ഒരേയൊരു ജയം കൂടി, മൂന്നാം ലോകകിരീടം. ടീം ഇന്ത്യയും രാജ്യവും ആ സ്വപ്നനിമിഷത്തിനായി കാത്തിരിക്കുന്നു. ഇതുവരെ എല്ലാം ഓകെ. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്വല ഫോമില്‍. പത്തില്‍ പത്തും ജയിച്ചുള്ള അപരാജിതക്കുതിപ്പ്. ഫൈനല്‍ ഒട്ടും എളുപ്പമാവില്ല. പ്രഫഷണലിസവും ഫീല്‍ഡിങ് മികവും തീതുപ്പുന്ന പേസര്‍മാരുമുള്ള ഓസീസാണ് എതിരാളി. വിലകുറച്ചുകാണണ്ട. സെമിയില്‍ ന്യൂസിലന്‍ഡിനോട് 2019 ലെ കണക്ക് വീട്ടിയാണ് സെമി കടന്നത്. കങ്കാരുക്കളോട് വീട്ടാനുള്ളത് 20 വര്‍ഷം മുമ്പത്തെ കണക്കാണ്. 2003 ഫൈനലിലെ കണ്ണീരിന് പകരം ചോദിക്കാന്‍ ഇതിലും മികച്ച അവസരം വേറെയില്ല. ലീഗ് റൗണ്ടില്‍ ഓസീസിനെ തകര്‍ത്ത ആത്മവിശ്വാസം ഇന്ത്യക്ക് കരുത്താണ്. പക്ഷേ തുടക്കത്തില്‍ ഞെട്ടിയ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന മാക്സ് വെല്‍ അടക്കമുള്ളവരുണ്ട്. ഷമിയും സിറാജും ബുംറയും കുല്‍ദീപും ചേര്‍ന്ന് വാര്‍ണറേയും ഹെഡ്ഡിനേയും സ്മിത്തിനേയും ലംബുഷെയ്നേയും മാര്‍ഷിനേയും പിടിച്ചുകെട്ടുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. കോലിയും രോഹിത്തും ഗില്ലും രാഹുലും അയ്യരും മതി നമുക്ക് സ്റ്റാര്‍ക്കും ഹേസല്‍വുഡും കമിന്‍സും സാംപയും ഒന്നും പ്രശ്നമല്ലെന്ന് തെളിയിക്കാന്‍.
സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ആധികാരികമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതും തുടര്‍ച്ചായി 10 മത്സരങ്ങളില്‍ ഉശിരന്‍ വിജയം നേടിക്കൊണ്ട്. ഈ ലോകകപ്പില്‍ അപരാജിതക്കുതിപ്പ് നടത്തിയ ഏകടീമും രോഹിത്തും സംഘവുമാണ്. 1983-ലെയും 2011-ലെയും കിരീടനേട്ടം ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ഓസീസ് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ലോകകപ്പിന് മുന്നോടിയായി നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യയെ പിടിച്ചുലച്ചെങ്കിലും ഈ വലിയ മാമാങ്കവേദിയിലേക്കെത്തിയപ്പോള്‍ ഇന്ത്യ ഒരേ മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തോടെ പോരാടി. മധ്യനിരയിലെ ആശങ്കകളെ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും അടിച്ചുപരത്തി ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും കൊടുങ്കാറ്റായി. മൂന്നാമനായി ഇറങ്ങിയ സൂപ്പര്‍ താരം വിരാട് കോലി സെഞ്ചുറികളും അര്‍ധസെഞ്ചുറികളുമായി റെക്കോഡ് നേട്ടത്തോടെ ടീമിന് ഉജ്വല വിജയങ്ങള്‍ സമ്മാനിച്ചു. സ്പിന്‍ ബൗളര്‍മാരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് പേസര്‍മാരുടെ കരുത്തില്‍ ഫൈനല്‍ വരെയെത്തിയിരിക്കുന്നു. മുഹമ്മദ് ഷമിയെന്ന പോരാളിയുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ എതിരാളികള്‍ മുട്ടുമടങ്ങി. ബുംറയും സിറാജും മികച്ച പിന്തുണ നല്‍കി. കുല്‍ദീപും ജഡേജയും എതിരാളികളെ കറക്കിവീഴ്ത്തി. ഈ ഫോം തുടര്‍ന്നാല്‍ സംശയം വേണ്ട ലോകകപ്പ് കിരീടം ഇന്ത്യയുടെ ഷെല്‍ഫിലെത്തും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍ ഗില്‍ ഡങ്കിപ്പനി മൂലം കളിച്ചിരുന്നില്ല. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് പക്ഷെ കിട്ടിയ തിരിച്ചടി ചെറുതായിരുന്നില്ല. വെറും രണ്ട് റണ്‍സിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. എങ്ങും ഓസീസ് ചിരി. പക്ഷേ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച കോലിയും രാഹുലും ക്ഷമയോടെ ബാറ്റുവീശി. ഇരുവരുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ആഴം വ്യക്തമായ മത്സരമായിരുന്നു അത്. പിന്നാലെ നടന്ന മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് അഫ്ഗാനിസ്താനെ തകര്‍ത്തു. രോഹിത്തിന്റെ സെഞ്ചുറിയായിരുന്നു പ്രധാന ഹൈലൈറ്റ്. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനായിരുന്നു എതിരാളികള്‍. പക്ഷേ കടലാസില്‍ ശക്തരായ പാകിസ്താനെ നിലംതൊടാനനുവദിക്കാതെ ഇന്ത്യ തകര്‍ത്തു. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ പാക് ബൗളിങ് നിര ശിഥിലമായി. ഏഴുവിക്കറ്റിനാണ് ഇന്ത്യ പാക് പടയെ തുരത്തിയത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ മത്സരത്തിലൂടെ പനി മാറി ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇതോടെ ഇഷാന്‍ കിഷന് പകരം ഗില്‍ ഓപ്പണറായി വന്നു.
നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെയും ഇന്ത്യ അനായാസം മറികടന്നു. സൂപ്പര്‍താരം വിരാട് കോലി സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയം ഏഴുവിക്കറ്റിനായിരുന്നു. എന്നാല്‍ ഈ മത്സരത്തിനുശേഷം ഇന്ത്യയ്ക്ക് വലിയൊരു തിരിച്ചടി കിട്ടി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായി. ഇതോടെ ടീമിന്റെ ബാലന്‍സ് തെറ്റി. പക്ഷേ ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍ ബി ഏവരും കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഓള്‍റൗണ്ടറിന് പകരം മറ്റൊരു ഓള്‍റൗണ്ടറെ കൊണ്ടുവരുന്നതിന് പകരം പരിശീലകന്‍ ദ്രാവിഡ് ഒരു ബാറ്ററെയും ഒരു ബൗളറെയും കൊണ്ടുവന്ന് ടീമിന്റെ ബലം ഇരട്ടിപ്പിച്ചു. ഹാര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ ടീമിലുണ്ടായിരുന്ന മറ്റൊരു ഓള്‍റൗണ്ടറായിരുന്ന ശാര്‍ദൂല്‍ ഠാക്കൂറിനെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കി. ശാര്‍ദുലിന്റെ ഫോം ടീമിന് വലിയൊരു തിരിച്ചടിയായിരുന്നു. ആ പിഴവ് ടീം നികത്തി. ബൗളിങ്ങില്‍ മുഹമ്മദ് ഷമിയെയും ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവിനെയും പരീക്ഷിച്ചു. ഇതോടെ ഇന്ത്യന്‍ ടീം ശരിക്കും വിജയ ഇലവനെ കണ്ടെത്തുകയായിരുന്നു. ഇതോടെ ടീമിന്റെ ശക്തി പതിന്മടങ്ങായി വര്‍ധിച്ചു. ഷമിയുടെ വരവ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയ ശക്തി ചെറുതല്ല. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേടിക്കൊണ്ട് വരവറിയിച്ച ഷമി ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. ഷമിയുടെ വരവില്‍ ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് ലോകനിലവാരത്തിലേക്കുയര്‍ന്നു. പിന്നാലെ ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെയും തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സെമിയിലെത്തി. അതില്‍ ഇംഗ്ലണ്ടിനെ 129 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ ശ്രീലങ്കയെ വെറും 55 റണ്‍സിനും പേരുകേട്ട ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിനും ചുരുട്ടിക്കൂട്ടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി സെഞ്ചുറി നേടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ചുറികളുടെ റെക്കോഡിനൊപ്പമെത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതക്കുതിപ്പ് നടത്തിയ ഇന്ത്യയെ സെമിയില്‍ കാത്തിരുന്നത് ന്യൂസീലന്‍ഡായിരുന്നു. 2019 ലോകകപ്പ് സെമിയിലേറ്റ തോല്‍വിയ്ക്ക് കണക്കുതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ രോഹിത്തും സംഘവും കിവീസിനെതിരേ ബാറ്റിങ് തുടങ്ങി. ബാറ്റര്‍മാര്‍ ആറാടിയ മത്സരത്തില്‍ ഇന്ത്യ അടിച്ചെടുത്തത് നാലുവിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. ഏകദിനത്തില്‍ 50-ാം സെഞ്ചുറി നേടി മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തില്‍ ചരിത്രം കുറിച്ച കോലിയുടെയും ശതകം നേടിയ ശ്രേയസ് അയ്യരുടെയും പ്രകടനത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ സെഞ്ചുറിയോടെ കോലി സച്ചിന്റെ റെക്കോഡ് തകര്‍ത്ത് ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി മാറി. ഒരു ലോകകപ്പില്‍ ഏറ്റവുമധികം തവണ 50 ന് മേല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. ഇത്ര വലിയ സ്‌കോര്‍ നേടിയിട്ടും പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയെ വിറപ്പിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു. ഒരുഘട്ടത്തില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ പിടിച്ച് കൂട്ടിലടച്ചത് മുഹമ്മദ് ഷമിയുടെ അത്ഭുത പ്രകടനമാണ്. താരം 57 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്തപ്പോള്‍ കിവീസിന്റെ പോരാട്ടം 327 റണ്‍സിലൊതുങ്ങി. ഇന്ത്യയ്ക്ക് 70 റണ്‍സിന്റെ വിജയം. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഷമി കുറിച്ചത്. ഈ വിജയത്തോടെ ഇന്ത്യ ആധികാരികമായി ഫൈനലിലെത്തി.
ഫൈനല്‍ വരെയുള്ള താരങ്ങളുടെ പ്രകടനം ഒന്നുപരിശോധിക്കാം. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ റണ്‍സെടുത്ത താരം വിരാട് കോലിയാണ്. 10 മത്സരങ്ങളില്‍ നിന്ന് 101.57 ശരാശരിയില്‍ 711 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 10 മത്സരങ്ങളില്‍ നിന്ന് രോഹിത് ശര്‍മ 550 റണ്‍സും ശ്രേയസ് അയ്യര്‍ 526 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാംസ്ഥാനം കോലി ഉറപ്പാക്കിയിട്ടുണ്ട്. ബൗളര്‍മാരില്‍ മുഹമ്മദ് ഷമി വെറും ആറ് മത്സരങ്ങളില്‍ നിന്നായി 23 വിക്കറ്റുകള്‍ വീഴ്ത്തി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ബുംറയുടെ അക്കൗണ്ടില്‍ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുണ്ട്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനവും ബൗളിങ് ആവറേജും ഷമിയുടേതാണ്. മികച്ച ബാറ്റിങ് ആവറേജ് കോലിയ്ക്ക് സ്വന്തം. കോലി ഇതിനോടകം അഞ്ചുഅര്‍ധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും നേടിക്കഴിഞ്ഞു.
ഇനിയൊരു വിജയം ഒരേയൊരു വിജയം മാത്രമകലെ കിരീടം ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. മൂന്ന് തവണയാണ് ഇന്ത്യ ഇതുവരെ ഫൈനലിലെത്തിയത്. അതില്‍ 1983-ലും 2011-ലും കിരീടം നേടി. 2003-ല്‍ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. ആ കനത്തതോല്‍വിയ്ക്ക് പകരം ചോദിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. സെമിയില്‍ ന്യൂസീലന്‍ഡിനോട് കണക്കുതീര്‍ത്തു, ഫൈനലില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടുമോ? ഈ ഫോം തുടര്‍ന്നാല്‍ ഒരുകാര്യമുറപ്പാണ് അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി കിരീടമുയര്‍ത്തും. കപിലിനും ധോനിയ്ക്കും പിന്നാലെ രോഹിത്തും ഇന്ത്യയുടെ ഇതിഹാസ നായകനായി മാറും.
Content Highlights: india road to the final of icc cricket world cup 2023
Published: 18 Nov 2023, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented