പാരീസ്: മധ്യനിരയിലെ എന്‍ജിനുകളായ പോള്‍ പോഗ്ബയും എന്‍ഗോളെ കാന്റെയും പരിക്കുകാരണം ലോകകപ്പ് ഫുട്ബോളില്‍ പുറത്തായതോടെ ഫ്രാന്‍സ് നേരിടുന്നത് കടുത്ത പ്രതിസന്ധി. കഴിഞ്ഞ ലോകകപ്പ് വിജയത്തില്‍ ടീമിന്റെ ജയത്തില്‍ വലിയ പങ്കുവഹിച്ച താരങ്ങളായിരുന്നു ഇരുവരും.
മധ്യനിര ഭരിച്ചുകളിക്കുന്നവരാണ് കാന്റെയും പോഗ്ബയും. ശൂന്യതയില്‍നിന്ന് ഗോള്‍മണമുള്ള ആക്രമണങ്ങള്‍ സൃഷ്ടിക്കാനും എതിരാളിയുടെ കടുത്ത ആക്രമണത്തെയും തടഞ്ഞുനിര്‍ത്താനും കഴിവുള്ളവര്‍. ഒരുപോലെ ബോക്‌സ് ടു ബോക്‌സ് കളിക്കാന്‍ ശേഷിയുള്ളവര്‍. പോഗ്ബയും കാന്റെയും പുറത്തായതോടെ ഫ്രാന്‍സിന്റെ മധ്യനിര ശരാശരി മാത്രമാകും.
പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന് യുവതാരങ്ങളെ വെച്ചുണ്ടാക്കുന്ന മധ്യനിരയുടെ ശക്തി കണ്ടറിയണം. പോഗ്ബയും കാന്റെയുമില്ലാതെ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഫ്രാന്‍സിന് നേടാനായത്. മൂന്ന് കളികളില്‍ ടീം തോറ്റു. ഫ്രാന്‍സ് അവസാനം കളിച്ച മത്സരത്തില്‍ റയല്‍ മഡ്രിഡ് താരങ്ങളായ എഡ്വാര്‍ഡോ കാമവിന്‍ഗ, ഔര്‍ലിയന്‍ ചൗവാമെനി എന്നിവരെയാണ് കളിപ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരായ ഈ മത്സരത്തില്‍ ടീം തോറ്റു. യുവതാരങ്ങളെ ആദ്യ ഇലവനില്‍ പരീക്ഷിച്ച് ആക്രമിച്ചുകളിക്കാന്‍ കഴിയുന്ന മധ്യനിരയുടെ ഇടതും വലതും കളിപ്പിക്കാനാണ് സാധ്യത. ഡെന്മാര്‍ക്കിനെതിരേ ഫെര്‍ലാന്‍ഡ് മെന്‍ഡിയും ബെഞ്ചമിന്‍ പാവാര്‍ഡുമാണ് ഈ പൊസിഷനുകളില്‍ കളിച്ചത്.
കരീം ബെന്‍സമ - കൈലിയന്‍ എംബാപ്പെ എന്നിവരെ മുന്നേറ്റത്തിലിറക്കി തൊട്ടുതാഴെ അന്റോയിന്‍ ഗ്രീസ്മാനെ കളിപ്പിക്കുന്ന 3-4-1-2 ശൈലിയിലാണ് ദെഷാംപ്സ് കൂടുതലും കളിക്കാറ്. ഈ ഫോര്‍മേഷന്‍ ആണെങ്കില്‍ കാമവിന്‍ഗ-ചൗവാമെനി സഖ്യം തന്നെയാകും സെന്‍ട്രല്‍/ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍. പോഗ്ബയുടെയും കാന്റേയുടെയും പരിചയസമ്പത്തും ഭാവനയും ഗെയിം റീഡ് ചെയ്യാനുള്ള കഴിവും യുവതാരങ്ങള്‍ക്കില്ലെന്നതാണ് ദെഷാംപ്സിനെ കുഴക്കുന്നത്. യുവന്റസിന്റെ അഡ്രിയാന്‍ റാബിയോട്ട്, മാഴ്സയുടെ ദിമിത്രി പയെറ്റ്, മാറ്റിയോ ഗ്യൂന്‍ഡോസി, അത്ലറ്റിക്കോ മഡ്രിഡിന്റെ തോമസ് ലെഹര്‍ തുടങ്ങിയ മധ്യനിരക്കാര്‍ സാധ്യതാടീമിലുണ്ട്.
Content Highlights: France without Paul Pogba and N Golo Kante at World Cup
Published: 03 Nov 2022, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented