റാവല്‍പിണ്ടി: മഴ കാരണം ചൊവ്വാഴ്ചത്തെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചിരുന്നു. ടോസ് ഇടാന്‍ പോലും കഴിയാത്ത വിധം രാവിലെ മുതല്‍ മഴ തുടര്‍ന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഓസ്‌ട്രേലിയ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനോടും ആധികാരികമായി ജയിച്ചാണ് വന്നത്. നെറ്റ് റണ്‍ റേറ്റിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നിലെന്നതിനാല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് മൂന്നും അഫ്ഗാനിസ്താന്‍ നാലും സ്ഥാനത്താണ്. 

To advertise here,

അതേസമയം ഇന്നത്തെ മത്സരം മഴയില്‍ കലാശിച്ചത് ഒരുപക്ഷേ, ഇംഗ്ലണ്ടിന് ഭാഗ്യമായി ഭവിച്ചേക്കാം. ഇന്ന് ഏതെങ്കിലും ഒരു ടീം ജയിക്കുന്ന പക്ഷം ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള സാധ്യത വളരെ നേര്‍ത്തതായേനെ. പക്ഷേ, ഇരു ടീമും ഓരോ പോയിന്റ് മാത്രം നേടിയതിനാല്‍ ഇംഗ്ലണ്ടിന് അടുത്ത രണ്ട് കളിയും ജയിക്കുന്ന പക്ഷം സെമിയിലെത്താം. അതായത് ഇനി ഗ്രൂപ്പിലെ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കേണ്ടെന്നര്‍ഥം. 

നിലവില്‍ രണ്ട് കളിയില്‍നിന്ന് മൂന്ന് പോയിന്റാണ് പ്രോട്ടീസിനും ഓസീസിനും. ആദ്യമത്സരം തോറ്റ ഇംഗ്ലണ്ടും അഫ്ഗാനിസ്താനും പട്ടികയില്‍ താഴെയാണ്. ഇംഗ്ലണ്ടിന് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കി. ഒന്ന് നാളെ (ബുധനാഴ്ച) അഫ്ഗാനിസ്താനെതിരെയും മറ്റൊന്ന് ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും. ഇതു രണ്ടും ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഉറപ്പ്. അതേസമയം ഈ രണ്ടില്‍ ഏതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴിതെളിയും. ഇതേ സാധ്യത അഫ്ഗാനിസ്താനുമുണ്ട്. നാളെ ഇംഗ്ലണ്ടിനെതിരെയും തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയും ജയിച്ചാല്‍ അഫ്ഗാനിസ്താന് സെമി ഉറപ്പിക്കാം. 

ഇന്നത്തെ മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി. ജയിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാലുപോയിന്റ്. ഓസ്‌ട്രേലിയക്ക് ഇനി നേരിടാനുള്ളത് അഫ്ഗാനിസ്താനെ. അതില്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ അവര്‍ക്കും നാലുപോയിന്റ്. അഫ്ഗാനിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിനും നാലുപോയിന്റ്. അങ്ങനെ വന്നാല്‍ നാല് പോയിന്റുള്ള മൂന്ന് ടീമുകളുണ്ടാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് പരിഗണിക്കും. നിലവിലെ അവസ്ഥവെച്ച് ഇംഗ്ലണ്ട് നെറ്റ് റണ്‍റേറ്റില്‍ പിറകിലാണ്. സ്വാഭാവികമായും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിയില്‍ കടക്കും. 

ഇനി ഓസ്‌ട്രേലിയയാണ് ജയിച്ചതെങ്കില്‍, അടുത്ത കളിയില്‍ അഫ്ഗാനിസ്താനെക്കൂടി തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ആറുപോയിന്റ്. ഇംഗ്ലണ്ട് നാളെ അഫ്ഗാനിസ്താനെതിരേ തോറ്റാലും തുടര്‍ന്നുള്ള കളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചാല്‍ സാധ്യതയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ രണ്ട് ടീമിനും രണ്ട് പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് ഘടകമാകുമായിരുന്നു.