തനിക്ക് നേരെ ഉയര്‍ന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്തത്ര അനായാസതയോടെ അതിര്‍ത്തികടത്തുന്നൊരു വൈഭവമുണ്ടയാള്‍ക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയര്‍ന്നു പൊന്തിയാല്‍ അയാള്‍ അതിര്‍ത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാള്‍ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയര്‍ന്നുവന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നില്‍ക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം. ഷോട്ട്‌ബോള്‍ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിര്‍ത്തികടത്തിയിട്ടുണ്ട് ആ പയ്യന്‍. ഇന്ന് ആ 23-കാരന്‍ ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ച നായകനാണ്. പക്ഷേ കിരീടത്തില്‍ മുത്തമിടാനായില്ല. 2003-ന്റെ ആവര്‍ത്തനമെന്നപോലെ ഓസീസിനോട് വീണ്ടും തോറ്റു. എങ്കിലും അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തലയുയര്‍ത്തി തന്നെയാണ് രോഹിത്തും സംഘവും മടങ്ങുന്നത്. ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരിലെത്തിച്ച നായകന്‍മാരുടെ പട്ടികയില്‍ രോഹിത് ശര്‍മയുടെ പേരും ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞു.
കപില്‍ ദേവും മഹേന്ദ്ര സിങ് ധോനിയുമാണ് നേരത്തേ ലോകകിരീടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ നായകന്‍മാര്‍. 1983-ല്‍ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോള്‍ കപില്‍ ദേവാണ് നായകന്‍. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. പിന്നെ ആ കാത്തിരിപ്പിന് അവസാനമാകുന്നത് 2011-ലാണ്. എന്നാല്‍ 2003-ല്‍ സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ നീലപ്പട കപ്പിനടുത്തെത്തി. പക്ഷേ കലാശപ്പോരില്‍ ഓസീസിനോട് കാലിടറി. 2011-ലെത്തുമ്പോഴേക്കും ഇന്ത്യയുടെ കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരന്‍ അവരോധിക്കപ്പെട്ടിരുന്നു. ഇതിഹാസത്തിന്റെ പൂര്‍ണതയ്ക്കായി സച്ചിന്‍ ലോകകിരീടം തേടിയ സമയം. അന്ന് ആ കാത്തിരിപ്പിന് കൂടിയാണ് ധോനി അറുതിവരുത്തിയത്.
ഫൈനലില്‍ പരാജയപ്പെട്ട് മടങ്ങുമ്പോഴും 12-വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഭൂതകാലം മനസില്‍ മിന്നിമറഞ്ഞിട്ടുണ്ടാകണം. അന്ന് 2011-ലോകകപ്പ് ടീമിലിടം നേടാന്‍ രോഹിത്തിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ നിന്ന് തഴയപ്പെട്ടു. അന്നാ രാത്രി ആ 23-കാരന്‍ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ മൂര്‍ധന്യത്തില്‍ രോഹിത് ഇങ്ങനെ എക്‌സില്‍ കുറിച്ചിട്ടു.
'ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടാനാകാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തില്‍ ഇത് വലിയ തിരിച്ചടിയാണ്.'
രോഹിത് അവസാനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവന്റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. കളിമൈതാനങ്ങളിലെന്നപോലെ അമ്പരപ്പിക്കുന്ന ഒരുയിര്‍ത്തെഴുന്നേല്‍പ്പ്. ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിഞ്ഞാണ് പിന്നീടയാള്‍ മൈതാനത്തിറങ്ങിയതെന്ന് പറയാം. കളിയോടുള്ള സമീപനം തന്നെ മാറി. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവര്‍ത്തനം. മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത പതിറ്റാണ്ടുകള്‍. ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റ് ചരിത്രം തന്നെ മാറിമറഞ്ഞു.
2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുള്‍പ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങള്‍, മുംബൈ ഇന്ത്യന്‍സിനായി പലവട്ടം കപ്പുയര്‍ത്തിയ നായകന്‍ അങ്ങനെ പലകുറി രോഹിത് ശര്‍മ ചരിത്രങ്ങള്‍ പിന്നേയും തിരുത്തിയെഴുതി. ഒടുക്കം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വരെ തേടിയെത്തി. ആ കഥയുടെ തുടര്‍ച്ചയാണ് 2023 ലോകകപ്പില്‍ കണ്ടത്.
മുന്നില്‍ നിന്ന് നയിച്ചിറങ്ങിയ രോഹിത്തിനെയാണ് ലോകകപ്പില്‍ കാണാനായത്. ആദ്യ പന്തുമുതല്‍ തന്നെ അടിച്ചുകളിക്കുക. പവര്‍പ്ലേയില്‍ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുക. രോഹിത്തിന്റെ നയം വ്യക്തമായിരുന്നു. പല മത്സരങ്ങളിലും രോഹിത്ത് നല്‍കിയ ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് ഊര്‍ജമായത്. രോഹിത് തുടങ്ങിവെച്ചത് കോലിയും അയ്യരും രാഹുലുമൊക്കെ ചേര്‍ന്ന് പൂര്‍ത്തിയാക്കുന്ന കാഴ്ച. ബാറ്റിങ്ങില്‍ മാത്രമല്ല നായകനെന്ന നിലയില്‍ കൃത്യമായ തീരുമാനമെടുക്കുന്നതിലും മിടുക്കുകാട്ടി. ബോളര്‍മാരെ മാറ്റി പരീക്ഷിച്ച് ടീമിന് ബ്രേക്ക് ത്രൂ സമ്മാനിക്കുന്ന വൈഭവം. നിര്‍ണായക ഘട്ടങ്ങളിലുള്ള ഫീല്‍ഡിങ് മാറ്റം. രോഹിത്തെന്ന നായകനെ ആഴത്തിലറിഞ്ഞതായിരുന്നു 2023 ലോകകപ്പ്.
ഇതിന് മുമ്പ് ഇന്ത്യ കലാശപ്പോരിലെത്തുന്നത് 2011-ലാണ്. രോഹിത്തിന് ഇടം കിട്ടാതായ ആ ടീമിനെ മഹേന്ദ്രസിങ് ധോനി കൊണ്ടുപോയത് ചരിത്രത്തിലേക്ക് കൂടിയാണ്. 28-വര്‍ഷത്തെ ഒരു ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കിയ നായകന്‍. ധോനിയ്ക്ക് കീഴില്‍ ഇന്ത്യ രണ്ടാം ലോകകപ്പില്‍ മുത്തമിട്ടു. ശ്രീലങ്കയുമായുള്ള അന്നത്തെ കലാശപ്പോര് ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. അവസാനം നുവാന്‍ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തികടത്തിയ നായകന്‍ ധോനിയുടെ വിജയനിമിഷങ്ങള്‍. ആ സിക്‌സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം അന്നോളം ഇന്ത്യയുടെ കായികചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല. ഒരു ഘട്ടത്തില്‍ തകര്‍ച്ചയെ നേരിട്ട ടീമിനെ ഗംഭീറും ധോനിയും ചേര്‍ന്നാണ് രക്ഷിച്ചെടുക്കുന്നത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും നായകന്‍ ധോനി തന്നെയായിരുന്നു.
ടൂര്‍ണമെന്റില്‍ മിന്നും ഫോമിലൊന്നും അല്ലായിരുന്നെങ്കിലും ഫൈനലിലുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുത്ത് ടീമിനെ രക്ഷിക്കാന്‍ അയാളുണ്ടായിരുന്നു. എല്ലായിപ്പോഴും അതങ്ങനെയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി ധോനി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പ്, 2011-ഏകദിനലോകകപ്പും ഉയര്‍ത്തിയ ധോനി പിന്നാലെ ഇന്ത്യയ്ക്കായി 2013-ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. എത് പ്രതിസന്ധിഘട്ടത്തിലായാലും ജയം പൊരുതി നേടുകയെന്നതാണ് ധോനിയുടെ രീതി. മൈതാനത്ത് അയാളുള്ളത് തന്നെ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയില്‍ ഇന്ത്യ മുന്നേറിയ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്.
ധോനിയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് പുതുവഴി വെട്ടിയ നായകന്‍ ദാദയായിരുന്നു. വാതുവെപ്പ് വിവാദങ്ങള്‍ ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ച 2000-ല്‍ ടീമിനെ നയിക്കാനുള്ള ദൗത്യം ഗാംഗുലിയ്ക്കായിരുന്നു. സച്ചിന്‍ പോലും നേതൃത്വത്തില്‍ വരാന്‍ മടിച്ച കാലം. ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൊല്‍ക്കത്തയുടെ രാജകുമാരനിറങ്ങി. ആരേയും ഭയക്കാതെ ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച നായകന്‍. ആരാധകര്‍ക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യന്‍ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമായിരുന്നു വലുത്. തന്റെ കീഴില്‍ കളിക്കുന്ന 10-കളിക്കാരേയും ഒരു ലക്ഷ്യത്തിനായി പോരാടാന്‍ അയാള്‍ ശീലിപ്പിച്ചു. അവര്‍ക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നല്‍കി. അങ്ങനെ അയാള്‍ ഉയര്‍ത്തി കൊണ്ടുവന്ന ആ ടീം 2003-ലോകകപ്പിന്റെ കലാശപ്പോരിലുമെത്തി. പക്ഷേ ഓസീസിനോട് തോല്‍ക്കാനായിരുന്നു വിധി.
ഇന്ത്യ ആദ്യ ലോകകിരീടം നേടിയ ചരിത്രത്തിന് പിന്നേയും 20-വര്‍ഷം പിന്നോട്ട് പോകണം. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമര്‍ഷനങ്ങള്‍ക്കുിം കളിയാക്കലുകള്‍ക്കും നടുവിലൂടെയാണ് അന്നാ പതിനൊന്നുപേര്‍ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാന്‍ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകര്‍ക്ക് പോലും തോന്നിയിരുന്നില്ല. എന്നാല്‍ കപിലും സംഘവും പുതുചരിത്രമെഴുതി.
ഗ്രൂപ്പില്‍ വിന്‍ഡീസിനേയും സിംബാബ്വേയും തകര്‍ത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തില്‍ വിന്‍ഡീസിനോടുമേറ്റ തോല്‍വികള്‍ തിരിച്ചടിയായി. അതോടെ നോക്കൗട്ട് സാധ്യതകള്‍ക്കും മങ്ങലേറ്റു. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ സിംബാബ്വേയായിരുന്നു എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകര്‍ച്ച നേരിട്ടു. മുന്‍നിര ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയപ്പോള്‍ 17-5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എല്ലാ പ്രതീക്ഷയും അവസാനിച്ച നിമിഷം. പ്രതിസന്ധികളിലാണ് യഥാര്‍ഥനായകന്‍മാര്‍ ജനിക്കുന്നതെന്ന് പറയാറുണ്ട്. അതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു പിന്നീടുള്ള കപിലിന്റെ പ്രകടനം. നായകന്റെ ഐതിഹാസിക ഇന്നിങ്‌സിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. അപരാജിത 175 റണ്‍സുമായി കപില്‍ ഇന്ത്യന്‍ സ്‌കോര്‍ 266-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയെ എറിഞ്ഞിട്ട് ഇന്ത്യ മുന്നേറി. ഫൈനലില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ വിന്‍ഡീസായിരുന്നു എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്‌സ് ബ്രേക്കില്‍ എല്ലാവരേയും കൂട്ടിവിളിച്ച് കപില്‍ ഇങ്ങനെ പറഞ്ഞു.
'അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ച് കളിക്കുക. ഓര്‍ക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്'
ഈ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ടീം മൈതാനത്ത് വിന്‍ഡീസിനെ ഞെട്ടിച്ചു. മികച്ച തുടക്കം നല്‍കിയെങ്കിലും വിവ് റിച്ചാര്‍ഡ്‌സ് ക്രീസിലുള്ളത് അവര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ നായകന്റെ മറ്റൊരു സുന്ദരമുഹൂര്‍ത്തത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മദന്‍ ലാലിന്റെ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച റിച്ചാര്‍ഡ്‌സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ്‌വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി. പലരും ബൗണ്ടറിയെന്ന് ഉറപ്പിച്ചു. കപില്‍ ദേവും യശ്പാല്‍ ശര്‍മയും ഓടി. എന്നാല്‍ പിന്നീട് യശ്പാല്‍ ശര്‍മ പിന്‍വാങ്ങി. കപില്‍ 18-മീറ്ററോളം ഓടി അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലാക്കി. അതോടെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടു. ജയത്തോടെ ഇന്ത്യ പ്രഥമ ലോകകിരീടത്തില്‍ മുത്തമിട്ടു.
ഈ കഥയിലെ അവസാനത്തെ നായകന്റെ പേരാണ് രോഹിത് ശര്‍മ. വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയും ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും കണ്ട കിവീസിനെതിരായ സെമി മത്സരത്തിന് ശേഷം മുന്‍ ഇംഗ്ലണ്ട് താരം നാസ്സര്‍ ഹുസൈന്‍ ഇങ്ങനെ പറഞ്ഞു.
'കോലിയെക്കുറിച്ചും ശ്രേയസ് അയ്യരെക്കുറിച്ചും ഷമിയെക്കുറിച്ചുമൊക്കെ ആയിരിക്കും നാളത്തെ തലക്കെട്ട്. പക്ഷേ ഈ ഇന്ത്യന്‍ നിരയുടെ യഥാര്‍ഥ ഹീറോ, ഇന്ത്യന്‍ ശൈലിയെ മാറ്റിമറിച്ച മനുഷ്യന്‍ രോഹിത് ശര്‍മയാണ്.'
കിരീടം നേടാനായില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവര്‍ന്നാണ് രോഹിത് ശര്‍മ മടങ്ങുന്നത്. തലയുയര്‍ത്തി തന്നെ.
Content Highlights: indian cricket team captains performance in wrld cup
Published: 19 Nov 2023, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented