റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി-യിലെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. രാവിലെ മുതൽ തുടരുന്ന മഴകാരണം ഒരു പന്തുപോലും എറിയാനായില്ല. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന് ഉച്ചയ്ക്ക് രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴ മണിക്കൂറുകളോളം തടസ്സം സൃഷ്ടിക്കുകയായിരുന്നു. 2.30-നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 

To advertise here,

20 ഓവർ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് വീതം പോയിന്റോടെ ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്.  

ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ബുധനാഴ്ച പരസ്പരം ഏറ്റുമുട്ടും. ഇതിൽ തോൽക്കുന്ന ടീം പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്കൊപ്പം ടൂർണമെന്റിന് പുറത്തേക്ക് വഴികാണും. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടും അഫ്ഗാനിസ്താൻ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. 

ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഓസ്‌ട്രേലിയ എത്തിയത്. അഫ്ഗാനിസ്താനെ 107 റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.