ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകളിലൂടെയുള്ള ചൂതാട്ടത്തിന് പിഴചുമത്താനും ഈ ബില്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. 

To advertise here,

ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. കര്‍ശന ശിക്ഷാവ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ഓണ്‍ലൈന്‍ ഗെയിമിങ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. വിദേശ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും നികുതിവലയ്ക്ക് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമായതോ ആയ സൈറ്റുകള്‍ തടയാന്‍ ഏജന്‍സികള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.

ഭാരതീയ ന്യായസംഹിത പ്രകാരം അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വാതുവെപ്പും ചൂതാട്ടവും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ വരുന്നതിനാല്‍ ഇവയ്ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.