമായിമാറി. ന്യൂസിലന്‍ഡിനെതിരായ ഈ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷമി വരവറിയിച്ചത്. ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ശ്രീലങ്കയെക്കെതിരേയും അഞ്ച് വിക്കറ്റ് പ്രകടനം ആവര്‍ത്തിച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ചേര്‍ന്ന പേസ് ത്രയം അതിമാരകമാണ്. ഒപ്പം കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന സ്പിന്‍ ആക്രമണവും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ബോളിങ് നിര ബാറ്റര്‍മാരുടെ പേടിസ്വപ്നമാകുന്നു.
ആദ്യത്തെ അഞ്ച് മത്സരങ്ങളിലും ചെറിയ എതിരാളികളെ ബാറ്റിങ്ങിന് വിട്ട്, അവരെ ചെറിയ സ്‌കോറില്‍ ഒതുക്കി ചെയ്സ് ചെയ്യുകയായിരുന്നു ഇന്ത്യ. 199, 272, 191, 256, 273 എന്നിങ്ങനെയാണ് ഓസ്ട്രേലിയ, അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവരുടെ ഇന്ത്യക്ക് എതിരേയുള്ള സ്‌കോറുകള്‍. ഇംഗ്ലണ്ടിനെതിരേ 229, ശ്രീലങ്കയ്ക്കെതിരേ 357, ദക്ഷിണാഫ്രിക്കയ്ക്കെതിരേ 326 എന്നിങ്ങനെയായിരുന്നു ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍. ഇംഗ്ലണ്ട് 129-നും ശ്രീലങ്ക 55-നും, ദക്ഷിണാഫ്രിക്ക 83-നും ഓള്‍ ഔട്ടാകുകയും ചെയ്തു. ഇന്ത്യയുടെ ഒരു മത്സരവും നൂറ് ഓവര്‍ തികച്ചിട്ടില്ല. ഒരു മത്സരത്തിലും ടീം ഓള്‍ ഔട്ട് ആയിട്ടുമില്ല. ഇന്ത്യക്കെതിരേ 200 കടന്നത് മൂന്നു ടീമുകള്‍മാത്രം. ഇന്ത്യക്കെതിരേ 50 ഓവര്‍ തികച്ച് ബാറ്റുചെയ്തവര്‍ അഫ്ഗാനിസ്താനും ബംഗ്ലാദേശും ന്യൂസീലന്‍ഡും മാത്രമാണ്. ഇന്ത്യക്കെതിരേ ഓള്‍ ഔട്ട് ആകാതിരുന്നതും അഫ്ഗാനിസ്താനും ബംഗ്ലാദേശും മാത്രമാണ്. ഓസ്ട്രേലിയ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരെല്ലാം ഇന്ത്യക്കെതിരേ ഓള്‍ ഔട്ടായി. ഒന്‍പത് കളികളിലായി ഇന്ത്യ വീഴ്ത്തിയത് എതിരാളികളുടെ 86 വിക്കറ്റുകളാണ്. ബോളിങ്ങിനൊപ്പം ഫീല്‍ഡിങിലും മോശമല്ലാത്ത പ്രകടനമാണ് ഈ ലോകകപ്പിലെ മറ്റൊരു സവിശേഷത.
ലക്ഷ്യം സമ്പൂര്‍ണവിജയത്തോടെ കിരീടം
ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായ ഒരേയൊരു ടീമാണ് ഇന്ത്യ. ബാക്കി എട്ടുടീമും പരാജയത്തിന്റെ രുചിയറിഞ്ഞിരിക്കുന്നു. അതില്‍ ഇന്ത്യയോട് അതിദയനീയമായി പരാജയപ്പെട്ടത് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാണ്. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയാകട്ടെ ഞെട്ടിക്കുന്നതായിരുന്നു. എട്ടില്‍ അഞ്ചുമത്സരങ്ങളിലും മുന്നൂറിനുമീതെ സ്‌കോര്‍ചെയ്ത ടീം, ഇന്ത്യയോട് 83-ന് ഓള്‍ ഔട്ടായി. എതിരാളികളെ ഓരോരുത്തരെയായി ചുരുട്ടിക്കെട്ടിയ ഇന്ത്യയ്ക്ക് സെമിയില്‍ എതിരാളികള്‍ ന്യൂസീലന്‍ഡ് ആണ്. രണ്ട് മത്സരങ്ങള്‍ക്കപ്പുറം ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പൂര്‍ണ വിജയത്തോടെയുള്ള കിരീടനേട്ടമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ അത്തരമൊരു നേട്ടത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ ആഗ്രഹിക്കുന്നുമില്ല. ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയ്ക്കും സംഘത്തിനും സെമിയും ഫൈനലും വിജയിച്ച് ആ നേട്ടം സ്വന്തമാക്കാമെന്ന് തന്നെയണ് ആരാധകര്‍ സ്വപ്നം കാണുന്നത്. നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രോഹിതും സംഘവും കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആധാകരുടെ വിശ്വാസം. അതിനായുള്ള കാത്തിരിപ്പിലാണ് അവര്‍.
Content Highlights: nine consecutive wins for indian cricket team in 2023 cricket world cup
Published: 12 Nov 2023, 10:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented