ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസജയം സമ്മാനിച്ചത്. അതേസമയം മത്സരം പരാജയപ്പെട്ടെങ്കിലും പാക് ബൗളര്‍മാരില്‍ അബ്രാര്‍ അഹമ്മദിന്റെ പ്രകടനം വേറിട്ടുനിന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അബ്രാര്‍ ഒരു വിക്കറ്റെടുത്തു. ഈ വിക്കറ്റാകട്ടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് അബ്രാര്‍ വീഴ്ത്തിയത്. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി. അബ്രാറിന്റെ കാരംബോളിന് ഗില്ലിന് മറുപടിയുണ്ടായില്ല. 52 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ വിക്കറ്റെടുത്ത ശേഷം പാക് ബൗളര്‍ നടത്തിയ ആഘോഷം ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചു.
ഗാലറിയിലേക്ക് മടങ്ങൂ എന്ന അര്‍ഥത്തിലുള്ള ആംഗ്യപ്രകടനമാണ് താരം നടത്തിയത്. അതും രണ്ട് കൈയ്യും കെട്ടികൊണ്ട്. ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വൈറലായി. ബാബറിന്റെ വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കുള്ള മറുപടിയെന്നോണമാണ് അബ്രാര്‍ ഇത്തരത്തില്‍ വിക്കറ്റ്നേട്ടം ആഘോഷിച്ചതെന്നാണ് പാക് ആരാധകരുടെ പക്ഷം.
എന്നാല്‍ മത്സരത്തില്‍ പാകിസ്താന് തോറ്റതോടെ ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു. അബ്രാറിന്റെ ചിത്രം വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു. ഇനി ബാഗ് പാക്ക് ചെയ്തു മടങ്ങിക്കോളൂ എന്ന് പറഞ്ഞ് സാമൂഹികമാധ്യമങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്കി. രാജകുമാരനെ ട്രോളുമ്പോള്‍ രാജാവിനെ മറന്നുപോയോ എന്നും കമന്റുകളെത്തി.
ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും ആതിഥേയരായ പാകിസ്താന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല. ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും പാകിസ്താന്റെ സാധ്യതകള്‍. തിങ്കളാഴ്ച കിവീസ് ബംഗ്ലാദേശിനെ കീഴടക്കിയാല്‍ പാകിസ്താന് പുറത്താകും.
Content Highlights: Abrar Ahmed gets trolled celebration against india
Published: 24 Feb 2025, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented