ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടൂര്‍ണമെന്റ് മത്സരക്രമത്തിനെതിരേ വിമര്‍ശനവുമായി ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. സെമി ഫൈനലിന് മുമ്പ് ദുബായില്‍ പോയി തിരിച്ചുമടങ്ങേണ്ടി വന്നത് ശരിയായില്ലെന്ന് മില്ലര്‍ പറഞ്ഞു. ബുധനാഴ്ച കിവീസിനെതിരായ സെമി പരാജയത്തിന് ശേഷമാണ് മില്ലര്‍ തുറന്നടിച്ചത്. മത്സരത്തില്‍ താരം സെഞ്ചുറി തികച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായിരുന്നില്ല.. 

To advertise here,

ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റിന്റെ യാത്രയായിരുന്നുവെങ്കിലും അത് ചെയ്യേണ്ടിവന്നത് ശരിയായ കാര്യമായിരുന്നില്ലെന്ന് മില്ലര്‍ പറഞ്ഞു. ഇം​ഗ്ലണ്ടിനെതിരായ മത്സരശേഷം ഞങ്ങള്‍ക്ക് ദുബായിലേക്ക് പുറപ്പെടേണ്ടി വന്നു. അവിടെ വൈകുന്നേരം നാല് മണിക്കാണ് എത്തുന്നത്. രാത്രി 7.30 ന് പാകിസ്താനിലേക്ക് തിരിച്ചുമടങ്ങേണ്ടിയും വന്നു. ഇത് ശരിയായിരുന്നില്ല. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്തുവെന്നോ മത്സരത്തിന് മുമ്പ് ക്ഷീണം മാറ്റാന്‍ സമയം കിട്ടിയില്ലെന്നോ അല്ല മറിച്ച് ആ സാഹചര്യം ശരിയായിരുന്നില്ല. - മില്ലര്‍ പറഞ്ഞു.

ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. അതോടെയാണ് സെമി കളിക്കാനായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറന്നത്. കിവീസിനെ തോൽപ്പിച്ച് ഇന്ത്യ ​ഗ്രൂപ്പ് ജേതാക്കളായതോടെ ഇന്ത്യ-ഓസീസ് സെമി പോരാട്ടം വന്നു. ദക്ഷിണാഫ്രിക്ക പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യ ഒരേ വേദിയില്‍ മത്സരങ്ങള്‍ കളിക്കുന്നത് ടീമിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഈ വാദവുമായി മുൻ താരങ്ങളടക്കം നേരത്തേ രം​ഗത്തെത്തിയിരുന്നു. 

അതേസമയം 360 റണ്‍സ് ചേസ് ചെയ്യുകയെന്നത് എളുപ്പമായിരുന്നില്ലെന്നും ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് പിന്തുണയ്ക്കുന്നതെന്നും മില്ലര്‍ തുറന്നുപറഞ്ഞു. സെമിയിൽ കിവീസിനെതിരേ  സെഞ്ചുറി തികച്ച ഡേവിഡ് മില്ലറാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. 67 പന്തുകള്‍ നേരിട്ട മില്ലര്‍ നാല് സിക്‌സും 10 ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു. പക്ഷേ ഈ ഇന്നിങ്‌സ് അവരുടെ തോല്‍വിഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ.