കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ സ്വന്തം ടീമുകള്‍ക്ക് അത്ര നല്ല സമയമല്ല. ആദ്യ മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബിനെതിരേ ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ശ്രീനിഥി ഡെക്കാനോട് തോറ്റു. ഗോകുലം കേരളയാകട്ടെ ആദ്യ മത്സരത്തില്‍ തന്നെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനോട് കനത്ത തോല്‍വി വഴങ്ങി. ഇതോടെ ഇരു ടീമുകളുടെയും സെമി സാധ്യത തുലാസിലായി.

To advertise here,

രണ്ടുതവണ തുടരെ ഐ ലീഗ് കിരീടം നേടി ചരിത്രംകുറിച്ച ടീമാണ് ഗോകുലം. ഇത്തവണ മൂന്നാംസ്ഥാനവും നേടി. വെള്ളിയാഴ്ച എഫ്‌സി ഗോവയെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നേരിടുമ്പോള്‍ ഗോകുലത്തെ ജയത്തില്‍ കുറഞ്ഞൊന്നും രക്ഷിക്കില്ല. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്യും. മോഹന്‍ ബഗാന്റെ ആക്രമണ നിരയ്‌ക്കെതിരേ ഗോകുലത്തിന്റെ പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. സുഭാങ്കര്‍ അധികാരി, മുഹമ്മദ് ജാസിം, അമിനോ ബോബ, അബ്ദുള്‍ ഹക്കു എന്നിവരടങ്ങിയ പ്രതിരോധ നിരയ്ക്ക് മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല.

മുന്നേറ്റ നിരയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സൗരവും നൗഫലും ഗോവയ്‌ക്കെതിരേ മികവിലേക്ക് ഉയരേണ്ടതുണ്ട്. സെര്‍ജിയോ മെന്‍ഡിക്കും മുന്നേറ്റത്തില്‍ കൃത്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

ജംഷേദ്പുരിനെതിരേ ആദ്യ മത്സരം തോറ്റെങ്കിലും മികച്ച പ്രകടനം തന്നെയാണ് ഗോവ പുറത്തെടുത്തത്. പലപ്പോഴും ആക്രമണം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗോവന്‍ ടീം ഗോളുകള്‍ വഴങ്ങിയത്. എഡു ബേഡിയയും നോവ സദോയിയും അടങ്ങുന്ന ഗോവന്‍ നിരയെ പിടിച്ചുകെട്ടാന്‍ ഗോകുലം നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. മധ്യനിരയിലൂടെയും വിങ്ങുകളിലൂടെയും ഒരുപോലെ വേഗത്തില്‍ മുന്നേറുന്ന സദോയിയെ നേരിടാന്‍ കൃത്യമായ ഗെയിം പ്ലാന്‍ ഗോകുലം നടപ്പാക്കേണ്ടതുണ്ട്.