ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലെ വാതുവെപ്പ് സംഘങ്ങള്‍ക്ക് ചാകരക്കാലം. ലോകകപ്പിലെ 48 മത്സരങ്ങള്‍ക്കിടെ വാതുവെപ്പ് വിപണിയില്‍ ഒഴുകുക കോടിക്കണക്കിന് രൂപയാണ്. ന്യൂഡല്‍ഹി, മുംബൈ, ലഖ്‌നൗ, വാരാണസി, മംഗളൂരു, ഗോവ തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളിലും ചെറുതും വലുതുമായ വാതുവെപ്പ് സംഘങ്ങള്‍ സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) അവസരമാക്കി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന വാതുവെപ്പ് സംഘങ്ങളാണ് ലോകകപ്പിനിടെ കൊയ്ത്തുനടത്തുന്നത്.

To advertise here,

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, കാന്‍പുര്‍ എന്നീ നഗരങ്ങളില്‍മാത്രം ഈ ലോകകപ്പിന് 250 കോടിയിലേറെ രൂപ വാതുവെപ്പ് വിപണിയില്‍ ഒഴുകുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രിയം ഇന്ത്യ

ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതുകൊണ്ടുതന്നെ വാതുവെപ്പ് സംഘങ്ങളുടെ പ്രിയ ടീം ഇന്ത്യയാണ്. കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതും കൂടുതല്‍ പണമൊഴുകുന്നതും ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ്. ഇതില്‍ത്തന്നെ ഇന്ത്യ-പാകിസ്താന്‍ മത്സരമായിരുന്നു മുന്നില്‍. അത്രത്തോളമില്ലെങ്കിലും ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ ടീമുകളുടെ മത്സരങ്ങള്‍ക്കും യഥേഷ്ടം വാതുവെപ്പ് നടക്കുന്നുണ്ട്.

വാതുവെപ്പിനും ആപ്പ്

ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളുമൊരുക്കിയാണ് വാതുവെപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. ഇവയുടെ വിലാസങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിക്കും. 5000 മുതലുള്ള തുക നിക്ഷേപിച്ച് വാതുവെപ്പില്‍ പങ്കെടുക്കാവുന്ന ആപ്പുകളുണ്ട്. '20 ശതമാനം തുക നിര്‍ബന്ധമായും തിരിച്ചുനല്‍കും' തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നവരുമുണ്ട്.

തെക്കന്‍ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റുചെയ്ത വാതുവെപ്പ് സംഘങ്ങള്‍ സ്വന്തം സോഫ്റ്റ്വേര്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നതും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതും തമ്മില്‍ അല്പം സമയവ്യത്യാസമുണ്ട്. ഇതാണ് അവര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. വാതുവെപ്പ് സംഘത്തിന്റെ ഒരു പ്രതിനിധി സ്റ്റേഡിയത്തിലുണ്ടാകും. ഓരോ പന്തിനെയും കുറിച്ച് ഇവര്‍ അപ്പപ്പോള്‍ പുറത്തുള്ള പ്രതിനിധിക്ക് ഇലക്ട്രോണിക് ഉപകരണം വഴി വിവരം നല്‍കിക്കൊണ്ടിരിക്കും. ഓരോ മത്സരത്തിലും ഈ സംഘം അഞ്ചുമുതല്‍ ഏഴുലക്ഷംവരെ രൂപ ലാഭമുണ്ടാക്കിയിരുന്നതായി കണ്ടെത്തിയിരുന്നു.

പിടിക്കാന്‍ പോലീസ്

ലോകകപ്പിലെ വാതുവെപ്പ് സംഘങ്ങളെ തടയാന്‍ സംസ്ഥാനങ്ങളിലെ പോലീസ് കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നേരത്തേ വാതുവെപ്പ് കേസുകള്‍ പിടിച്ച മുംബൈ, ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘങ്ങളുമായി സംസ്ഥാന പോലീസ് ബന്ധപ്പെടുന്നുണ്ട്.

കര്‍ണാടകയിലെ ധാര്‍വാഡില്‍നിന്ന് കഴിഞ്ഞദിവസം വാതുവെപ്പ് സംഘങ്ങളില്‍പ്പെട്ട 19 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരില്‍നിന്ന് 53,650 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തെക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. വലിയ വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുള്ളവരാണിവര്‍. മംഗളൂരുവില്‍നിന്ന് അടുത്തിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത മൂന്നുപേരില്‍നിന്ന് 31,000 രൂപയും നാല് മൊബൈല്‍ഫോണും പിടിച്ചെടുത്തിരുന്നു.