ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. റംസാന്‍ കാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു.  

To advertise here,

വ്രതമെടുക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. ആരോഗ്യവാനായ ഒരു സ്ത്രീയോ പുരുഷനോ അത് ചെയ്യാതിരിക്കുന്നുവെങ്കില്‍ അവര്‍ വലിയ കുറ്റക്കാരാണ്. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ്താരമായ മുഹമ്മദ് ഷമി മത്സരത്തിനിടയില്‍ വെള്ളം കുടിച്ചു, എ.എന്‍.ഐ പുറത്തുവിട്ട വീഡിയോയില്‍ റസ്വി പറയുന്നു.

ആളുകള്‍ അദ്ദേഹത്തെ കാണുകയാണ്. അദ്ദേഹം കളിക്കുന്നതിനര്‍ഥം ആരോഗ്യവാനാണെന്നാണ്. ആ സാഹചര്യത്തില്‍ വ്രതം അനുഷ്ടിക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും റസ്വി കൂട്ടിച്ചേര്‍ത്തു. വ്രതമെടുക്കാതെ ഷമി കുറ്റം ചെയ്തുവെന്നും ഇതിന് ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

സെമിയില്‍ ഓസീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പത്തോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത ഷമി മൂന്ന് വിക്കറ്റെടുത്തിരുന്നു. ഞായറാഴ്ചയാണ് കിവീസിനെതിരായ ഫൈനല്‍.